1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 24, 2017

സ്വന്തം ലേഖകന്‍: ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ കുറ്റവിമുക്തന്‍, സിബിഐ പിണറായിയെ ബലിയാടാക്കിയെന്ന് ഹൈക്കോടതി. മുഴുവന്‍ പ്രതികളെയും വിട്ടയച്ചുകൊണ്ടുള്ള വിചാരണ ക്കോടതിയുടെ വിധിക്കെതിരെ സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. തിരുവനന്തപുരം സിബിഐ കോടതി കുറ്റവിമുക്തരാക്കിയ മൂന്നു പ്രതികള്‍ വീണ്ടും വിചാരണ നേരിടേണ്ടിവരും.

പിണറായി വിജയന്‍ മുന്‍ഊര്‍ജ സെക്രട്ടറി കെ മോഹനചന്ദ്രന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ വിചാരണ കോടതി വിധി ഹൈക്കോടതി അംഗീകരിച്ചു. കെഎസ്ഇബി മുന്‍ ചെയര്‍മാന്‍ ആര്‍ ശിവദാസന്‍, ബോര്‍ഡ് അംഗമായിരുന്ന കെജി രജശേഖരന്‍ നായര്‍ ജനറേഷന്‍ ചീഫ് എന്‍ജിനീയറായിരുന്ന കസ്തുരിരംഗ അയ്യര്‍ എന്നിവര്‍ക്ക് എതിരായ നിയമ നടപടി തുടരും.

പിണറായിയുടെ രാഷ്ട്രീയ ജീവിതത്തില്‍ നിര്‍ണായകമായ കേസില്‍ തുറന്ന കോടതിയിലാണ് വിധി പ്രസ്താവിച്ചത്. 102 പേജുള്ള വിധിയാണ് ജസ്റ്രിസ് പി. ഉബൈദിന്റെ ബെഞ്ച് പ്രഖ്യാപിച്ചത്. പാര്‍ട്ടി നിലപാട് കോടതി ശരിവച്ചെന്ന് സിപിഎം കേന്ദ്ര നേതൃത്വം പറഞ്ഞു. സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലെ കണ്ടെത്തലുകള്‍ അപൂര്‍ണമാണെന്നു വ്യക്തമാക്കിയാണ് പിണറായി വിജയനടക്കം ഏഴു പേരെ സിബിഐ പ്രത്യേക കോടതി പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയത്.

തുടര്‍ന്ന് റിവിഷന്‍ ഹര്‍ജിയുമായി സിബിഐ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്‌ലിനുമായി ഒപ്പിട്ട കരാര്‍ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് കേസുമായി ബന്ധപ്പെട്ട് പിണറായി വിജയനായി ഹൈക്കോടതിയില്‍ ഹാജരായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.