1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 21, 2016

സ്വന്തം ലേഖകന്‍: സിറിയയില്‍ ഐക്യരാഷ്ട്ര സഭയുടെ ജീവകാരുണ്യ വാഹന വ്യൂഹത്തിനുനേരെ ആക്രമണം, 21 പേര്‍ കൊല്ലപ്പെട്ടു. ആലപ്പോ നഗരത്തിലേക്കു ജീവകാരുണ്യ സഹായവുമായി എത്തിയ യുഎന്‍ വാഹന വ്യൂഹത്തിനു നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് സഹായ വിതരണം നിര്‍ത്തിവച്ചതായി യുഎന്നും റെഡ്ക്രസന്റും അറിയിച്ചു. സിറിയയില്‍ റഷ്യയും യുഎസും മുന്‍കൈയെടുത്തു നടപ്പാക്കിയ വെടിനിര്‍ത്തലിനും ഇതോടെ താളംതെറ്റി.

ആലപ്പോ പ്രവിശ്യയിലെ ഉം അല്‍കുര്‍ബായിലുള്ള റെഡ്ക്രസന്റ് കേന്ദ്രത്തിനു വെളിയില്‍ പാര്‍ക്കു ചെയ്തിരുന്ന 31 ട്രക്കുകളില്‍ 18 എണ്ണം തിങ്കളാഴ്ചത്തെ വ്യോമാക്രമണത്തില്‍ തകര്‍ന്നു. റെഡ്ക്രസന്റ് സ്റ്റാഫംഗവും 20 സിവിലിയന്മാരും കൊല്ലപ്പെട്ടു. റെഡ്ക്രസന്റിന്റെ വെയര്‍ഹൗസിനു നേര്‍ക്കും ആക്രമണമുണ്ടായി.

റഷ്യന്‍, സിറിയന്‍ യുദ്ധവിമാനങ്ങളാണ് വെടിനിര്‍ത്തല്‍ ലംഘിച്ച് ആക്രമണം നടത്തിയതെന്ന് ആരോപണമുണ്ട്. എന്നാല്‍ റഷ്യയോ സിറിയയോ ആക്രമണം നടത്തിയിട്ടില്ലെന്ന് റഷ്യന്‍ പ്രതിരോധമന്ത്രാലയ വക്താവ് അറിയിച്ചു. വിമത മേഖലയിലേക്കു കടന്നതിനുശേഷം വാഹനവ്യൂഹത്തിന്റെ നീക്കം സംബന്ധിച്ച വിവരങ്ങള്‍ വിമതര്‍ക്കു മാത്രമാണ് അറിയാമായിരുന്നതെന്നും റഷ്യ പറഞ്ഞു.

ആലപ്പോ നഗരത്തിന്റെ പകുതിഭാഗം സര്‍ക്കാര്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലും പകുതി വിമതരുടെയും തീവ്രവാദികളുടെയും നിയന്ത്രണത്തിലുമാണ്. വിമതമേഖലയില്‍ ഒറ്റപ്പെട്ടു പോയവര്‍ക്ക് ഏറെ നാളായി അവശ്യ വസ്തുക്കള്‍ കിട്ടുന്നില്ല. ഇവര്‍ക്കു നഗരം വിടാനും കഴിയുന്നില്ല. വെടിനിര്‍ത്തല്‍ നടപ്പാക്കിയ സാഹചര്യത്തില്‍ ഇവര്‍ക്കു സഹായം എത്തിക്കാനാണു ട്രക്കുകള്‍ അയച്ചതെന്നു യുഎന്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.