1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 21, 2020

സ്വന്തം ലേഖകൻ: കോവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ഞായറാഴ്ചത്തെ ജനതാ കർഫ്യൂവിന് പൂർണമായി ഒരുങ്ങി രാജ്യം. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളെല്ലാം കർഫ്യൂവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ 7 മുതൽ രാത്രി 9 വരെ ജനങ്ങൾ പുറത്തിറങ്ങാതെ വീടിനകത്ത് ഇരിക്കണമെന്നാണു പ്രധാനമന്ത്രിയുടെ ആഹ്വാനം.

14 മണിക്കൂർ നീളുന്ന കർഫ്യൂവിന്റെ ഭാഗമായി നിരത്തുകളിൽനിന്നു മാറിനിൽക്കാനും പൊതുഗതാഗതം ഉപയോഗിക്കാതിരിക്കാനും ജനം ശ്രദ്ധിക്കണമെന്നാണു രാജ്യത്തെ അഭിസംബോധന ചെയ്തു മോദി ആവശ്യപ്പെട്ടു. ജനം ജനങ്ങൾവേണ്ടി നടപ്പാക്കുന്ന കർഫ്യൂ ആണിതെന്നും മോദി വിശേഷിപ്പിച്ചു. അവശ്യ സേവനങ്ങളായ ആരോഗ്യവകുപ്പ്, പൊലീസ്, മാധ്യമങ്ങൾ എന്നിവയ്ക്കു മാത്രമാണ് ഇളവുള്ളത്.

ലോകമെമ്പാടും കൊവിഡ് 19 വൈറസ് ബാധ പരക്കുന്ന സാഹചര്യത്തില്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടികളുമായി യുഎഇ ഭരണകൂടം. ബോധപൂര്‍വം രോഗം പരത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

2014ല്‍ പ്രാബല്യത്തില്‍ വന്ന യുഎഇ സാംക്രമിക രോഗ നിയമപ്രകാരം, ബോധപൂര്‍വം രോഗം പരത്തുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ ജയില്‍ ശിക്ഷയും അര ലക്ഷം ദിര്‍ഹം മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കും. മറ്റുള്ളവരിലേക്ക് അസുഖം പരത്താന്‍ കാരണമാകുന്ന പ്രവൃത്തികള്‍ ക്രിമിനല്‍ കുറ്റമായാണ് കണക്കാക്കുന്നത്. ഇതൊടൊപ്പം ആര്‍ക്കെങ്കിലും സാംക്രമിക രോഗമുണ്ടെന്ന് അറിയുകയോ അല്ലെങ്കില്‍ സംശയിക്കുകയോ അതുമല്ലെങ്കില്‍ സാംക്രമിക രോഗം കാരണമായി ഒരാള്‍ മരണപ്പെടുകയോ ചെയ്താല്‍ ഇക്കാര്യം ബന്ധപ്പെട്ട അധികൃതരെ അറിയിക്കേണ്ടത് പൊതുജനങ്ങളുടെ ബാധ്യതയാണ്. ഇത് പാലിക്കാത്തവര്‍ക്കും മൂന്ന് വര്‍ഷം ജയില്‍ ശിക്ഷയും 10,000 ദിര്‍ഹം പിഴയും.

വിദേശ രാജ്യങ്ങളില്‍ നിന്നുവരുന്നവര്‍ നിര്‍ബന്ധിത നിരീക്ഷണത്തില്‍ പോകുന്നത് ഉള്‍പ്പെടെ കൊവിഡ് പ്രതിരോധത്തിനായി അധികൃതര്‍ നിര്‍ദേശിച്ച എല്ലാ മുന്‍കരുതല്‍ നടപടികളും കര്‍ശനമായി പാലിക്കണമെന്ന് യുഎഇ അറ്റോര്‍ണി ജനറല്‍ ഡോ. ഹമദ് അല്‍ ശംസി ആവശ്യപ്പെട്ടിരുന്നു. ഇത് ലംഘിക്കുന്നത് ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. ഇതോടൊപ്പം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെയും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

