1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 15, 2016

സ്വന്തം ലേഖകന്‍: ദക്ഷിണ ചൈനാ കടല്‍ തര്‍ക്കം പുകയുന്നതിനിടെ മേഖലയില്‍ റഷ്യ, ചൈന സംയുക്ത സൈനികാഭ്യാസം. ദക്ഷിണ ചൈനാ കടലിലെ അമേരിക്കന്‍ സാന്നിധ്യത്തിന് മറുപടിയെന്നോണമാണ് മേഖലയില്‍ റഷ്യയും ചൈനയും എട്ടു ദിവസം നീണ്ടുനില്‍ക്കുന്ന സംയുക്ത നാവികാഭ്യാസം നടത്തുന്നത്. ദക്ഷിണ ചൈനാ കടലില്‍ ചൈനയുടെ അവകാശവാദത്തെ അമേരിക്കയും ജപ്പാനും ശക്തമായി എതിര്‍ത്തിരുന്നു. ഇരു രാജ്യങ്ങളും സംയുക്ത സൈനിക നീക്കങ്ങള്‍ നടത്തുകയും ചെയ്തു.

റഷ്യയും ചൈനയും സംയുക്തമായി നടത്തുന്ന ചരിത്രത്തിലെ ഏറ്റവും വലിയ നാവിക അഭ്യാസമാണിതെന്നു ചൈനീവ് നാവികസേന വക്താവ് ലിയാംഗ് യാന്‍ഗ് പറഞ്ഞു. അതേസമയം, തര്‍ക്കം നിലനില്‍ക്കുന്ന സ്പ്രാറ്റ്‌ലി ദ്വീപസമൂഹ പ്രദേശത്ത് റഷ്യ, ചൈനീസ് നാവികസേന കടക്കുമോയെന്നതു സംബന്ധിച്ച് കൃത്യമായ വിവരം നല്‍കാന്‍ ചൈനീസ് നാവികസേന തയ്യാറായില്ല.

ഹേഗിലെ രാജ്യാന്തരതര്‍ക്ക പരിഹാര കോടതി പ്രദേശത്തെ ചൈനയുടെ ചരിത്രപരമായ അവകാശവാദം ജൂലൈയില്‍ തള്ളിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശത്ത് സംയുക്ത സൈനികാഭ്യാസം ഉണ്ടാകുമോയെന്നതു സംബന്ധിച്ച ആശങ്ക പടരുന്നത്. എന്നാല്‍, ആരെയും ലക്ഷ്യംവച്ചുള്ളതല്ല നാവികാഭ്യാസമെന്നാണ് ചൈനയുടെ നിലപാട്.

ദക്ഷിണ ചൈനാക്കടലിലെ ചൈനയുടെ അവകാശവാദത്തെ വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, മലേഷ്യ, ബ്രൂണെ, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളും എതിര്‍ക്കുകയാണ്. യുക്രെയ്‌നില്‍ റഷ്യ നടത്തിയ കടന്നുകയറ്റത്തെ തുടര്‍ന്ന് അമേരിക്കയും യൂറോപ്യന്‍ യൂണിയനും റഷ്യക്കെതിരെ തിരിഞ്ഞതും റഷ്യയും ചൈനയും അടുക്കുന്നതിന് കാരണമായി നിരീക്ഷകര്‍ കരുതുന്നു.

റഷ്യയില്‍നിന്ന് അഞ്ചു യുദ്ധക്കപ്പലുകള്‍ ചൈനീസ് തീരത്ത് എത്തിയിട്ടുണ്ട്. ദക്ഷിണ ചൈനയിലെ നന്‍ഹായിയില്‍നിന്നുള്ള 10 യുദ്ധക്കപ്പലുകളും 160 നാവികസേനാംഗങ്ങളുമാണ് ചൈനക്കുവേണ്ടി സൈനികാഭ്യാസത്തില്‍ പങ്കെടുക്കുക. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരു രാജ്യങ്ങളും ആറു തവണ സംയുക്ത സൈനികാഭ്യാസം നടത്തിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.