1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 28, 2020

സ്വന്തം ലേഖകൻ: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുകയാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സംസ്ഥാനത്ത് 633 പേര്‍ നിരീക്ഷണത്തിലെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ ഏഴ് പേർ ഐസൊലേഷൻ വാർഡിലാണ്. 197 പേരാണ് ഇന്ന് മുതൽ നിരീക്ഷണത്തിലുള്ളത്. 10 പേരുടെ സാമ്പിളുകൾ അയച്ചതിൽ ആറ് പേരുടേത് നെഗറ്റീവ് ആണെന്ന് ഫലം വന്നു. ബാക്കി നാലുപേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. കണ്‍ട്രോള്‍ റൂമിലെ അവലോകന യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

എല്ലാ ജില്ലകളിലും കൺട്രോൾ റൂം തുറന്നിട്ടുണ്ട്. വീട്ടിലെ നിരീക്ഷണത്തിന് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെയും വാർഡ് കൗൺസിലർമാരുടേയും സഹായം തേടാമെന്ന് മന്ത്രി പറഞ്ഞു. ചൈനയിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളെ മടക്കി കൊണ്ടുവരണമെന്നും അവരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു. കൊച്ചിക്ക് പുറമേ തിരുവനന്തപുരം വിമാനത്താവളത്തിലും നിരീക്ഷണം ഏര്‍പ്പെടുത്തി.

അതേസമയം, കോറോണ വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 106 ആയി. തലസ്ഥാന നഗരമായ ബീജിങിൽ ഒരാൾ മരിച്ചു. 4500 പേർക്കാണ് രോഗം ഇതുവരെ സ്ഥിരീകരിച്ചത്. വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹനുൾപ്പെടെയുള്ള പല നഗരങ്ങളും അടഞ്ഞുകിടക്കുകയാണ്. ചൈനീസ് പ്രധാനമന്ത്രി ലി കുചിയാങ് വുഹാനിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ചൈനയിലെത്തിയ ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ മന്ത്രിമാരുമായും ആരോഗ്യവിദഗ്ധരുമായും ചർച്ച നടത്തി. ചൈനക്ക് പുറമേ 16 രാജ്യങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്.

കൊറോണ രോഗബാധ കാര്യമായ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ നിന്നും കുടുംബാംഗങ്ങളിലേക്കും സമൂഹത്തിലേക്കും പകരാന്‍ സാധ്യതയുണ്ട് എന്ന് ചൈന മുന്നറിയിപ്പ് നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ സുരക്ഷാ മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്. കൊറോണ അണുബാധ സ്ഥിരീകരിക്കപ്പെട്ട ചൈന, മറ്റു രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും കേരളത്തില്‍ എത്തിയവര്‍ അടുത്ത 28 ദിവസം നിര്‍ബന്ധമായും വീടുകള്‍ക്ക് ഉള്ളില്‍ തന്നെ കഴിയണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

വൈദ്യസഹായത്തിനുവേണ്ടി മാത്രമേ വീട് വിട്ട് പുറത്ത് പോകാന്‍ പാടുള്ളു. ഇതിനുവേണ്ടിയും ദിശ നമ്പറില്‍ വിളിച്ച് (04712552056) നിര്‍ദ്ദേശങ്ങള്‍ ലഭിച്ചതിനു ശേഷം മാത്രമേ പുറപ്പെടാവൂ.വീട്ടില്‍ ഉള്ള മറ്റു കുടുംബാംഗങ്ങളുമായുള്ള സമ്പര്‍ക്കം കര്‍ശനമായി ഒഴിവാക്കുക.

ബാത്ത് അറ്റാച്ച്ഡ് ആയതും വായൂ സഞ്ചാരമുള്ളതുമായ മുറിയില്‍ തന്നെ കഴിയേണ്ടതാണ്.

പാത്രങ്ങള്‍, കപ്പ്, ബെഡ് ഷീറ്റ്, തുടങ്ങിയവ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്.

