1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 25, 2020

സ്വന്തം ലേഖകൻ: കൊറോണ വൈറസ് ഭീതിയെത്തുടര്‍ന്ന് ഇറാനിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ ദുബായ് റദ്ദാക്കി. യുഎഇ ജനറല്‍ ഏവിയേഷന്‍ അതോറിറ്റിയുടെ നിർദേശത്തെത്തുടർന്നാണു നടപടി. ടെഹ്‌റാന്‍ ഒഴികെയുള്ള ഇറാനിലെ വിമാനത്താവളങ്ങളിലേക്കുള്ളതും തിരിച്ചുമുള്ള വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്.

ടെഹ്‌റാനില്‍നിന്നു നേരിട്ടുള്ള വിമാനങ്ങളില്‍ വരുന്ന യാത്രക്കാരെ ദുബായ് ആരോഗ്യ അതോറിറ്റിയും എയര്‍പോര്‍ട്ടിലെ മെഡിക്കല്‍ സെന്റര്‍ സംഘവും തെര്‍മല്‍ പരിശോധനയ്ക്കു വിധേയമാക്കുമെന്ന് ദുബായ് വിമാനത്താവള അധികൃതർ അറിയിച്ചു. ടെഹ്‌റാന്‍ ഒഴികെ ഇറാനും ദുബായ്ക്കുമിടയില്‍ ദിവസം ഒന്‍പത് വിമാന സര്‍വീസുകളാണുള്ളത്.

അതിനിടെ, ദുബായ്, ഷാര്‍ജ വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ 48 മണിക്കൂര്‍ നേരത്തേക്കു ബഹ്‌റൈന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി റദ്ദാക്കി. ഇവിടെനിന്നുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി. ബഹ്‌റൈനില്‍നിന്നു 30 സര്‍വീസുകളാണു ദുബായിലേക്കുള്ളത്. ബഹ്‌റൈന്‍ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്.

ഇറാനില്‍നിന്നു ഗള്‍ഫ് മേഖലയിലേക്കു കൊറോണ വൈറസ് ബാധ പടരുന്നതു തടയാനാണു വിമാന സര്‍വിസുകള്‍ റദ്ദാക്കിയത്. ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ഇറാഖ് എന്നീ രാജ്യങ്ങളില്‍ ആദ്യ കൊറോണ വൈറസ് കേസുകള്‍ കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇറാനിലേക്കും തായ്‌ലാൻഡിലേക്കും യാത്ര ചെയ്യുന്നതിൽനിന്ന് സ്വന്തം പൗരന്മാരെ യുഎഇ നേരത്തെ തന്നെ വിലക്കിയിരുന്നു. യുഎഇയിൽ ഇതുവരെ 13 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിലൊരാൾ ഇന്ത്യക്കാരനാണ്. ചെെനയിൽനിന്നാണ് രോഗം ആദ്യം യുഎഇയിലെത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.