1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 20, 2016

സ്വന്തം ലേഖകന്‍: ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ് മിഷേല്‍ ഒബാമയുടെ തെരഞ്ഞെടുപ്പ് പ്രസംഗം കോപ്പിയടിച്ചതായി ആരോപണം. ഡൊണാള്‍ഡ് ട്രംപിനെ യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനുള്ള ചതുര്‍ദിന റിപ്പബ്ലിക്കന്‍ കണ്‍വന്‍ഷനില്‍ ട്രംപിന്റെ ഭാര്യ നടത്തിയ പ്രസംഗമാണ് കോപ്പിയടി ആരോപണത്തില്‍ കുടുങ്ങിയത്.

2008 ല്‍ പ്രസിഡന്റ് ഒബാമയുടെ ഭാര്യ മിഷേല്‍ നടത്തിയ പ്രസംഗത്തെ അനുസ്മരിപ്പിക്കുന്നതാണ് മെലാനിയയുടെ പ്രസംഗത്തിന്റെ ചില ഭാഗങ്ങളെന്ന് വിമര്‍ശകര്‍ പറയുന്നു. പ്രസംഗം എഴുതിക്കൊടുത്തവര്‍ മിഷേലിന്റെ പ്രസംഗത്തിലെ ചില ശൈലികള്‍ കടം എടുത്തിരിക്കാമെന്നു ട്രംപിന്റെ പ്രചാരണവിഭാഗം പറഞ്ഞു.

അമേരിക്കക്കാരെ ട്രംപ് ഒരിക്കലും കൈവിടില്ലെന്നും അദ്ദേഹത്തെ വിശ്വസിക്കാമെന്നും മെലാനിയ പറഞ്ഞു. ഏതു പദ്ധതിയുടെയും വിജയത്തിന് അങ്ങേയറ്റം ശ്രമിക്കുന്നയാളാണു ട്രംപെന്നും അമേരിക്കയ്ക്കുവേണ്ടി പോരാടുന്ന ഒരാളെയാണ് ആഗ്രഹിക്കുന്നതെങ്കില്‍ ധൈര്യപൂര്‍വം ട്രംപിനെ തെരഞ്ഞെടുക്കാമെന്നും മെലാനിയ പറഞ്ഞു. കുടുംബത്തോടും സുഹൃത്തുക്കളോടും തൊഴിലാളികളോടും രാജ്യത്തോടും പ്രതിബദ്ധതയുള്ളയാളാണു ട്രംപ്.

പ്രചാരണവേളയില്‍ ഒട്ടേറെ വിവാദ പ്രസ്താവനകള്‍ നടത്തിയ ട്രംപിനു പുതിയ പരിവേഷം നല്‍കാന്‍ മെലാനിയയുടെ പ്രസംഗം ഉപകരിച്ചെന്നാണു വിലയിരുത്തല്‍. സ്ലോവേനിയയില്‍നിന്ന് യുഎസില്‍ കുടിയേറിയ കുടുംബത്തിലെ അംഗമായ മെലാനിയ ആഭരണ ഡിസൈനറും മുന്‍ ഫാഷന്‍ മോഡലുമാണ്.

ട്രംപിന്റെ നോമിനേഷന്‍ തടയാന്‍ ട്രംപ് വിരുദ്ധര്‍ കണ്‍വന്‍ഷന്റെ പ്രഥമദിനത്തില്‍ നടത്തിയ ശ്രമം പരാജയപ്പെട്ടു. ട്രംപിനെതിരേ ആവശ്യമെങ്കില്‍ വോട്ടു ചെയ്യാന്‍ ഡെലിഗേറ്റുകളെ അനുവദിക്കുന്ന തരത്തില്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്യണമെന്ന വിമതരുടെ ആവശ്യം ശബ്ദവോട്ടോടെ തള്ളി. ഏതാനും പേര്‍ വാക്കൗട്ടു നടത്തി.

പതിവുതെറ്റിച്ച് ആദ്യ ദിനം തന്നെ വേദിയിലെത്തിയ ട്രംപ് ഭാര്യയെ സദസിനു പരിചയപ്പെടുത്തുകയും ചെയ്തു. ട്രംപ് അനുകൂലികള്‍ ഹര്‍ഷാരവം മുഴക്കിയ യോഗത്തില്‍ നവംബറിലെ തെരഞ്ഞെടുപ്പില്‍ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയും താനും വന്‍വിജയം നേടുമെന്ന് ട്രംപ് അനുയായികള്‍ക്ക് ഉറപ്പു നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.