1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 28, 2020

സ്വന്തം ലേഖകൻ: കേരളത്തിൽ പുതിയതായി ആറു പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ രണ്ട് പേർക്കും, കൊല്ലം, മലപ്പുറം, കാസർഗോഡ്, പാലക്കാട് ജില്ലകളിൽ ഓരോരുത്തർക്കുമാണ് കൊറോണ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് നാല് പേർക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 165 ആകുകയും ചെയ്തു.

കേരളത്തിൽ ഇപ്പോൾ 134370 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളിൽ 133750 പേരും ആശുപത്രികളിൽ 620 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് മാത്രം 148 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 6,067 രക്തസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 5,276 ഫലങ്ങളും നെഗറ്റീവ് ആണ്.

കോട്ടയത്ത് ചികിത്സയിലുണ്ടായിരുന്ന രണ്ട് പേർക്കും തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ ഓരോരുത്തർക്കുമാണ് ഇന്ന് രോഗം ഭേദമായത്. അതേസമയം കോവിഡ്-19 ബാധിച്ച് സംസ്ഥാനത്ത് ആദ്യ മരണം റിപ്പോർട്ട് ചെയ്ത ദിവസം കൂടിയാണിത്. 69 വയസുളള എറണാകുളം ചുളളിക്കൽ സ്വദേശിയാണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഇന്നു രാവിലെ 8 മണിയോടെയാണ് മരണം സംഭവിച്ചത്.

ഇന്ന് കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം കുറഞ്ഞു എന്ന കാരണത്താൽ ആശങ്ക ഒഴിയുന്നില്ലെന്ന് മുഖ്യമന്ത്രി. മുൻകരുതൽ നടപടികൾ കർക്കശമായി തന്നെ തുടരണമെന്നും മുഖ്യമന്ത്രി. നിരീക്ഷണത്തിലുള്ള ആളുകൾ ശക്തമായി തന്നെ നിരീക്ഷണം തുടരണം. ഏതെങ്കിലും തരത്തിലുള്ള സമൂഹവ്യാപനം ഉണ്ടാകുന്നുണ്ടോയെന്ന് അറിയാൻ റാപ്പിഡ് ടെസ്റ്റ് നടത്താനും തീരുമാനമായി.

കൊറോണ പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്നറിയാന്‍ റാപ്പിഡ് ടെസ്റ്റ് നടത്തുകയാണ് ആരോഗ്യവകുപ്പ്. അതിവേഗം ഫലം അറിയാന്‍ സാധിക്കുമെന്നതാണ് റാപ്പിഡ് ടെസ്റ്റിന്റെ പ്രധാന പ്രത്യേകത. സാമൂഹ്യ വ്യാപനം പെട്ടെന്ന് തിരിച്ചറിയേണ്ടതിനാലാണ് അതിവേഗം ഫലം ലഭിക്കുന്ന റാപ്പിഡ് ടെസ്റ്റിലേക്ക് സംസ്ഥാന ആരോഗ്യവകുപ്പ് ചുവടുമാറുന്നത്.

വൈറസ് ഒരാളുടെ ശരീരത്തില്‍ പ്രവേശിച്ച് ഏതാനം ദിവസങ്ങള്‍ കഴിഞ്ഞ ശേഷം മാത്രമേ റാപ്പിഡ് ടെസ്റ്റിലൂടെ ഫലം അറിയാന്‍ സാധിക്കു. നിലവില്‍ നിരീക്ഷണത്തിലുള്ളവരിലും അവരുമായി ബന്ധപ്പെട്ടവര്‍ തുടങ്ങിയ എല്ലാവരിലും അതിവേഗം പരിശോധന നടത്തി ഫലമറിയാന്‍ റാപ്പിഡ് ടെസ്റ്റ് സഹായിക്കും. കൊറോണ പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ ലോകത്തെ മറ്റ് രാജ്യങ്ങളും റാപ്പിഡ് ടെസ്റ്റിലൂടെ ഫലങ്ങള്‍ കണ്ടെത്തിയിരുന്നു.

