1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 28, 2016

സ്വന്തം ലേഖകന്‍: ചിരിച്ചുകൊണ്ട് മരണത്തെ സ്വീകരിച്ച് അര്‍ജന്റീനിയന്‍ കന്യാസ്ത്രീയുടെ ചിത്രം തരംഗമാകുന്നു. അര്‍ജന്റീനക്കാരിയായ സിസ്റ്റര്‍ സിസിലിയയാണ് ചിരിച്ചുകൊണ്ട് മരണത്തെ വരിച്ച് ലോകത്തെ അത്ഭുതപ്പെടുത്തിയത്. മനോഹരമായി ചിരിക്കുന്ന മുഖത്തോടെ മരിച്ചുകിടക്കുന്ന സിസ്റ്ററിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയും ചെയ്തു.

ശ്വാസകോശാര്‍ബുദം മൂലം ഏറെ ക്ലേശിച്ചിരുന്ന സിസ്റ്റര്‍ സിസിലിയ അര്‍ജന്റീനയിലെ കാര്‍മല്‍ ഓഫ് സാന്താ ഫേ സന്യാസ സമൂഹത്തിലെ അംഗമായിരുന്നു. സിസ്റ്ററിന്റെ മരണം സംബന്ധിച്ചു കാര്‍മല്‍ സന്യാസസമൂഹം പുറത്തുവിട്ട ചരമ അറിയിപ്പില്‍ സിസ്റ്ററുടെ അന്ത്യനിമിഷങ്ങള്‍ വിവരിക്കുന്നു.

”അതികഠിനമായ വേദനകള്‍ക്കൊടുവില്‍ സമാധാനത്തോടെ നമ്മുടെ പ്രിയപ്പെട്ട കുഞ്ഞ് സിസ്റ്റര്‍ അതീവ സന്തോഷവതിയായി നാഥന്റെ കൈകളില്‍ ഗാഢനിദ്രയില്‍ അമര്‍ന്നു. അവള്‍ നേരിട്ടു സ്വര്‍ഗം പൂകിയെന്നു ഞങ്ങള്‍ക്കുറപ്പുണ്ടെങ്കിലും അവള്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥന മുടക്കരുത്” എന്നു പറഞ്ഞാണു കുറിപ്പ് അവസാനിപ്പിക്കുന്നത്. കുറിപ്പിനൊപ്പം പുറത്തുവിട്ട ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമായത്.

ആശുപത്രിയിലായിരുന്നപ്പോള്‍ പുറത്തു പൂന്തോട്ടത്തില്‍ ബന്ധുക്കളും സുഹൃത്തുക്കളും സമ്മേളിച്ചു സന്തോഷം പങ്കുവയ്ക്കുന്നതു പുഞ്ചിരിയോടെ സിസ്റ്റര്‍ നോക്കിക്കാണുന്നതാണ് ചിത്രം. വേദനകളെ പുഞ്ചിരിയോടെ സ്വീകരിക്കുന്ന സിസ്റ്റര്‍ സിസിലിയയുടെ ആരോഗ്യസ്ഥിതി മോശമായ വാര്‍ത്ത വളരെ വേഗത്തിലാണു പുറത്തുവന്നത്. അതു സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു.

ഫ്രാന്‍സിസ് മാര്‍പാപ്പ പോലും സിസ്റ്ററിനെ സംബന്ധിച്ചു കൂടുതല്‍ അറിയാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. കടുത്ത വേദന അനുഭവിക്കുമ്പോഴും സന്തോഷം കൈവിടാന്‍ അവര്‍ ഒട്ടും തയാറായിരുന്നില്ലെന്ന് അവസാന നിമിഷങ്ങളില്‍ കൂടെയുണ്ടായിരുന്ന പരിചാരകരും പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.