1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 23, 2024

സ്വന്തം ലേഖകൻ: വിലക്കയറ്റത്തിന് ഒപ്പം വേതന വർധനവില്ല; എന്‍എച്ച് എസ് നഴ്‌സുമാരില്‍ ഭൂരിഭാഗവും കടന്നുപോകുന്നത് കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെ. കുതിച്ചുയര്‍ന്ന ജീവിത ചിലവിനെ പ്രതിരോധിക്കാന്‍ പലര്‍ക്കും ക്രെഡിറ്റ് കാര്‍ഡിനെയോ ഇതുവരെയുള്ള സമ്പാദ്യങ്ങളെയോ ആശ്രയിക്കേണ്ടതായി വന്നതായാണ് റിപ്പോര്‍ട്ടുകള്‍ . 10 എന്‍എച്ച് എസ് നഴ്‌സ്‌ മാരില്‍ 6 പേരും സാമ്പത്തിക ഞെരുക്കത്തിലൂടെയാണ് കടന്നുപോയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

കടുത്ത സാമ്പത്തിക ഞെരുക്കം കാരണം പലരും ഊര്‍ജ്ജ ഉപയോഗം പരിമിതപ്പെടുത്താന്‍ നിര്‍ബന്ധിതരായി. ഭക്ഷണത്തിനു വേണ്ടി തന്നെ ബുദ്ധിമുട്ടിലായ ചിലരുടെ ദുരന്ത ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പലരും അധിക ഷിഫ്റ്റുകള്‍ ചെയ്യാന്‍ നിര്‍ബന്ധിതമാവുകയാണ്. മെച്ചപ്പെട്ട വേതനത്തിന്റെ അഭാവം പലരും എന്‍എച്ച്എസില്‍ നിന്ന് ജോലി ഉപേക്ഷിക്കുന്നതിന് തന്നെ കാരണമായിട്ടുണ്ട്.

പലരും ഓസ്‌ട്രേലിയ അടക്കമുള്ള രാജ്യങ്ങളിലേക്ക് ചേക്കേറാന്‍ ശ്രമിക്കുന്നു. നിലവില്‍ നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ കടുത്ത ക്ഷാമമാണ് എന്‍എച്ച്എസ് നേരിടുന്നത്. അതിനിടെയിലാണ് ഇത്തരം കൊഴിഞ്ഞുപോക്ക്. നിലവില്‍ എന്‍എച്ച്എസില്‍ നാല്പതിനായിരം നഴ്‌സുമാരുടെ കുറവുണ്ടെന്നാണ് കണക്കുകള്‍.

ഇംഗ്ലണ്ടിലെ ഏതാണ്ട് 11,000 നഴ്‌സുമാരുടെ ഇടയില്‍ റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് (ആര്‍സിഎന്‍) നടത്തിയ സര്‍വേയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്. 2013 നും 2024 നും ഇടയില്‍ നഴ്സ്മാരുടെ ശമ്പളത്തിന്റെ മൂല്യം 24.63% കുറഞ്ഞതായാണ് ലണ്ടന്‍ ഇക്കണോമിക്സ് എന്ന കണ്‍സള്‍ട്ടിംഗ് സ്‌ഥാപനത്തിന്റെ വിശകലനത്തില്‍ കണ്ടെത്തിയത്. സര്‍വേയില്‍ പങ്കെടുത്ത 60% നഴ്‌സുമാരും ജീവിത ചിലവുകള്‍ക്ക് പണം തികയാതെ വരുന്നതു മൂലം ക്രെഡിറ്റ് കാര്‍ഡും അല്ലെങ്കില്‍ നേരത്തെ ഉണ്ടായിരുന്ന സമ്പാദ്യങ്ങള്‍ വിനിയോഗിക്കേണ്ടതായി വരുന്നുണ്ടെന്നാണ് സര്‍വേയിലെ ഏറ്റവും പ്രധാന കണ്ടെത്തല്‍.

ഇംഗ്ലണ്ടിലെ നഴ്‌സുമാരുടെ ജീവിതം കടുത്ത സാമ്പത്തിക സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ആര്‍സിഎന്നിന്റെ ജനറല്‍ സെക്രട്ടറിയും ചീഫ് എക്സിക്യൂട്ടീവുമായ പ്രൊഫ. പാറ്റ് കുള്ളന്‍ പറഞ്ഞു . നഴ്‌സുമാര്‍ക്ക് 2023- 24 വര്‍ഷത്തില്‍ 5% ശമ്പള വര്‍ദ്ധനവ് ആണ് ലഭിച്ചത്. ഈ ശമ്പള വര്‍ദ്ധനവ് പൊതുമേഖലയിലെ മറ്റ് തസ്തികകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കുറവാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.