1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 12, 2024

സ്വന്തം ലേഖകൻ: യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങള്‍ അല്ലാത്ത നാല് യൂറൊപ്യന്‍ രാജ്യങ്ങളുടെ ഒരു സംഘവുമായി ഇന്ത്യ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പു വെച്ചു. ബ്രിട്ടനുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ ചര്‍ച്ചകള്‍ ഏതാണ്ട് അന്തിമഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് മറ്റൊരു കരാറില്‍ ഇന്ത്യ ഒപ്പ് വയ്ക്കുന്നത്. നോര്‍വേ, സ്വിറ്റ്സര്‍ലന്‍ഡ്, ഐസ്ലന്‍ഡ്, ലീച്ടെന്‍സ്റ്റീന്‍ എന്നീ രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷനു (ഇ എഫ് ടി എ) മായാണ് 100 ബില്യന്‍ ഡോളറിന്റെ കരാര്‍ ഒപ്പ് വച്ചിരിക്കുന്നത്.

സമ്പദ്ഘടന വളര്‍ത്തുന്നതിലും യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ നേടിക്കൊടുക്കുന്നതിലും തങ്ങള്‍ ബദ്ധശ്രദ്ധരാണ് എന്നതിന്റെ തെളിവാണ് ഈ കരാര്‍ എന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. ഇ എഫ് ടി എ രാജ്യങ്ങളുമായുള്ള ബന്ധം ഇതോടെ കൂടുതല്‍ ശക്തമായി എന്നും ഇത് ഇരു കൂട്ടര്‍ക്കും കൂടുതല്‍ വികസനം ആര്‍ജ്ജിക്കാനുള്ള അവസരമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ബ്രിട്ടനുമായുള്ള സ്വതന്ത്ര വ്യാപാര കരാറിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി തുടരുന്നതിനിടയിലാണ്, 16 വര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ഈ കരാര്‍ സാധ്യമാകുന്നത്. ഇതനുസരിച്ച്, ഈ രാജ്യങ്ങളില്‍ നിന്നുള്ള വ്യാവസായിക ഉദ്പന്നങ്ങള്‍ക്ക് ഇന്ത്യ ഇറക്കുമതി തീരുവ 15 വര്‍ഷത്തേക്ക് ഒഴിവാക്കുമ്പോള്‍ ഈ രാജ്യങ്ങള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തണം. ഫാാര്‍മസ്യുട്ടിക്കല്‍, മെഷിനറി, ഉദ്പാദന മേഖല എന്നീ മേഖലകളിലായിരിക്കും പ്രധാനമായും നിക്ഷേപം നടത്തുക.

ഇ കരാര്‍ നിലവില്‍ വന്നതോടെ ഇന്ത്യയ്ക്കും ഇ എഫ് ടി എ രാജ്യങ്ങള്‍ക്കും ഇടയിലെ വ്യാപാരം കൂടുതല്‍ സുഗമമായി നടക്കും. ഈ വര്‍ഷം പൊതു തെരഞ്ഞെടുപ്പിലേക്ക് പോകുന്ന ഇന്ത്യ കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്ക് ഉള്ളില്‍ ആസ്ട്രേലിയയുമായും യുണൈറ്റഡ് അറബ് എമിറേറ്റ്സുമായും വ്യാപാര കരാറുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. പൊതു തെരെഞ്ഞെടുപ്പിന് മുന്‍പായി ഇന്ത്യാ- ബ്രിട്ടീഷ് സ്വതന്ത്ര വ്യാപാര കരാറും യാഥാര്‍ത്ഥ്യമാക്കാന്‍ പറ്റുമെന്ന് പ്രത്യാശിക്കുന്നതായി ബ്രിട്ടീഷ് വാണിജ്യ മന്ത്രി കെമി ബേഡ്നോക്ക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.