1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 21, 2018

സ്വന്തം ലേഖകന്‍: രാജ്യാന്തര യാത്രക്കാര്‍ക്ക് 48 മണിക്കൂര്‍ യുഎഇയില്‍ ചെലവഴിക്കാന്‍ സൗജന്യ വീസ. വിനോദ സഞ്ചാര രംഗത്തു കൂടുതല്‍ നേട്ടമുണ്ടാക്കാനുള്ള യുഎഇ മന്ത്രിസഭയുടെ നീക്കങ്ങളുടെ ഭാഗമായാണ് പുതിയ വീസാ നിയമം. ഇതുകൂടാതെ, 50 ദിര്‍ഹം (ഏകദേശം 900 രൂപ) ഫീസ് നല്‍കിയാല്‍ യുഎഇയില്‍ രാജ്യാന്തര യാത്രക്കാര്‍ക്ക് 96 മണിക്കൂര്‍വരെ ചെലവഴിക്കാനും ഇനി അവസരമുണ്ട്. നിയമമാറ്റം വൈകാതെ പ്രാബല്യത്തിലാകും.

ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് 50 ദിര്‍ഹം ചെലവിട്ടാല്‍ നാലുദിവസം യുഎഇയില്‍ ചെലവഴിക്കാമെന്ന സാഹചര്യമാണ് ഇതോടെയുണ്ടാകുന്നത്. ദുബായില്‍ എത്തുന്ന രാജ്യാന്തര യാത്രക്കാരില്‍ 70 ശതമാനവും ദീര്‍ഘ യാത്രയ്ക്കിടെ ഇവിടെ ഇറങ്ങുന്നവരാണ്. അബുദാബിയിലും ഇത്തരം ധാരാളം യാത്രക്കാര്‍ എത്തുന്നുണ്ട്. സേവനമികവില്‍ മുന്നില്‍നില്‍ക്കുന്ന വിമാന സര്‍വീസുകളായ എമിറേറ്റ്‌സ്, ഇത്തിഹാദ് എന്നിവ ലോകത്തെ പ്രധാന കേന്ദ്രങ്ങളിലേക്കെല്ലാം സര്‍വീസ് നടത്തുന്നതും രാജ്യാന്തര യാത്രയില്‍ അവയ്ക്ക് യുഎഇയില്‍ ‘സ്റ്റോപ്പ് ഓവര്‍’ ഉള്ളതുമാണ് കാരണം.

പുതിയ സാഹചര്യത്തില്‍ രാജ്യാന്തര യാത്രക്കാരുടെ പ്രമുഖ ഇടത്താവളമായി യുഎഇ മാറും. യുഎസ്, യുകെ പൗരന്‍മാര്‍ക്ക് യുഎഇ ‘ഓണ്‍ അറൈവല്‍’ വീസ സൗകര്യം ഇപ്പോള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ചില അറബ് രാജ്യങ്ങള്‍, ആഫ്രിക്കന്‍, ദക്ഷിണ അമേരിക്കന്‍ രാജ്യക്കാര്‍ക്ക് ഈ സൗകര്യമില്ല. മുന്‍കൂട്ടി എടുത്ത സന്ദര്‍ശക വീസയുണ്ടെങ്കില്‍ മാത്രമേ ഇവര്‍ക്ക് യുഎഇയില്‍ പ്രവേശനമുള്ളൂ. അമേരിക്കന്‍ വീസയുള്ള ഇന്ത്യക്കാര്‍ക്ക് ഈയിടെ ഓണ്‍അറൈവല്‍ വീസ സൗകര്യം യുഎഇ അനുവദിച്ചെങ്കിലും മറ്റു രാജ്യങ്ങളില്‍നിന്നാണെങ്കില്‍ ഈ ആനുകൂല്യം ലഭിക്കില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.