1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 21, 2016

സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഇന്ത്യാന ഗവര്‍ണര്‍ മൈക്ക് പെന്‍സിനെ നേരത്തെ ട്രംപ് നിശ്ചയിച്ചിരുന്നു. പതിനാറ് എതിരാളികളെ പിന്തള്ളിയാണ് റിയല്‍ എസ്റ്റേറ്റ് ബിസിനസ് പ്രമുഖനും കോടീശ്വരനും മുന്‍ റിയാലിറ്റി ടിവി ഷോ താരവുമായ ട്രംപ് റിപ്പബ്ലിക്കന്‍ ടിക്കറ്റ് കരസ്ഥമാക്കിയത്.

പാര്‍ട്ടി കണ്‍വന്‍ഷനിലെ പ്രഖ്യാപനം അറിഞ്ഞശേഷം ന്യൂയോര്‍ക്കിലെ ട്രംപ് ടവറില്‍നിന്നു നല്‍കിയ വീഡിയോ സന്ദേശത്തില്‍ ഡെലിഗേറ്റുകള്‍ക്ക് ട്രംപ് നന്ദി പറഞ്ഞു. പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചത് ബഹുമതിയാണ്. മൈക്ക് പെന്‍സ് മികവുറ്റ വൈസ് പ്രസിഡന്റായിരിക്കുമെന്നും ട്രംപ് പറഞ്ഞു.

ഐഎസിനെ തുടച്ചുനീക്കുമെന്നും ക്രമസമാധാനനില ഭദ്രമാക്കുമെന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ട്രംപ് വാഗ്ദാനം ചെയ്തു. അമേരിക്കയെ വീണ്ടും മഹത്തായ രാജ്യമാക്കും.നവംബറിലെ ഇലക്ഷനില്‍ തന്റെ വിജയം ഉറപ്പാണെന്നും ട്രംപ് സന്ദേശത്തില്‍ വ്യക്തമാക്കി.

രാഷ്ട്രീയ, ഭരണ പരിചയമില്ലാത്ത ട്രംപ് 13 മാസംമുമ്പ് മത്സരരംഗഥ്റ്റ് ഇറങ്ങുമ്പോള്‍ എല്ലാവരും അദ്ദേഹത്തെ എഴുതിത്തള്ളിയതാണ്. എന്നാല്‍, പ്രൈമറികളില്‍ ഉജ്വല വിജയം നേടി ട്രംപ് മുന്‍നിരയിലെത്തിയതോടെ എതിരാളികള്‍ ഓരോരുത്തരായി പിന്മാറി. തിങ്കളാഴ്ച ക്ലീവ്‌ലന്‍ഡില്‍ ആരംഭിച്ച ചതുര്‍ദിന പാര്‍ട്ടി കണ്‍വന്‍ഷന്റെ ആദ്യദിനത്തിലും ട്രംപിനെതിരേ ചില പാര്‍ട്ടിക്കാര്‍ ബഹളമുണ്ടാക്കിയിരുന്നു. എന്നാല്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി ട്രംപിന്റെ നോമിനേഷന്‍ തടയാനുള്ള എതിരാളികളുടെ നീക്കം വിജയിച്ചില്ല.

മുസ്‌ലിംകള്‍ക്കു രാജ്യത്തു പ്രവേശനം താത്കാലികമായി വിലക്കണമെന്നും മെക്‌സിക്കോയില്‍നിന്നുള്ള കുടിയേറ്റം തടയാന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടണമെന്നുമുള്ള ട്രംപിന്റെ പ്രസ്താവനകള്‍ വന്‍ എതിര്‍പ്പു ക്ഷണിച്ചുവരുത്തി. ബ്രെക്‌സിറ്റിനെ അനുകൂലിച്ചു ട്രംപ് നടത്തിയ പ്രസ്താവനയും വിവാദമായി. എന്നാല്‍ പാര്‍ട്ടി ഡെലിഗേറ്റുകളില്‍ ഭൂരിപക്ഷത്തിന്റെയും പിന്തുണ സമാഹരിക്കാനായതാണ് ട്രംപിന് തുണയായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.