1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 12, 2017

സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്ക് വോട്ടവകാശം, ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാനുള്ള ബില്ലിന്റെ കരട് തയാറായിട്ടുണ്ടെന്നും പകരക്കാരനെ വോട്ട് ചെയ്യാന്‍ ചുമതലപ്പെടുത്തുന്ന മുക്ത്യാര്‍ വോട്ട് നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇലക്‌ട്രോണിക് വോട്ട് ആണോ മുക്ത്യാര്‍ വോട്ടാണോ നല്‍കേണ്ടത് എന്ന കാര്യത്തില്‍ ഇതുവരെയുണ്ടായിരുന്ന അവ്യക്തതക്ക് ഇതോടെ അവസാനമായി.

നിലവിലുള്ള നിയമത്തില്‍ മുക്ത്യാര്‍ വോട്ടിന് വകുപ്പുണ്ടെന്നും അതില്‍ പ്രവാസികളെക്കൂടി ഉള്‍പ്പെടുത്തി ഭേദഗതി വരുത്തേണ്ട ആവശ്യം മാത്രമേ ഉള്ളൂവെന്നും കേന്ദ്രസര്‍ക്കാറിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ നാഥ്കര്‍ണി ബോധിപ്പിച്ചു. മുക്ത്യാര്‍ വോട്ടിന് പകരം ഇലക്‌ട്രോണിക് വോട്ട് ആക്കുന്നതിനുള്ള ശ്രമം തുടരുമെന്നും അത് പഠിക്കാന്‍ നിയോഗിച്ച സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന മുറക്ക് തുടര്‍ നടപടിയെടുക്കുമെന്നും കേന്ദ്രം ബോധിപ്പിച്ചു.

ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് വോട്ടവകാശം ലഭിക്കുകയെന്നത്. ഇതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം നല്‍കുന്ന സൂചന. നേരത്തെ പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കുന്നതിനായി മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയിരുന്നു. പ്രവാസി വോട്ടവകാശം സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സുപ്രീംകോടതി പന്ത്രണ്ട് ആഴ്ച സമയം അനുവദിച്ചിട്ടുണ്ട്.

ലണ്ടനിലെ പ്രവാസി ഭാരത് ചെയര്‍മാന്‍ നാഗേന്ദര്‍ ചിന്ദം, യുഎഇയിലെ ഡോ. വി.പി ഷംഷീര്‍ എന്നിവരാണ് പ്രവാസി വോട്ടവകാശം തേടി സുപ്രീംകോടതിയെ സമീപിച്ചത്. പ്രവാസികള്‍ക്ക് വോട്ടവകാശം അനുവദിക്കുന്നതിന് തയ്യാറാണെന്ന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാരും നടപടികള്‍ വേഗത്തിലാക്കിയത്. പ്രവാസി വോട്ടവകാശം യാഥാര്‍ത്ഥ്യമാക്കുന്നതിനായി 1951ലെ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യേണ്ടതുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.