1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 5, 2020

സ്വന്തം ലേഖകൻ: ലോകം മുഴുവൻ കൊറോണ വൈറസ് വ്യാപനം മൂലം പ്രതിസന്ധിയിലായപ്പോള്‍ വൈറസിനെ പിടിച്ചുകെട്ടിയ രാജ്യമായി മാറുകയാണ് തായ്‌വാൻ. ചൈനയ്ക്ക് പുറത്ത് രോഗം ആദ്യം കണ്ട രണ്ട് രാജ്യങ്ങളിലൊന്ന് തായ്‌വാനാണ്. മറ്റൊന്ന് ഓസ്ത്രിലേയയും. ചൈനയുമായി വളരെ ഏറെ വ്യാപാര ബന്ധമുള്ള രാജ്യമാണിത്.

ചൈനയുടെ അയല്‍രാജ്യം. കൊറോണ വൈറസ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ ഇവര്‍ ശക്തമായ രക്ഷാ നടപടികള്‍ സ്വീകരിച്ചു. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചെയ്തപോലെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചില്ല. എങ്ങനെയാണ് കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ തായ്‌വാന് സാധിച്ചത്. ആഗോള രാജ്യങ്ങള്‍ പരിശോധിക്കുന്ന പ്രധാന കാര്യം ഈ കൊച്ചു രാജ്യം സ്വീകരിച്ച നടപടികളാണ്.

2003ല്‍ സാര്‍സ് രോഗം വ്യാപിച്ച വേളയില്‍ ഏറ്റവും പ്രതിസന്ധി നേരിട്ട രാജ്യങ്ങളിലൊന്ന് തായ്‌വാനായിരുന്നു. തായ്‌വാന്‍, ഹോങ്കോങ്, ദക്ഷിണ ചൈന എന്നിവിടങ്ങളിലാണ് സാര്‍സ് വന്‍ നാശം വിതച്ചത്. ചൈനയില്‍ നിന്ന് 180 കിലോമീറ്റര്‍ മാത്രം അകലെയുള്ള തായ്‌വാനില്‍ ഒന്നര ലക്ഷം പേര്‍ക്ക് രോഗം ബാധിക്കുകയും 181 പേര്‍ മരിക്കുകയും ചെയ്തു.

കൊറോണ കേസ് ആദ്യം റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ സാര്‍സ് കാലത്ത് നടപ്പാക്കിയ 124 കര്‍മ പദ്ധതി തായ്‌വാന്‍ പ്രഖ്യാപിച്ചു. എല്ലാവര്‍ക്കും പരിശോധന നിര്‍ബന്ധമാക്കി. മാസ്‌കുകള്‍ കൂടുതല്‍ നിര്‍മിച്ച് വിതരണം ചെയ്തു. ചൈനയിലേക്കും തിരിച്ചുമുള്ള യാത്ര നിരോധിച്ചു. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ബന്ധിച്ചു. നിര്‍ദേശം ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയും ഏര്‍പ്പെടുത്തി.

നേരത്തെ ന്യുമോണിയ റിപ്പോര്‍ട്ട് ചെയ്ത എല്ലാവര്‍ക്കും പരിശോധന കര്‍ശനമാക്കി. കൊറോണ വൈറസ് വിവരം മറച്ചുവച്ചാല്‍ കടുത്ത ശിക്ഷ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇങ്ങനെയൊക്കെ ചെയ്‌തെങ്കിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചില്ല. സാമ്പത്തിക തിരിച്ചടി ഭയന്നാണ് ലോക്ക് ഡൗണില്‍ നിന്ന് തായ്‌വാന്‍ വിട്ടുനിന്നത്. പക്ഷേ നിയന്ത്രണങ്ങള്‍ കര്‍ശനമായിരുന്നു. തായ്‌വാനിലെ ജനങ്ങള്‍ക്ക് ഇക്കാര്യം അംഗീകരിക്കുന്നതിന് തടസവും ഉണ്ടായിരുന്നില്ല. കാരണം സാര്‍സിൽ നിന്ന് അവര്‍ പാഠം പഠിച്ചിരുന്നു.

മാസ്‌കുകളുടെയും മറ്റ് രക്ഷാ ഉപകരണങ്ങളുടെയും കയറ്റുമതി നിരോധിച്ചതും തായ്‌വാന് തുണയായി. ശേഷം രാജ്യത്തെ എല്ലാവര്‍ക്കും മാസ്‌കുകള്‍ വിതരണം ചെയ്തു. ഇതോടെ കൊറോണ വൈറസിന്റെ വ്യാപനം കുറഞ്ഞു. ഭീതി മാറിയതോടെ കഴിഞ്ഞ ബുധനാഴ്ച ഒരു കോടി മാസ്‌കുകളാണ് തായ്‌വാന്‍ അമേരിക്കയിലേക്കും യൂറോപ്പിലേക്കും കയറ്റി അയച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.