1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 13, 2019

സ്വന്തം ലേഖകന്‍: പുനര്‍നിര്‍മിക്കുന്നത് പാരിസ്ഥിതിക ദുരന്തങ്ങളെ നേരിടാന്‍ പ്രാപ്തമായ പുതിയ കേരളത്തെ; ജനീവയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ പരിസ്ഥിതി സൗഹാര്‍ദ പുനര്‍നിര്‍മാണമാണു ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയത്തിനു മുമ്പുണ്ടായിരുന്നവ പുനഃസ്ഥാപിക്കുകയല്ല, പകരം ഭാവിയിലുണ്ടായേക്കാവുന്ന പാരിസ്ഥിതിക ദുരന്തങ്ങളെ നേരിടാന്‍ പ്രാപ്തമായ കേരളത്തെയാണു പുനര്‍നിര്‍മിക്കുകയെന്നും ജനീവയില്‍ ഐക്യരാഷ്ട്രസഭ സംഘടിപ്പിച്ച ലോക പുനര്‍നിര്‍മാണ സമ്മേളത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

‘നവകേരള നിര്‍മാണത്തിനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതൊരു കര്‍മപദ്ധതിയായാണു നടപ്പാക്കുന്നത്. കേരളത്തെ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ പുനര്‍നിര്‍മിക്കുകയെന്ന വെല്ലുവിളിയാണ് ഏറ്റെടുത്തിരിക്കുന്നത്. പ്രകൃതിസൗഹൃദ നിര്‍മാണരീതികള്‍, നദീജലത്തിനു കൂടുതലിടം നല്‍കുന്ന നയങ്ങള്‍, പ്രളയത്തോടൊപ്പം ജീവിക്കുകയും അതിനെ അതിജീവിക്കുകയും ചെയ്യുന്ന ശൈലി എന്നിവയാണ് ഈ ദൗത്യത്തിന്റെ മുഖ്യഘടകങ്ങള്‍.

90 വര്‍ഷത്തിനിടെ ശക്തമായ പ്രകൃതിദുരന്തങ്ങളൊന്നും കേരളത്തിനു നേരിടേണ്ടി വന്നിട്ടില്ല. എന്നാല്‍ 2018 ഓഗസ്റ്റിലുണ്ടായ പ്രളയം സര്‍ക്കാരിനും പൊതുസമൂഹത്തിനും വലിയ വെല്ലുവിളി സൃഷ്ടിച്ചു. കേരളത്തെ പ്രളയം രൂക്ഷമായി ബാധിച്ചു. 453 വിലയേറിയ ജീവനുകളാണു നഷ്ടമായത്.’ അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രളയത്തെ നിശ്ചയദാര്‍ഢ്യത്തോടെയാണു കേരളം നേരിട്ടതെന്നും മത്സ്യത്തൊഴിലാളികള്‍ സമയബന്ധിതമായി നടത്തിയ ഇടപെടല്‍ ഒട്ടേറെ ജീവനുകള്‍ രക്ഷിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിനു സാമൂഹിക സുരക്ഷാ നടപടികളുടെ ഒരു ദീര്‍ഘമായ ചരിത്രമുണ്ട്. ഭൂപരിഷ്‌കരണം, വിദ്യാഭ്യാസആരോഗ്യ മേഖലകളിലെ ഇടപെടലുകള്‍ തുടങ്ങി ഒട്ടേറെ പുരോഗമനപരമായ ഇടപെടലുകള്‍ നടത്തിയിട്ടുള്ള സംസ്ഥാനത്തിന് ഇപ്പോഴത്തെ ദൗത്യവും ജനപങ്കാളിത്തത്തോടെ നടപ്പാക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയുണ്ട്. ശക്തമായ വികേന്ദ്രീകൃത ഭരണസമ്പ്രദായം ഇക്കാര്യത്തില്‍ നമുക്കു വലിയ താങ്ങായിരിക്കും.

പുനരധിവാസ പദ്ധതികള്‍ സമൂഹത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്നവരുടെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണത്തിനും പാര്‍പ്പിടത്തിനും പരമപ്രാധാന്യം നല്‍കുന്നു. ഈ വിഭാഗങ്ങള്‍ക്ക് അവ ഔദാര്യമായല്ല, മറിച്ച്, അവരുടെ അവകാശമായി ലഭ്യമാക്കുന്നത് ഉറപ്പാക്കുകയാണു നമ്മുടെ ലക്ഷ്യം. മേയ് മാസം ഫാനി ചുഴലിക്കാറ്റ് ഒഡിഷയെ വളരയെധികം ബാധിച്ചു. മനുഷ്യജീവനുകള്‍ക്കു കാര്യമായ നഷ്ടമുണ്ടാകാതെ ഈ ദുരന്തത്തെ അതിജീവിക്കാന്‍ അവര്‍ക്കു കഴിഞ്ഞത് ആവശ്യമായ മുന്നറിയിപ്പ് ലഭിച്ചതുകൊണ്ടാണ്.

മുന്നറിയിപ്പ് സംവിധാനങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന്റെ പ്രാധാന്യമാണ് ഇവിടെ ശ്രദ്ധേയമാകുന്നത്. ആഗോളതാപനം കാരണമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങളും വെള്ളപ്പൊക്കവും കൊടുങ്കാറ്റും കൂടുതലുണ്ടാകുന്ന ഈ കാലഘട്ടത്തില്‍ മുന്നറിയിപ്പ് സംവിധാനങ്ങളുടെ പ്രാധാന്യം വളരെ വലുതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിന്റെ പുനര്‍നിര്‍മാണ പ്രക്രിയയില്‍ സന്നദ്ധരായ വിവിധ സ്ഥാപനങ്ങളുടെ സഹായം കേരളത്തിനു ലഭ്യമാക്കണമെന്ന് യു.എന്‍.ഡി.പി അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ അസാഖോ ഓഖായിയോട് അഭ്യര്‍ഥിച്ചതായി മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.