മരണസംഖ്യ 11,000 കടന്നതോടെ കോവിഡ് ഭീഷണിക്കെതിരെ ലോകരാജ്യങ്ങൾ നിയന്ത്രണം കർശനമാക്കി. ഇറ്റലിയിൽ ഒറ്റദിവസം ആറായിരത്തോളം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇറ്റലിയിൽ മരണസംഖ്യ 4000 കടന്നു. 5986 പേർക്ക് പുതിയതായി രോഗം ബാധിച്ചു. 24 മണിക്കൂറിനിടെ 627 പേരാണ് ഇറ്റലിയിൽ മരിച്ചത്. ആകെ രോഗബാധിതർ 47021.

ഇറാനിൽ 1433 പേരും സ്പെയിനിൽ 1093 പേരും മരിച്ചു. യുഎഇയിലും കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. യുഎഇയിൽ കോവിഡ് ബാധിച്ച് അറബ്, എഷ്യൻ പൗരൻമാർ മരിച്ചതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ആളുകൾ പുറത്തിറങ്ങുന്നതു വിലക്കിയതിനെ തുടർന്ന് കലിഫോർണിയയിൽ 4 കോടി പേർ വീട്ടിലൊതുങ്ങി. ബ്രിട്ടൻ ഭൂഗർഭ റെയിൽവേ സ്റ്റേഷനുകൾ അടച്ചു. ലോകത്ത് കോവിഡ് 19 ബാധിച്ചുള്ള ആകെ മരണം 11,383.

ഫ്രാൻസും ഓസ്ട്രിയയും കരുതൽ നിയന്ത്രണം നീട്ടി. ഓസ്‌ട്രേലിയയിലും ന്യുസീലൻഡിലും പ്രവാസികളെ വിലക്കി. റഷ്യയിലും ആഫ്രിക്കൻ രാജ്യമായ ബുർകിനഫാസോയിലും ആദ്യ മരണം സ്ഥിരീകരിച്ചു. ഫിജിയിലും രോഗം സ്ഥിരീകരിച്ചു. അർജന്റീനയിലും നിയന്ത്രണം കർശനമാക്കി. യുഎസിൽ ജൂണി‍ൽ നടത്താനിരുന്ന ജി 7 ഉച്ചകോടി വിഡിയോ കോൺഫറൻസ് ആയി പരിമിതപ്പെടുത്തി.

കർശനമായി നിയന്ത്രിച്ചില്ലെങ്കിൽ കോടിക്കണക്കിനു പേരെ രോഗം കൊന്നൊടുക്കുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പു നൽകി. പകര്‍ച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകള്‍ വാട്‌സ് ആപ്പിലൂടെ ജനങ്ങളിലെത്തിക്കുന്നതിനായി ലോകാരോഗ്യ സംഘടന തീരുമാനിച്ചു.

സൗജന്യമായ ഈ സേവനത്തിലൂടെ പൊതുജനങ്ങള്‍ക്ക് കൊറോണ വൈറസിനെ കുറിച്ചുള്ള സംശയങ്ങള്‍ ചോദിച്ചറിയാനാവും. 24 മണിക്കൂറും ഈ സേവനം ലഭ്യമാണ്. വാട്‌സ് ആപ്പില്‍ അറിയിപ്പുകള്‍ ലഭിക്കുന്നതിനായി +41 79 893 1892 എന്ന നമ്പര്‍ സേവ് ചെയ്തുവെക്കുക. അതിന് ശേഷം വാട്‌സാപ്പില്‍ ഒരു ‘Hi’ സന്ദേശം അയക്കുക. അപ്പോള്‍ തന്നെ നിങ്ങള്‍ക്ക് കുറച്ച് സന്ദേശങ്ങള്‍ മറുപടിയായി ലഭിക്കും. പിന്നീട് എല്ലാ ദിവസവും ഏറ്റവും പുതിയ വിവരങ്ങള്‍ നിങ്ങള്‍ക്ക് വന്നുകൊണ്ടിരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.