1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 10, 2015

സ്വന്തം ലേഖകന്‍: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതി വിധി ശരിവച്ച് കേരള ഹൈക്കോടതി നടത്തിയ അപൂര്‍വ പരാമര്‍ശം ചരിത്രമാകുകയാണ്.
വിജിലന്‍സ് കോടതി വിജിലന്‍സിന് എതിരെ നടത്തിയ രൂക്ഷമായ പരാമര്‍ശങ്ങള്‍ നീക്കിക്കിട്ടാന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വാദം കേള്‍ക്കവെയായിരുന്നു ജസ്റ്റിസ് കമാല്‍ പാഷയുടെ ശ്രദ്ധേയമായ പരാമര്‍ശങ്ങള്‍. രൂക്ഷമായ ഭാഷയില്‍ വിജിലന്‍സിനേയും സംസ്ഥാന സര്‍ക്കാരിനേയും വിമര്‍ശിച്ച പാഷ മന്ത്രി പദവിയില്‍ തുടരുന്ന കാര്യം മാണിയുടെ മനസാക്ഷിക്കു വിടുന്നതായി അഭിപ്രായപ്പെട്ടു.

സമീപകാലത്ത് നീതിന്യായ വ്യവസ്ഥയുടെ ഒരു കാവല്‍ക്കാരനില്‍ നിന്നുണ്ടാകുന്ന ഏറ്റവും മൂര്‍ച്ചയേറിയ പരാമര്‍ശമാണിത്. ഒപ്പം, അഴിമതിക്കേസിന് പുറത്തുനിന്ന് നിയമോപദേശം തേടിയതിന് വന്ന ചെലവും സാധാരണക്കാരന്‍ വഹിക്കണോയെന്നും കോടതി ചോദിച്ചു.
മാണിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നതടക്കമുള്ള വിജിലന്‍സ് കോടതിയുടെ പരാമര്‍ശങ്ങള്‍ നീക്കണമെന്ന വിജിലന്‍സിന്റെ ആവശ്യവും ഹൈക്കോടതി തള്ളി. വിധി മാറ്റിവയ്പ്പിക്കാന്‍ അഭിഭാഷകര്‍ നടത്തിയ ശ്രമങ്ങളും കോടതി തടഞ്ഞു. ഇന്നലെ തന്നെ കേസില്‍ വിധിപറയുമെന്ന് ജസ്റ്റീസ് കമാല്‍ പാഷ വ്യക്തമാക്കുകയും ചെയ്തു.

പ്രതിസ്ഥാനത്തുള്ളയാള്‍ മന്ത്രിയായി തുടര്‍ന്നാല്‍ കേസില്‍ വിജിലന്‍സ് ശരിയായ രീതിയില്‍ അന്വേഷണം നടത്തില്ലെന്ന ആശങ്ക ജനങ്ങള്‍ക്കുണ്ടാകുമെന്നും ജസ്റ്റീസ് ബി. കമാല്‍ പാഷ തുറന്നടിച്ചു.
വിജിലന്‍സിനുവേണ്ടി സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനും മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലാണ് ഹാജരായത്.
എന്നാല്‍ ജസ്റ്റിസ് കമാല്‍ പാഷയുടെ മൂര്‍ച്ചയേറിയ വിമര്‍ശനങ്ങള്‍ക്കു മുന്നില്‍ കപില്‍ സിബലിന് മുട്ടുകടക്കേണ്ടി വന്നു.

1956 ല്‍ കൊല്ലം ജില്ലയിലെ അഞ്ചലില്‍ ജനിച്ച ജസ്റ്റിസ് കമാല്‍ പാഷ സാധാരനക്കാര്‍ക്കൊപ്പമുള്ള തന്റെ ശക്തമായ നിലപാടുകള്‍ കൊണ്ട് എന്നും നീതിയുടെ പക്ഷത്തായിരുന്നു. അഞ്ചല്‍ സര്‍ക്കാര്‍ സ്‌കൂള്‍, സെന്റ് ജോണ്‍സ് കോളേജ്, തിരുവനന്തപുരം ലോ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം 1995 ല്‍ സെക്കന്റ് അഡിഷണല്‍ ജില്ലാ ജഡ്ജിയായി എറണാകുളത്ത് എത്തുന്നതോടെയാണ് ശ്രദ്ധേയനാകുന്നത്.

കോഴിക്കോടും കോട്ടയത്തും ജില്ലാ ജഡ്ജിയായി സേവനമനുഷ്ടിച്ച അദ്ദേഹം മാര്‍ച്ച് 2012 മുതല്‍ റെജിസ്ട്രാര്‍ ജനറലായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2013 ല്‍ ഹൈക്കോടതി ജഡ്ജിയായി തെരഞ്ഞെടുക്കപ്പെട്ട ജസ്റ്റിസ് കമാല്‍ പാഷ തന്റെ വിധി പ്രസ്താവങ്ങളിലൂടെ നീതിപീഠത്തെ സാധാരണക്കാരന്റെ പക്ഷത്ത് ചേര്‍ത്തു നിര്‍ത്തി. ഒടുവില്‍ ബാര്‍ കോഴക്കേസില്‍ ഒരു സംസ്ഥാന മന്ത്രിയോട് പദവിയില്‍ തുടരണോയെന്നത് സ്വന്തം മനസാക്ഷിയോട് ചോദിക്കാന്‍ നിര്‍ദ്ദേശിച്ചതിലൂടെ അദ്ദേഹം നീതിയുടെ ചരിത്രത്തില്‍ മറ്റൊരു അപൂര്‍വ അധ്യായം എഴുതിച്ചേര്‍ക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.