1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 22, 2017

സ്വന്തം ലേഖകന്‍: സൗദി കമ്പനി ഭീമനായ സൗദി ഓജര്‍ ഓര്‍മയാകുന്നു, പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് കമ്പനി അധികൃതര്‍. കരാര്‍ തൊഴില്‍ രംഗത്തെ ഭീമനായ സൗദി ഓജറിന്റെ പ്രവര്‍ത്തനം ജൂലൈ 31ന് അവസാനിപ്പിക്കുമെന്ന് ജീവനക്കാര്‍ക്ക് നല്‍കിയ പിരിച്ചുവിടല്‍ നോട്ടീസില്‍ കമ്പനി വ്യക്തമാക്കി.മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് വിദേശ തൊഴിലാളികള്‍ ഇതോടെ പുതിയ തൊഴില്‍ കണ്ടെത്താനുള്ള പരക്കം പാച്ചിലിലാണ്.

എണ്ണ വിപണിയില്‍ വില തകര്‍ച്ച ആരംഭിച്ചതോടെയാണ് സൗദി ഓജര്‍ കമ്പനിയില്‍ പ്രതിസന്ധി തുടങ്ങിയത്. 58,000 തൊഴിലാളികളുണ്ടായിരുന്ന കമ്പനിയില്‍ 23 ശതമാനവും സ്വദേശികളായിരുന്നു. ശമ്പളം മുടങ്ങിയതോടെ കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ 31,000 ജീവനക്കാര്‍ തൊഴില്‍ മന്ത്രാലയത്തില്‍ പരാതി നല്കി. മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ഇന്ത്യക്കാര്‍ സൗദി ഓജറില്‍ ജോലി ചെയ്യുന്നുണ്ട്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 250 മലയാളികള്‍ ജോലി ഉപേക്ഷിച്ച് മടങ്ങി. ശമ്പളം, സേവനാനന്തര ആനുകൂല്യം എന്നിവ ലഭിക്കാനുളളവര്‍ ഇന്ത്യന്‍ എംബസിയില്‍ ഓതറൈസേഷന്‍ നല്‍കിയാണ് മടങ്ങിയത്. 3,800 വിദേശ തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മറ്റ് സ്വകാര്യ സ്ഥാപനങ്ങളിലേക്ക് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം മാറ്റി. തൊഴിലാളികള്‍ക്ക് സൗദി ഓജറില്‍ നിന്ന് ലഭിക്കാനുള്ള മുഴുവന്‍ അവകാശങ്ങളും നേടിയെടുക്കാന്‍ കമ്പനിക്കെതിരെ തൊഴില്‍ മന്ത്രാലയത്തിന്റെ ചെലവില്‍ കേസ് നടത്തുന്നതിന് അഭിഭാഷകരെ നിയോഗിച്ചിട്ടുണ്ട്.

ഇതിനിടെ 200 ഫ്രഞ്ച് ഉദ്യോഗസ്ഥരെ മടക്കി അയക്കണമെന്ന് ഫ്രാന്‍സ് നേരത്തെ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. 8700 ഫിലിപ്പീന്‍സ് തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കുന്നതിന് ഫിലിപ്പൈന്‍സ് എംബസിയും ഇടപെട്ടിരുന്നു. 1978 ല്‍ ആരംഭിച്ച കമ്പനി കണ്‍സ്ട്രക്ഷന്‍, എഞ്ചിനീയറിംഗ്, റിയല്‍ എസ്‌റ്റേറ്റ് ഡവലപ്‌മെന്റ്, ഐ.ടി, പ്രിന്റിംഗ് തുടങ്ങിയ വിവിധ വിഭാഗങ്ങളായാണ് പ്രവര്‍ത്തിച്ചിരുന്നത്. സൗദിയിലെ 9 നഗരങ്ങളിലും ഇന്ത്യ ഉള്‍പ്പെടെ 11 രാജ്യങ്ങളിലും സൗദി ഓജറിന്റെ സാന്നിധ്യമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.