1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 25, 2016

സ്വന്തം ലേഖകന്‍: കട ഉദ്ഘാടനം ചെയ്യാന്‍ എത്തിയ നടി ഭാമയും നാട്ടുകാരം തമ്മില്‍ പ്രതിഫലത്തിന്റെ പേരില്‍ തര്‍ക്കം, താന്‍ വഞ്ചിക്കപ്പെട്ടെന്ന് നടി. മൂവാറ്റുപുഴ പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ ശനിയാഴ്ച തുറന്ന ടെക്‌സ്‌റ്റൈല്‍ ഷോറൂമിന്റെ ഉദ്ഘാടനത്തിനിടെയാണ് സംഭവം. ഒരു ലക്ഷം രൂപ പ്രതിഫലം നല്‍കാമെന്ന് പറഞ്ഞായിരുന്നു നടിയെ പരിപാടിയിലേക്ക് ക്ഷണിച്ചത്. 50, 000 രൂപ അഡ്വാന്‍സായി നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ ഉദ്ഘാടന സമയമായപ്പോള്‍ കാറിലെത്തിയ നടി പ്രതിഫലം മുഴവനും നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. രണ്ടര ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ അഡ്വാന്‍സ് തുകയില്‍ നിന്ന് കുറച്ച് ബാക്കി തുക നല്‍കാമെന്ന് ഉടമ അറിയിച്ചെങ്കിലും നടി സമ്മതിച്ചില്ലെന്നും ഒടുവില്‍ ഒന്നര ലക്ഷം രൂപ വരെ നല്‍കാമെന്ന് ഉടമ പറഞ്ഞെങ്കിലും നടി വഴങ്ങിയില്ലെന്നാണ് ആരോപണം.

മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഉഷ ശശിധരന്‍ പ്രശ്‌നത്തില്‍ ഇടപെട്ട് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെങ്കിലും തയ്യാറാകാതെ നടി തിരിച്ചു പോകാന്‍ ഒരുങ്ങി. ഇതിനിടെ, ഉദ്ഘാടനം വൈകിയതോടെ സ്ഥലത്ത് തടിച്ചു കൂടിയ നാട്ടുകാര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും നടിയുടെ കാര്‍ തടയുകയുമായിരുന്നു. ഇതേതുടര്‍ന്ന് നടി കാറില്‍ നിന്നിറങ്ങി ചടങ്ങില്‍ പങ്കെടുക്കാനെത്തിയെങ്കിലും മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഇതിനിടെ, വാര്‍ത്തയോട് പ്രതികരിച്ച് ഭാമ ഫേസ്ബുക്കില്‍ വിശദീകരണവുമായി രംഗത്തെത്തി. സെലിബ്രിറ്റി മാനേജ്‌മെന്റിലെ മനേജിങ്ങ് ഡയറക്ടര്‍ എന്ന പേരില്‍ ശ്രീജിത്ത് രാജാമണി എന്ന വ്യക്തിയാണ് തന്നെ സമീപിച്ചതെന്ന് ഭാമ പറയുന്നു. ഉദ്ഘാടനത്തിന് രണ്ടര ലക്ഷം രൂപ നല്‍കാമെന്നും സമ്മതിച്ചു. ഇതില്‍ ഒരു ലക്ഷം രൂപ മുന്‍കൂറായി നല്‍കാമെന്നും ബാക്കി തുക ഉദ്ഘാടനത്തിന് ശേഷം കൈമാറാമെന്നുമായിരുന്നു ധാരണ.

എന്നാല്‍, 15,000 രൂപ മാത്രമാണ് അഡ്വാന്‍സായി ലഭിച്ചത്. ഉദ്ഘാടന സ്ഥലത്ത് എത്തിയപ്പോള്‍ ശ്രീജിത്ത് രാജാമണിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഉദ്ഘാടന ചടങ്ങ് നടത്തും മുന്‍പ് ബാക്കി പ്രതിഫല തുകയെക്കുറിച്ച് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി ഞെട്ടിക്കുന്നതായിരുന്നു. ഭാമയുടെ പേരില്‍ 50000 രൂപ വാങ്ങി ശ്രീജിത്ത് രാജാമണി സ്ഥലത്തു നിന്നും മുങ്ങിയിരുന്നുവെന്നാണ് അറിയാന്‍ സാധിച്ചത്.

ചതിക്കപ്പെട്ടു എന്നു മനസ്സിലായിട്ടും താന്‍ ഏറ്റ കാര്യം പൂര്‍ത്തീകരിച്ച ശേഷമാണ് അവിടെ നിന്നും പോന്നത്. അതിനാല്‍ ഇതില്‍ തനിക്കെതിരെ വരുന്ന വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും ഭാമ പറയുന്നു.
ചലച്ചിത്രമേഖലയിലുള്ള സഹപ്രവര്‍ത്തകരോട് ശ്രീജിത്ത് രാജാമണിയെപ്പോലുള്ളവരെ സൂക്ഷിക്കണമെന്നും തനിക്ക് സംഭവിച്ച ചതിയില്‍ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണെന്നും ഭാമ പോസ്റ്റില്‍ വ്യക്തമാക്കി.

‘ഇനിയൊരാള്‍ക്കും ഇങ്ങനെയൊരു അനുഭവം ഉണ്ടാവാതിരിക്കട്ടെ. എന്നെ സ്‌നേഹിക്കുന്നവരോട് ഒരു കാര്യം. നിങ്ങള്‍ നല്‍കുന്ന പിന്തുണയേക്കാള്‍ പണത്തെ സ്‌നേഹിക്കുന്നയാളല്ല ഞാന്‍. ഇത് സംബന്ധിച്ച് വന്നിരിക്കുന്ന തെറ്റായ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന് എല്ലാവരോടും അഭ്യര്‍ഥിക്കുന്നു.” എന്നും പറഞ്ഞാണ് നടി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.