അതിനിടെ ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയ മൂന്ന് പേരെ ഏത്തമിടീച്ച യതീഷ് ചന്ദ്രയ്ക്കെതിരെ മുഖ്യമന്ത്രി രംഗത്ത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്. ഇത്തരം നടപടി പൊലീസിന്‍റെ യശസിന് മങ്ങലേൽപിക്കുന്നുവെന്ന് മുഖ്യമന്ത്രി. വിഷയത്തില്‍ ആഭ്യന്തര സെക്രട്ടറി ഡി ജി പി യോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂര്‍ അഴിക്കലാണ് നടപടി. വിലക്ക് ലംഘിച്ച മൂന്ന് പേരെയാണ് എസ് പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ പൊലീസ് സംഘം ഏത്തമിടീച്ചത്. വിലക്ക് ലംഘിച്ച് പുറത്തിറങ്ങുന്നവരെ കണ്ടെത്താൻ നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമെല്ലാം എസ്പിയുടെ നേതൃത്വത്തിൽ ദിവസവും പരിശോധന നടത്തുന്നുണ്ടായിരുന്നു. ഇതിനിടെയാണ് അഴീക്കലിൽ വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയവരെ കണ്ടെത്തി ശിക്ഷാ നടപടി എടുത്തത്.

മദ്യത്തിന്‍റെ അമിതാസക്തി ഉണ്ടെങ്കിൽ, അതിനാൽ ഒരാളുടെ ജീവന് ഭീഷണി ഉണ്ടാകുന്നുവെങ്കിൽ ഡോക്ടറുടെ കുറിപ്പടി പ്രകാരം എക്സൈസ് വിശദമായി പരിശോധിച്ച് ചെറിയ അളവിൽ മദ്യം നൽകാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി. അമിതാസക്തി ഉള്ളവരിൽ ചിലർ മദ്യം കിട്ടാത്തതിനാൽ ആത്മഹത്യ ചെയ്തെന്ന റിപ്പോ‍ർട്ടുകൾ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന സാഹചര്യത്തിലാണ് തീരുമാനം. എല്ലാവർക്കും മദ്യം നൽകുന്ന പ്രശ്നമില്ലെന്നും, ഇത് പ്രായോഗികമായി എങ്ങനെ നടപ്പാക്കാമെന്ന കാര്യത്തിൽ വിശദമായ പരിശോധനയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വയനാട്ടിൽ നിന്ന് കർണാടകയിലെ കുടകിലേക്കുള്ള അന്തർ സംസ്ഥാന റോഡും കർണാടക മണ്ണിട്ട് അടച്ചു. കേരളാ അതിർത്തി കുട്ട പഴയ പോലീസ് ഗേറ്റിന് സമീപമാണ് റോഡ് മണ്ണിട്ട് മൂടിയത്. ഏഴടിയോളം പൊക്കത്തിലുള്ള മൺകൂനയാണ് റോഡിൽ തീർത്തത്. സംസ്ഥാനങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി മണ്ണിട്ട് അടക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

ഇന്നലെ കര്‍ണാടക അതിര്‍ത്തികളില്‍ മണ്ണിട്ട് അടച്ചിരുന്ന വാര്‍ത്ത ഇന്നലെയാണ് പുറത്തുവന്നത്. പ്രധാനമന്ത്രിയെ വിവരമറിയിച്ചിട്ടുണ്ടെന്നും കര്‍ണാടക സര്‍ക്കാരിൻ്റെ സമീപനം കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദ്ദേശത്തിന് വിരുദ്ധമാണെന്നും മുഖ്യമന്ത്രി ഇന്നലെ തന്നെ അറിയിച്ചിരുന്നു. കാസര്‍​ഗോട്ടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് ഡയാലിസിസിനായി മംഗാലാപുരത്തെ ആശുപത്രികളെ ആശ്രയിക്കുന്ന സാധരണക്കാര്‍ ഉള്‍പ്പെടെ പ്രതിസന്ധിയിലായിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.