1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 24, 2024

സ്വന്തം ലേഖകൻ: ബ്രെക്സിറ്റിന് ശേഷം നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലേക്ക് ഉണ്ടായ കുടിയേറ്റക്കാരുടെ ഒഴുക്ക് തുടരുന്നതായി യൂണിവേഴ്സിറ്റി സാമ്പത്തിക ശാസ്ത്രജ്ഞന്‍ പറയുന്നു. നിലവിലെ യു കെ നിയമങ്ങള്‍ അനുസരിച്ച് കുറഞ്ഞ വേതനം ലഭിക്കുന്ന തൊഴിലിനായി ഐറിഷ് വംശജനല്ലാത്ത ഒരു യൂറോപ്യന്‍ യൂണിയന്‍ പൗരന് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലേക്ക് കുടിയേറാന്‍ കഴിയില്ല. എന്നാല്‍, കൂടുതല്‍ തുറന്ന സമീപനം പുലര്‍ത്തുന്നതും, ഉയര്‍ന്ന വേതനം ലഭിക്കുന്നതുമായ സ്‌കില്‍ഡ് വീസ, ഹെല്‍ത്ത് വര്‍ക്കര്‍ വീസ എന്നിവയിലൂടെ ഇന്ത്യയില്‍ നിന്നും മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും നിരവധിപേരാണ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ എത്തുന്നത്.

2020 ന് ശേഷം സബ് സഹാറന്‍ ആഫ്രിക്കയില്‍ നിന്നുള്ള കുടിയേറ്റങ്ങളും വര്‍ദ്ധിച്ചിട്ടുണ്ട്. കുടിയേറ്റക്കാരുടെ എണ്ണം എടുക്കാനുള്ള ഒരു മാര്‍ഗ്ഗമായ നാഷണല്‍ ഇന്‍ഷുറന്‍സ് റെജിസ്ട്രേഷന്‍ രേഖകള്‍ വിശകലനം ചെയ്തിട്ടാണ് സാമ്പത്തിക ശാസ്ത്രജ്ഞന്‍ മാര്‍ക്ക് മഗില്‍ ഈ നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നത്. 2023- ല്‍ 918 ഐറിഷ് ഇതര വംശജരായ യൂറോപ്യന്‍ യൂണിയന്‍ പൗരന്മാരുടെ ഇന്‍ഷുറന്‍സ് റെജിസ്ട്രേഷനായിരുന്നു ഉണ്ടായിരുന്നത്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ ഏഷ്യയില്‍ നിന്നുള്ളവരുടെ റെജിസ്ട്രേഷന്‍ 6,600 ആയിരുന്നു.

ഏഷ്യയില്‍ നിന്നുള്ള കുടിയേറ്റത്തിന്റെ കര്യത്തില്‍ ഇത്രയും വര്‍ദ്ധനവ് ഉണ്ടാകാന്‍ പ്രധാന കാരണം ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരാണെന്ന് മാഗില്‍ പറയുന്നു. ഇന്ത്യയില്‍ നിന്നെത്തുന്നവരില്‍ തൊഴില്‍ ചെയ്യാന്‍ എത്തുന്നവരും പഠിക്കാന്‍ എത്തുന്നവരും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതുപോലെ ഫിലിപ്പൈന്‍സില്‍ നിന്നുള്ള പുതിയ തൊഴിലാളികളുടെ കാര്യത്തിലും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.

2020 വരെ സബ് സഹാറന്‍ ആഫ്രിക്കയില്‍ നിന്നും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലേക്ക് കാര്യമായ കുടിയേറ്റമൊന്നും നടന്നിരുന്നില്ല. പ്രതിവര്‍ഷം പരമാവധി 200 പേര്‍ മാത്രമായിരുന്നു. എന്നാല്‍ 2023 ല്‍ ഇത് 2000 ആയി ഉയര്‍ന്നു. നൈജീരിയയില്‍ നിന്നുള്ളവരാണ് ഇതില്‍ ഭൂരിഭാഗവും. 2023- നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ എത്തിയ വിദേശികളുടേതായി 13,583 നാഷണല്‍ ഇന്‍ഷുറന്‍സ് റെജിസ്ട്രേഷനുകള്‍ ഉണ്ടെന്ന് മാഗില്‍ പറയുന്നു.

തൊട്ട് മുന്‍പത്തെ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കാര്യത്തില്‍ ചെറിയ കുറവാണ് ഉണ്ടായിരിക്കുന്നത്. 2022 ല്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വിദേശികളുടെതായി13,774 നാഷണല്‍ ഇന്‍ഷുറന്‍സ് റെജിസ്ട്രേഷനുകളാണ് ഉണ്ടായിരുന്നത്. എന്നിരുന്നാലും 2007 ന് ശേഷം ഏറ്റവുമധികം വിദേശികളുടെ റജിസ്ട്രേഷന്‍ ഉണ്ടായ രണ്ടാമത്തെ വര്‍ഷമാണ് 2023. നാഷണല്‍ ഇന്‍ഷുറന്‍സ് റെജിസ്ട്രേഷന്‍, നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലേക്ക് എത്രപേര്‍ വരുന്നു എന്നതിന്റെ കണക്ക് നല്‍കും. എന്നാല്‍, എത്രപേര്‍ ഇവിടം വിട്ടു പോകുന്നു എന്നതിന്റെ കണക്ക് ഇതില്‍ വ്യക്തമാകില്ല.

ഉദാഹരണത്തിന് പഠനാവശ്യങ്ങള്‍ക്കായി വരുന്ന വിദ്യാര്‍ത്ഥികള്‍ നാഷണല്‍ ഇന്‍ഷുറന്‍സ് റെജിസ്ട്രേഷന്‍ എടുക്കും. അവരുടെ പഠനം കഴിഞ്ഞ് തിരിച്ചു പോകുന്നത് പക്ഷെ ഈ റെജിസ്ട്രേഷനില്‍ പ്രതിഫലിക്കില്ല. അടുത്തിടെനടത്തിയ കണക്കെറ്റുപ്പില്‍ 2022 ലെ കുടിയേറ്റ നെറ്റ് അഡിഷന്‍ ഏതാണ് 2300 ആളുകളാണെന്ന് കണ്ടെത്തിയിരുന്നു. 2020 ല്‍ ഇത് 3,348 ആയിരുന്നെങ്കില്‍ 2021 ല്‍ വെറും 403 ആയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.