1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 25, 2020

സ്വന്തം ലേഖകൻ: തെക്ക്-പടിഞ്ഞാറൻ ലണ്ടനിലെ അനധികൃത തെരുവ് പാർട്ടിയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഇരുപത്തിരണ്ട് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും അവരുടെ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ബുധനാഴ്ച രാത്രിയാണ് ബ്രിക്‌സ്റ്റണിൽ ലൈസൻസില്ലാത്ത സംഗീത പരിപാടി സംഘടിപ്പിച്ചത്. ഏറ്റുമുട്ടലിനെ തുടർന്ന് പാർട്ടിയിൽ പങ്കെടുത്ത രണ്ടു പേരെയും രണ്ട് ഉദ്യോഗസ്ഥരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിരവധി പോലീസ് വാഹനങ്ങൾ തകർക്കുന്നതും ഉദ്യോഗസ്ഥരെ പിന്തുടർന്ന് ആക്രമിക്കുന്നതുമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. രണ്ട് പേരെ കത്തികൊണ്ട് ആക്രമിക്കുന്നതാണ് മറ്റൊരു വീഡിയോ. രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ലണ്ടൻ ആംബുലൻസ് സർവീസ് അറിയിച്ചു. അതിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്.

സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു. പോലീസിനെതിരായ ആക്രമണത്തെ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് മെറ്റ് അധികൃതർ പ്രതികരിച്ചു. പോലീസിനെതിരായ അതിക്രമങ്ങൾ അനുവദിക്കില്ലെന്ന് ഡൌണിംഗ് സ്ട്രീറ്റും പ്രസ്താവനയിൽ പറഞ്ഞു.

എമർജൻസി വിഭാഗത്തിൽപ്പെടുന്ന സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കുന്നവർക്കുള്ള പരമാവധി ശിക്ഷ ഇരട്ടിയാക്കുന്നത് സംബന്ധിച്ച് സർക്കാർ ഉടൻ നീക്കം തുടങ്ങുമെന്ന് പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു.

ബ്രിട്ടനിൽ ഈ വർഷത്തെ ഏറ്റവും ചൂടേറിയ ദിവസം

ഈ വർഷത്തെ ഏറ്റവും ചൂടേറിയ ദിവസമായിരുന്ന ഇന്നലെ ഹീത്രൂ വിമാനത്താവളത്തിൽ 31 ഡിഗ്രി ചൂട് രേഖപ്പെടുത്തി. ഉഷ്ണക്കാറ്റും തുടർന്ന് വെയിൽസിലും നോർത്തേൺ അയർലൻഡിലും സ്കോട്ട്ലൻഡിന്റെ ചില ഭാഗങ്ങളിലും തണ്ടർസ്റ്റോമും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. 1976ൽ രേഖപ്പെടുത്തിയ 35.6 ഡിഗ്രിയാണ് ഇതുവരെ ജൂൺമാസത്തിൽ ബ്രിട്ടനിൽ രേഖപ്പെടുത്തിയിട്ടുള്ള റെക്കോർഡ് താപനില. ഇക്കുറി ഇതിനെ കടത്തിവെട്ടുന്ന ചൂടുണ്ടാകുമെന്നാണ് പ്രവചനം.

ലോക്ഡൗണും കൊവിഡ് പ്രോട്ടോക്കോളും എല്ലാം മറന്ന് ആളുകൾ കൂട്ടത്തോടെ ബീച്ചുകളിലേക്കും പാർക്കുകളിലേക്കും ഇറങ്ങുന്ന കാഴ്ചയാണ് ബ്രിട്ടനിലെല്ലാം. ബീച്ചുകളെല്ലാം നിറയുന്ന സ്ഥിതിയാണ്. ബോൺമൌത്ത്, ചെഷെയർ, ഡെർബിഷെയർ, ബ്രൈറ്റൺ, ബ്ലാക്ക്പൂൾ, മാർഗേറ്റ്, ഹെരൺ ബേ, സൌത്ത് എൻഡ് തുടങ്ങിയ പ്രധാന ബീച്ചുകളിലെല്ലാം വൻ ജനക്കൂട്ടമെത്തി.

ബ്രിട്ടനിൽ ഇന്നലെ 154 പേരാണ് കൊവിഡ് മൂലം മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 43,081 ആയി. 653 പേർക്കാണ് പുതുതായി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.

ഇന്ത്യ, ചൈന സംഘർഷം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ബോറിസ് ജോണ്‍സണ്‍

ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷം ആശങ്കയുണ്ടാക്കുന്നതാണെന്ന് ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറീസ് ജോണ്‍സണ്‍. ഇരുരാജ്യങ്ങളും പ്രശ്‌നങ്ങള്‍ സംസാരിച്ചു തീര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കിഴക്കന്‍ ലഡാക്കിലെ വര്‍ദ്ധിച്ചു വരുന്ന സംഘര്‍ഷം വളരെ ഗൗരവമേറിയതാണെന്നും ആശങ്കാജനകമായ ഒരു സാഹചര്യമാണ് ഇതെന്നും പറഞ്ഞ ബോറിസണ്‍ ‘യു.കെ സൂക്ഷ്മമായി പ്രശ്‌നം നിരീക്ഷിക്കുന്നുണ്ടെന്ന് വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.