തോര്‍ത്ത്, വസ്ത്രങ്ങള്‍, കിടക്കവിരി മുതലായവ ബ്‌ളീച്ചിംഗ് ലായനി (1 ലിറ്റര്‍ വെള്ളത്തില്‍ 3 ടിസ്പൂണ്‍ ബ്‌ളീച്ചിംഗ് പൌഡര്‍) ഉപയോഗിച്ച് പ്രത്യേകം കഴുകി വെയിലത്ത് ഉണക്കി ഉപയോഗിക്കേണ്ടതാണ്.

ചുമയ്ക്കാനോ തുമ്മാനോ തോന്നിയാല്‍ തൂവാല / തോര്‍ത്ത് / തുണി തുടങ്ങിയവ കൊണ്ട് വായും മൂക്കും മറയ്ക്കണം. ഇവ അണുവിമുക്തമാക്കേണ്ടതാണ്. പൊതുസ്ഥലത്ത് തുപ്പാതിരിക്കുകയും ചെയ്യേണ്ടതാണ്.

സന്ദര്‍ശകരെ വീട്ടില്‍ ഒരുകാരണവശാലും അനുവദിക്കാതിരിക്കുക.

വീട്ടില്‍ ഉള്ള മറ്റുകുടുംബാംഗങ്ങള്‍ വേറെ മുറികളില്‍ മാത്രം താമസിക്കാന്‍ ശ്രദ്ധിക്കുക.

നിരീക്ഷണത്തില്‍ ഉള്ള വ്യക്തി ഉപയോഗിച്ച മേശ, കസേര മുതലായ സാമഗ്രികളും ബാത്ത്‌റൂം, കക്കൂസ് തുടങ്ങിയവയും ബ്‌ളീച്ചിംഗ് ലായനി ഉപയോഗിച്ച് വൃത്തിയാക്കുക.

എപ്പോഴെങ്കിലും പനി , ചുമ, ശ്വാസതടസം എന്നീ ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണങ്കില്‍ ഓരോ ജില്ലയിലും പ്രസിദ്ധീകരിച്ചിരിക്കുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെട്ട ശേഷം അതാത് ആശുപത്രികളിലേക്ക് പോകുക. ഓരോ ജില്ലയിലും മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ രണ്ട് ആശുപത്രികളില്‍ പ്രത്യേകം ഐസോലേഷന്‍ ചികിത്സാ സംവിധാനം കൊറോണ മുന്‍ ഒരുക്കങ്ങളുടെ ഭാഗമായി സജ്ജമാക്കിയിട്ടുണ്ട്.

ഓരോ ആശുപത്രിയിലും നോഡല്‍ ഓഫീസറിന്റെയും സൂപ്രണ്ടിന്റെയും ഐസോലേഷന്‍ സംവിധാനത്തിന്റെയും ഫോണ്‍ നമ്പര്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇവരെ ഫോണില്‍ ബദ്ധപ്പെട്ടതിനുശേഷം ഐസോലേഷന്‍ ചികിത്സാ സംവിധാനം ഏര്‍പ്പെടുത്തിയ മുറിയിലേക്ക് നേരിട്ട് പോകേണ്ടതാണ്. ഇതിനു വേണ്ടി ഇതര ഒ.പി ക്യാഷ്വാലിറ്റി ഭാഗത്തേക്ക് പോകേണ്ട ആവശ്യം ഇല്ല.

എത്രയും പെട്ടന്ന് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാനും മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് തടയാനും വേണ്ടിയാണ് ഈ ക്രമീകരണം, നിര്‍ദ്ദിഷ്ട വ്യക്തിയും, കൂടെ പോകുന്ന ആളും മാസ്‌ക് അല്ലങ്കില്‍ തൂവാല കൊണ്ട് മുഖം മറയ്ക്കണം. പൊതു വാഹനങ്ങള്‍ യാത്രക്ക് ഒഴിവാക്കണം. ആശുപത്രി നമ്പര്‍ കൂടാതെ ദിശ നമ്പറില്‍ നിന്നും(0471 2552056) വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.