1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 23, 2017

സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധിയില്‍ മലക്കം മറിഞ്ഞ് അമേരിക്ക, ഖത്തറിനെ ഒറ്റപ്പെടുത്തിയതിന് സൗദിക്കും യുഎഇക്കും രൂക്ഷ വിമര്‍ശനം. ഖത്തറിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്താനുള്ള കാരണം എന്താണെന്നാണ് സൗദി, യുഎഇ രാജ്യങ്ങളോട് ആരാഞ്ഞ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഖത്തറിന് മേല്‍ ഉപരോധമേര്‍പ്പെടുത്തിയതിന്റെ കാരണങ്ങള്‍ പുറത്തുവിടാത്തതു ഗള്‍ഫ് രാജ്യങ്ങളെ ഒന്നാകെ നിഗൂഢമാക്കി എന്നും ആരോപിച്ചു. ഖത്തര്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്ന ആരോപണമാണോ, ഗള്‍ഫ് കൂട്ടായ്മയായ ജിസിസിയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന തര്‍ക്കമാണോ ഉപരോധത്തിന്റെ കാരണമെന്ന് വ്യക്തമാക്കണമെന്നും യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഹീതര്‍ ന്യൂവര്‍ട്ട് ആവശ്യപ്പെട്ടു.

സമയം കൂടുതല്‍ പിന്നിടുന്തോറും സൗദി, യുഎഇ രാജ്യങ്ങളുടെ നീക്കത്തിലെ ദുരൂഹത വര്‍ധിക്കുകയാണ്. എത്രയുംവേഗം പ്രശ്‌നം തീര്‍ക്കണമെന്നും ന്യൂവര്‍ട്ട് പറഞ്ഞു. സൗദി അറേബ്യ, യുഎഇ, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ യുഎസിന്റെ സുപ്രധാന പങ്കാളികളാണ്.
ഖത്തര്‍ ഉപരോധത്തെ തുടര്‍ന്നു ഗള്‍ഫ് മേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ യുഎസ് ശ്രമം തുടരുന്നതിന്റെ ഭാഗമാണു പരസ്യ വിമര്‍ശനമെന്നാണു റിപ്പോര്‍ട്ടുകള്‍. അതേസമയം, ഖത്തറിനെതിരായ പരാതികളുടെ വിശദമായ പട്ടിക തയാറാക്കി വരികയാണെന്നു സൗദി അറിയിച്ചു.

സൗദി, ബഹ്‌റൈന്‍, യുഎഇ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ സംയുക്തമായാണു പട്ടിക തയാറാക്കുന്നതെന്നു സൗദി വിദേശകാര്യമന്ത്രി ആദെല്‍ അല്‍ ജുബൈര്‍ പറഞ്ഞു. ഖത്തര്‍ ആവശ്യങ്ങളോടു പ്രതികരിക്കുകയും ഭീകരവാദത്തിനുള്ള സഹായം അവസാനിപ്പിക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ ഖത്തര്‍, സൗദി, ബഹ്‌റൈന്‍, യുഎഇ എന്നീ രാജ്യങ്ങളിലെ ഭരണാധികാരികളുമായി ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. അതേസമയം ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങള്‍ ഇതുവരെയും ആവശ്യങ്ങളൊന്നും മുന്നോട്ട് വെച്ചിട്ടില്ലെന്നും ഉപരോധം പിന്‍വലിക്കാതെ സമവായ ചര്‍ച്ചയില്ലെന്നുമാണ് ഖത്തര്‍ നിലപാട്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.