1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 9, 2018

സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുമായി വിയോജിപ്പ്; ബ്രെക്‌സിറ്റ് മന്ത്രി ഡേവിഡ് ഡേവിസ് രാജിവെച്ചു. ബ്രെക്‌സിറ്റിന് ശേഷമുള്ള യുകെയൂറോപ്യന്‍ യൂണിയന്‍ സഹകരണവുമായി ബന്ധപ്പെട്ടു പ്രധാനമന്ത്രി തെരേസാ മേയുടെ പദ്ധതി ബ്രിട്ടീഷ് മന്ത്രിസഭ അംഗീകരിച്ചതിന് തൊട്ടുപിന്നാലെയാണ് രാജി.

2016 ലാണ് ഡേവിസ് ബ്രെക്‌സിറ്റ് സെക്രട്ടറിയായ നിയമിതനായത്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പിന്‍മാറിയതില്‍ മുഖ്യപങ്ക് വഹിച്ചത് ഡേവിസായിരുന്നു. പ്രധാനമന്ത്രിയുടെ പദ്ധതിയോട് ഡേവിസ് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

നേരത്തെ, മേയുടെ വസതിയില്‍ നടന്ന ചര്‍ച്ചയ്ക്കു ശേഷമാണ് മന്ത്രിസഭാംഗങ്ങള്‍ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചത്. കാര്‍ഷികോത്പന്നങ്ങളുടെയും വ്യാവസായികോത്പന്നങ്ങളുടെയും വിപണനത്തിന് പൊതുവായ നിയമാവലി കൊണ്ടുവരണമെന്നാണ് പദ്ധതിയിലൂടെ നിര്‍ദേശിക്കുന്നത്.

യൂറോപ്പുമായുള്ള ഭാവിബന്ധത്തിനായി തെരേസ മേയ് മുന്നോട്ട് വച്ചിരിക്കുന്ന ”തേഡ് വേ” രൂപരേഖയെ എതിര്‍ക്കുമെന്ന് വിദേശകാര്യ മന്ത്രി ബോറിസ് ജോണ്‍സണും നേരത്തെ വ്യക്തമാക്കിയിരുന്നു. തെരേസ മേയുടെ നിര്‍ദ്ദേശങ്ങള്‍ യുഎസുമായുള്ള ബ്രിട്ടന്റെ വ്യാപരത്തിന് തടസമാകുമെന്ന വാദവുമായി ബ്രെക്‌സിറ്റര്‍മാരും രംഗത്തെത്തിയിട്ടുണ്ട്.
തെരേസ മേയുടെ രൂപരേഖ പ്രകാരം ബ്രെക്‌സിറ്റിനു ശേഷവും വ്യാപാര രംഗത്ത് യുകെ യൂറോപ്യന്‍ സ്റ്റാന്‍ഡേര്‍ഡുകളുമായി ചേര്‍ന്ന് മുന്നോട്ട് പോകാന്‍ നിര്‍ദ്ദേശമുണ്ട്. യൂറോപ്യന്‍ നീതിന്യായ കോടതിയുടെ ഉത്തരവുകളെ മാനിക്കാനും പിന്തുടരാനും പ്രധാനമന്ത്രി നിര്‍ദ്ദേശിക്കുന്നു. ഈ നിര്‍ദ്ദേശങ്ങളാണ് വിമതരെ പ്രകോപ്പിച്ചിരിക്കുന്നത്.

എന്നാല്‍ ഈ പദ്ധതികള്‍ ബ്രസല്‍സ് നിഷ്‌കരുണം നിരസിക്കുമെന്നും ഇത് ബ്രിട്ടീഷ് സര്‍ക്കാരിന്റെ സമയം കളയുന്ന രൂപരേഖാ ചര്‍ച്ചകളാണെന്നുമാണ് ബ്രെക്‌സിറ്റ് മന്ത്രി ഡേവിഡ് ഡേവിസ് തുടക്കം മുതല്‍ സ്വീകരിച്ചിരുന്ന നിലപാട്. ബ്രെക്‌സിറ്റിന്റെ ഗൗരവം നഷ്ടപ്പെടുത്തുന്നതാണ് തെരേസാ മേയ് കൊണ്ടുവരുന്ന മാറ്റങ്ങള്‍ എന്നും ഡേവിസ് തന്റെ രാജിക്കത്തില്‍ ആരോപിക്കുന്നു. നിലവിലെ മാറ്റങ്ങള്‍ ഭാവിയില്‍ വ്യവസ്ഥകളില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകുന്നതിന് വഴി തെളിക്കുമെന്നും ഡേവിസ് രാജിക്കത്തില്‍ പറയുന്നു.

എന്നാല്‍ ഡേവിസിന്റെ നിലപാടിനോട് യോജിക്കാനാകില്ലെന്നാണ് വ്യക്തമാക്കിയ തെരേസാ മേയ് മന്ത്രിസഭ ഒറ്റക്കെട്ടായാണ് പുതിയ തീരുമാനമെടുത്തതെന്നും അവകാശപ്പെട്ടു. ഡേവിഡ് ഡേവിസിന്റെ രാജിയില്‍ ദുഖം രേഖപ്പെടുത്തിയ മേയ് ബ്രെക്‌സിറ്റിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ക്ക് നന്ദിയുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.