1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 2, 2018

സ്വന്തം ലേഖകന്‍: അന്യ മനുഷ്യരെ കണ്ടാല്‍ അമ്പെയ്യുന്ന ആന്‍ഡമാര്‍ ഗോത്രവര്‍ഗക്കാര്‍ സ്വീകരിച്ചത് ഒരു സ്ത്രീയെ മാത്രം; സെന്റിനല്‍ നിവാസികള്‍ക്ക് തേങ്ങ കൊടുത്ത് സ്‌നേഹം വാങ്ങിയ നരവംശ ശാസ്ത്രജ്ഞ മധുമാലയുടെ ധീരതയുടെ കഥ. 1991 ലാണ് മധുമാല ചത്രോപാധ്യായ എന്ന യുവതി ഇന്ത്യന്‍ ഉപദ്വീപില്‍ നിന്നും 1200 കിലോമീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലിലുള്ള സെന്റിനല്‍ ദ്വീപിലെത്തുന്നത്. സെന്റിനല്‍സുമായുള്ള ആദ്യത്തേയും അവസാനത്തേതുമായ സൗഹൃദ ഇടപെടല്‍ ആയിരുന്നു അതെന്ന് ചരിത്രരേഖകള്‍ പറയുന്നു.

സെന്റിനല്‍സുമായി സൗഹൃദം സ്ഥാപിക്കാനുള്ള പര്യവേഷണത്തിലെ ആദ്യത്തെ വനിതാ അംഗമാണ് മധുമാല. ആ ദൗത്യം ഏറ്റെടുത്ത ധീരയായ നരവംശ ശാസ്ത്രജ്ഞയായ മധുമാലയുടെ കഥ ദ പ്രിന്റ് എന്ന മാധ്യമമാണു പുറത്തുവിട്ടത്. ആന്ത്രപ്പോളജി സര്‍വേ ഓഫ് ഇന്ത്യയില്‍ ആദ്യം റിസര്‍ച്ച് ഫെല്ലോ ആയും പിന്നീട് റിസര്‍ച്ച് അസോസിയേറ്റ് ആയും മധുമാല പ്രവര്‍ത്തിച്ചു. പിന്നീട് 6 വര്‍ഷം ആന്‍ഡമാനിലെ ഗോത്രവിഭാഗങ്ങളെപ്പറ്റി ഗവേഷണം.

അതിനിടെ ആന്‍ഡമാനിലെ തന്നെ ജറവ ഗോത്രവര്‍ഗവുമായി സൗഹൃദത്തിലാവുകയും ചെയ്തു മധുമാല. അവരുടെ ട്രൈബ്‌സ് ഓഫ് കാര്‍ നിക്കോബാര്‍ എന്ന പുസ്തകത്തില്‍ ഇക്കാര്യങ്ങള്‍ വിശദമാക്കുന്നു. ആന്‍ഡമാനിലെ ഒരു മനുഷ്യന്‍ പോലും മോശമായി പെരുമാറിയിട്ടില്ലെന്നു മധുമാല പറയുന്നു. പതിമൂന്നംഗ സംഘത്തിനൊപ്പമാണ് മധുമാല ആദ്യമായി സെന്റിനെല്‍ ദ്വീപിലെത്തുന്നത്. ദ്വീപിലേക്കടുക്കുന്ന ബോട്ടുകളെയും മനുഷ്യരെയും കണ്ടതോടെ മരക്കൂട്ടങ്ങള്‍ക്കിടയില്‍ പതുങ്ങിയിരുന്ന നിവാസികള്‍ അമ്പും വില്ലുമായി മുന്നോട്ടുവന്നു.

ഉടന്‍ മധുമാലയും സംഘവും കൈവശമുണ്ടായിരുന്ന തേങ്ങകള്‍ വെള്ളത്തിലേക്കെറിഞ്ഞു. ആദ്യം പകച്ചുനിന്നെങ്കിലും അവര്‍ മെല്ലെ വെള്ളത്തിലേക്കിറങ്ങി ഒഴുകിനടന്ന തേങ്ങകള്‍ പെറുക്കിയെടുക്കാന്‍ തുടങ്ങി. പുരുഷന്മാരാണു വെള്ളത്തിലേക്കിറങ്ങി വന്നത്. സ്ത്രീകളും കുഞ്ഞുങ്ങളും കരയില്‍ത്തന്നെ നില്‍ക്കുകയായിരുന്നു. കൂടുതല്‍ തേങ്ങകള്‍ കൊണ്ടുവരാന്‍ സംഘം കപ്പലിലേക്കു മടങ്ങി.

തിരിച്ചെത്തിയ ഇവരെ ‘നാരിയാലി ജാബ ജാബ’ എന്ന ശബ്ദത്തോടെ നിവാസികള്‍ സ്വീകരിച്ചെന്നു മധുമാല പറയുന്നു. ഇനിയും തേങ്ങകള്‍ വേണമെന്നാണ് അവര്‍ വിളിച്ചുപറഞ്ഞതെന്നു മധുമാല പുസ്തകത്തില്‍ പറയുന്നു. ധൈര്യം സംഭരിച്ച നിവാസികള്‍ മധുമാലയുടെ ബോട്ടിനടുത്തേക്ക് എത്തി. അവരിലൊരാള്‍ ബോട്ടില്‍ തൊട്ടുനോക്കി. പിന്നാലെ കൂടുതല്‍ പേരെത്തി. തീരത്തുണ്ടായിരുന്ന ചിലര്‍ അമ്പെയ്യാന്‍ ശ്രമിച്ചപ്പോള്‍ കൂട്ടത്തിലെ സ്ത്രീകള്‍ തടഞ്ഞു.

ശേഷമാണു മധുമാലയും സംഘവും വെള്ളത്തിലേക്കിറങ്ങാന്‍ തീരുമാനിച്ചത്. പിന്നീട് തേങ്ങകള്‍ വെള്ളത്തിലൊഴുക്കുന്നതിന് പകരം നിവാസികളുടെ കൈകളിലേക്കു തന്നെ നല്‍കി. മധുമാലയുടെ സാന്നിധ്യമാകാം നിവാസികള്‍ക്കു ധൈര്യം നല്‍കിയത്. അതിനു ശേഷവും മധുമാല മറ്റൊരു സംഘത്തിനൊപ്പം ദ്വീപ് സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴും അവര്‍ അമ്പെയ്തില്ല, തേങ്ങകള്‍ സ്വീകരിക്കാന്‍ ബോട്ടിനുള്ളില്‍ വരെയെത്തുകയും ചെയ്തു. എന്നാല്‍, പിന്നീട് സന്ദര്‍ശകര്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.