1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 14, 2016

സ്വന്തം ലേഖകന്‍: ഫിദല്‍ കാസസ്‌ട്രോക്ക് 90 ആം പിറന്നാള്‍ സമ്മാനമായി ആരാധകന്‍ നല്‍കിയത് 90 മീറ്റര്‍ നീളമുള്ള ചുരുട്ട്. ക്യൂബയുടെ മുന്‍ പ്രസിഡന്റും വിപ്ലവകാരിയുമായ ഫിദല്‍ കാസ്‌ട്രോയുടെ തൊണ്ണൂറാം പിറന്നാളിനാണ് 90 മീറ്റര്‍ വലിപ്പമുള്ള ചുരുട്ടുമായി ക്യൂബന്‍ പുകയില വ്യാപാരിയായ കാസ്റ്റ്‌ലര്‍ രംഗത്തെത്തിയത്.

ചുരുട്ടിനെക്കുറിച്ച് കാസ്റ്റലര്‍ പറയുന്നത്, ‘എന്നെക്കുറിച്ച് അദ്ദേഹം അറിയണമെന്നില്ല, എന്നാല്‍ അദ്ദേഹത്തിന്റെ പിറന്നാളാഘോഷത്തിനു വേണ്ടിയുള്ള ഞങ്ങളുടെ അദ്ധ്വാനം അദ്ദേഹത്തിനു സമര്‍പ്പിക്കുകയാണ്.’

കാസ്റ്റ്‌ലറും സംഘവും 10 ദിവസം 12 മണിക്കൂര്‍ ജോലിചെയ്താണ് ചുരുട്ട് തയ്യാറാക്കിയിരിക്കുന്നത്. ഹവാന ബീച്ചിലെ ഫോര്‍ട്ടിലാണ് ചുരുട്ട് ഒരുക്കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും നീളമുള്ള ചുരുട്ട് നിര്‍മിച്ച് ആറു തവണ ഗിന്നസ് ബുക്കില്‍ പേരു ചേര്‍ത്ത വ്യക്തിയാണ് കാസ്റ്റലര്‍. എന്നാല്‍ കാസ്‌ട്രോക്കു വേണ്ടി നിര്‍മിച്ചതാണ് ഏറ്റവും വലിതെന്നും കാസ്റ്റ്‌ലര്‍ അവകാശപ്പെട്ടു.

1926 ആഗസ്റ്റ് 13ന് ക്യൂബയിലെ ഹോളോഗിന്‍ പ്രവിശ്യയിലെ മയാറിക്കു സമീപത്ത് ബിറാസിലാണ് ഫിദല്‍ അലക്‌സാന്‍ഡ്രോ കാസ്‌ട്രോ റൂസ് ജനിച്ചത്. സ്‌പെയിനില്‍നിന്നു കുടിയേറിപ്പാര്‍ത്ത കരിമ്പിന്‍തോട്ടമുടമ എയ്ഞ്ചല്‍ കാസ്‌ട്രോയുടെയും ലിന ഗോണ്‍സാലസിന്റെയും ഒമ്പതു മക്കളില്‍ അഞ്ചാമനായിരുന്നു ഫിദല്‍ കാസ്‌ട്രോ.

അഞ്ചു പതിറ്റാണ്ടോളം രാജ്യം ഭരിച്ച കാസ്‌ട്രോ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യത്തിന്റെ പരമോന്നത സ്ഥാനത്തിരുന്ന ഭരണാധികാരിയെന്ന അപൂര്‍വ ബഹുമതി സ്വന്തമാക്കിയാണ് 2008 ല്‍ സ്ഥാനമൊഴിഞ്ഞത്. ആരോഗ്യ പ്രശ്‌നങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്നായിരുന്നു കാസ്‌ട്രോ ക്യൂബയുടെ പ്രസിഡന്റ്, കമാന്‍ഡര്‍ ഇന്‍ ചീഫ് സ്ഥാനങ്ങളില്‍നിന്ന് പടിയിറങ്ങിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.