1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 27, 2017

സ്വന്തം ലേഖകന്‍: അഫ്ഗാനിസ്ഥാന് ഇന്ത്യ നിര്‍മ്മിച്ചു നല്‍കിയ അണക്കെട്ടിനു നേരെ താലിബാന്‍ ആക്രമണം, പത്തു പേര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു. സേന നടത്തിയ തിരിച്ചടിയില്‍ അഞ്ചു തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി പടിഞ്ഞാറന്‍ ഹിറാത് പ്രവശ്യ ഗവര്‍ണറുടെ വക്താവ് ജെലാനി ഫര്‍ഹാദ് അറിയിച്ചു. ശനിയാഴ്ച്ച രാത്രിയായിരുന്നു ആക്രമണം.

അഫ്ഗാനിസ്ഥാനിലെ ഹിറാത് പ്രവിശ്യയില്‍ ഇന്ത്യ–അഫ്ഗാന്‍ സൗഹൃദത്തിന്റെ ഭാഗമായി നിര്‍മിച്ച സെല്‍മ അണക്കെട്ടാണ് ഭീകരര്‍ തകര്‍ക്കാര്‍ ശ്രമം നടത്തിയത്. അണക്കെട്ടിനു സമീപം സുരക്ഷാജോലിയില്‍ ഉണ്ടായിരുന്ന പൊലീസുകാരാണ് കൊല്ലപ്പെട്ടത്. സെല്‍മ അണക്കെട്ടിനു സമീപത്തെ ചെക്ക് പോസ്റ്റിനു നേരെ ശനിയാഴ്ച രാത്രിയാണു ആക്രമണം നടന്നത്. ആക്രമണത്തില്‍ 10 പൊലീസുകാര്‍ കൊല്ലപ്പെടുകയും നാലു പേര്‍ക്കു പരുക്കേറ്റതായും അഫ്ഗാന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

യുദ്ധം തകര്‍ത്തു കളഞ്ഞ അഫ്ഗാനിസ്ഥാനെ പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായി 1,700 കോടിയോളം രൂപ മുടക്കി ഇന്ത്യ നിര്‍മിച്ചതാണ് ഈ അണക്കെട്ട്. 2016 ജൂണില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയും സംയുക്തമായാണ് ഉദ്ഘാടനം ചെയ്തത്. യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ‘അഫ്ഗാന്‍ മിഷന്‍’ പൂര്‍ത്തിയാക്കി പിന്‍വാങ്ങാന്‍ തുടങ്ങിയതോടെ, അഫ്ഗാനിസ്ഥാനില്‍ വീണ്ടും വന്‍തോതില്‍ വേരുറപ്പിക്കാനുള്ള ശ്രമത്തിലാണ് താലിബാന്‍ ഭീകരര്‍.

അതേസമയം, 10 സുരക്ഷാ ഉദ്യോഗസ്ഥരുടെ മരണത്തിന് ഇടയാക്കിയ ആക്രമണം ഇന്ത്യന്‍ നിര്‍മിത അണക്കെട്ടിനെ ലക്ഷ്യമിട്ടായിരുന്നില്ലെന്ന് അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതി മന്‍പ്രീത് വോഹ്!റ വ്യക്തമാക്കി. പ്രചാരണം മറിച്ചാണെങ്കിലും ഭീകരര്‍ ലക്ഷ്യമിട്ടത് അണക്കെട്ടിനെയായിരുന്നില്ലെന്ന് അദ്ദേഹം അറിയിച്ചു. ആക്രമണം നടന്ന സ്ഥലത്തുനിന്ന് ദൂരെയാണ് അണക്കെട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.