1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 7, 2016

സ്വന്തം ലേഖകന്‍: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ ഉടന്‍ മോചിപ്പിച്ച് നഷ്ടപരിഹാരം നല്‍കണമെന്ന് യുഎന്‍ മനുഷ്യാവകാശ സമിതി. മൂന്നര വര്‍ഷമായി ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയാര്‍ഥിയായി കഴിയുകയാണ് ജൂലിയന്‍ അസാന്‍ജ്. അസാന്‍ജിന്റേത് അന്യായ തടങ്കലാണെന്നും അദ്ദേഹത്തിനെതിരെ നിയമപരമായി കുറ്റം ചാര്‍ത്തിയിട്ടില്ലെന്നും 18 പേജുള്ള റിപ്പോര്‍ട്ടില്‍ സമിതി വ്യക്തമാക്കി.

പ്രാഥമികാന്വേഷണം മാത്രമേ നടത്തിയിട്ടുള്ളൂവെന്ന് സമിതി ചെയര്‍മാന്‍ സിയോങ് ഫില്‍ ഹോങ് പ്രസ്താവനയില്‍ പറഞ്ഞു. യുഎന്‍ മനുഷ്യാവകാശ മേധാവിക്ക് കീഴിലുള്ള, അന്യായ തടങ്കല്‍ സംബന്ധിച്ച കര്‍മസമിതിയുടെ വിധി അംഗീകരിക്കാന്‍ രാജ്യങ്ങള്‍ക്ക് നിയമപരമായ ബാധ്യതയില്ല.

നിലവിലുള്ള അന്വേഷണത്തെ യുഎന്‍ സമിതിയുടെ റിപ്പോര്‍ട്ട് ഒരുതരത്തിലും ബാധിക്കില്ലെന്ന് സ്വീഡന്റെ പ്രോസിക്യൂഷന്‍ അതോറിറ്റി വക്താവ് കരിന്‍ റൊസാന്‍ഡര്‍ പ്രതികരിച്ചു. കേസ് കൈകാര്യംചെയ്യുന്ന പ്രോസിക്യൂട്ടര്‍ സ്ഥലത്തില്ലാത്തതിനാല്‍ കൂടുതല്‍ പ്രതികരണം നടത്താനാകില്ലെന്നും അവര്‍ വ്യക്തമാക്കി. യുഎന്‍ സമിതിയുടെ വിധിയെ ചോദ്യംചെയ്യുമെന്ന് ബ്രിട്ടന്‍ വ്യക്തമാക്കി. അന്യായ തടങ്കലിന്റെ ഇരയാണ് ജൂലിയന്‍ അസാന്‍ജ് എന്ന നിഗമനത്തെ തള്ളിക്കളയുകയണെന്നും യുഎന്‍ സമിതി വസ്തുതകള്‍ കണ്ടില്ലെന്ന് നടിച്ചെന്നും ബ്രിട്ടീഷ് വിദേശവകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.

ആഭ്യന്തര രഹസ്യങ്ങള്‍ ചോര്‍ത്തിയതിനെ തുടര്‍ന്ന് അമേരിക്കയുടെ നോട്ടപ്പുള്ളിയായ അസാന്‍ജ് അറസ്റ്റ് ഒഴിവാക്കാനാണ് ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ 2012 ജൂണില്‍ അഭയം പ്രാപിച്ചത്. 2010 ഡിസംബറില്‍ സ്വീഡനില്‍ രജിസ്റ്റര്‍ചെയ്ത ലൈംഗികാരോപണവുമായി ബന്ധപ്പെട്ടാണ് അസാന്‍ജിനെ അറസ്റ്റ് ചെയ്യാന്‍ സ്വീഡനും ബ്രിട്ടനും നീക്കം നടത്തിയത്.

തനിക്കെതിരെ കള്ളക്കേസ് ചമച്ചതാണെന്ന നിലപാടിലാണ് അസാന്‍ജ്. അറസ്റ്റിലായാല്‍ തന്നെ അമേരിക്കയ്ക്ക് കൈമാറുമെന്ന് മനസ്സിലാക്കിയ അസാന്‍ജ് ഇക്വഡോര്‍ നയതന്ത്ര കാര്യാലയത്തില്‍ അഭയം തേടുകയായിരുന്നു. നയതന്ത്രപരിരക്ഷയുള്ള എംബസിയില്‍നിന്ന് പുറത്തിറങ്ങിയാല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്ന് ബ്രിട്ടീഷ് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

വര്‍ഷങ്ങളായി ഇടുങ്ങിയ സ്ഥലത്ത് താമസിക്കുന്ന തനിക്ക് മാനസികപ്രയാസങ്ങള്‍ ഉണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് 2014ല്‍ അസാന്‍ജ് യുഎന്‍ സമിതിയെ സമീപിച്ചത്. അന്വേഷണം പൂര്‍ത്തിയാക്കിയ സമിതിയുടെ റിപ്പോര്‍ട്ട് വെള്ളിയാഴ്ചയാണ് പുറത്തുവിട്ടത്. ഇനി ഇങ്ങനെ കഴിയാന്‍ വയ്യെന്നും യുഎന്‍ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് എതിരാണെങ്കിലും താന്‍ പുറത്തിറങ്ങി ബ്രിട്ടീഷ് പൊലീസിന് കീഴടങ്ങുമെന്ന് അസാന്‍ജ് വ്യക്തമാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.