1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 29, 2015

സ്വന്തം ലേഖകന്‍: ദുബായ് ജീവിതച്ചെലവ് കുറഞ്ഞ നഗരമായി മാറുന്നുവെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍. സാമ്പത്തിക വിദഗ്ധനും അബുദാബി നാഷണല്‍ ബേങ്ക് ഡയറക്ടറുമായ ആല്‍പ് എക്കെയാണ് ദുബായുടെ പുതിയ മുഖത്തെ കുറിച്ച് പറയുന്നത്.

താമസാവശ്യങ്ങള്‍ക്കും ഭക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനുമുള്ള ചെലവ് ക്രമമായി കുറഞ്ഞു വരുന്നതായാണ് എക്കെയുടെ കണ്ടെത്തല്‍. അടുത്ത ഏതാനും മാസങ്ങള്‍ കൂടി ഈ നില തുടരുമെന്നാണ് എക്കെ പറയുന്നത്. അമേരിക്കന്‍ ഡോളറുമായി ദിര്‍ഹമിന്റെ വിനിമയ നിരക്കില്‍വന്ന മാറ്റവും എണ്ണവില കുറഞ്ഞതുമാണ് കാരണം.

അനുബന്ധമായി അവശ്യ വസ്തുക്കളുടെ വിലയും കുറഞ്ഞിട്ടുണ്ട്. ഇത് ഉപഭോക്താക്കളുടെ പണം ചെലവാകുന്നതിന്റെ തോത് കുറയുന്നതിന്റെ സൂചനയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും ചെലവ് അല്‍പം വര്‍ധിച്ചിരുന്നു.

0.18 ശതമാനമാണ് കഴിഞ്ഞ മാസത്തെ വര്‍ദ്ധനയായി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഈ നിരക്ക് ഈ മാസം കുറയുന്നതയാണ് കാണുന്നത്. ജീവിത ചെലവ് വര്‍ദ്ധിക്കുന്നത് യുഎഇയിലുള്ള സാധാരണ തൊഴിലെടുത്ത് ജീവിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ബൈത് ഡോട്ട് കോം നടത്തിയ ഒരു സര്‍വേയില്‍ രാജ്യത്ത് ജീവിത ചെലവ് അനിയന്ത്രിതമായി കൂടുകയാണെന്ന് 87 ശതമാനം ആളുകള്‍ അഭിപ്രായപ്പെട്ടിരുന്നു. യുഎഇയില്‍ നാണയപ്പെരുപ്പം 39 ശതമാനമായി വര്‍ധിച്ചിട്ടുമുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് 36 ശതമാനമായിരുന്നു.

എന്നാല്‍ ഈ രീതിക്ക് മാറ്റം വന്നിട്ടുണ്ടെന്നാണ് എക്കെയുടെ കണ്ടെത്തല്‍. പലചരക്കു സാധനങ്ങള്‍, വീട്ടുപകരണങ്ങള്‍, താമസ ചെലവ് എന്നിവ കുറഞ്ഞിട്ടുണ്ട്. മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെ ഭക്ഷണത്തിനും പാനീയത്തിനും 0.6 ശതമാനം വില വര്‍ധനയാണ് അനുഭവപ്പെട്ടത്.

ഇതില്‍ നിന്ന് വിഭിന്നമായി വരും മാസങ്ങളില്‍ വാടക കുറയാന്‍ ഇടയുണ്ട്. വസ്തു വകകളുടെ വില കുറയുന്നതിനനുസരിച്ച് വാടക കുറയേണ്ടതാണെന്ന് ആല്‍പ് എക്കെ ചൂണ്ടിക്കാട്ടി. രാജ്യാന്തര നാണയ നിധിയുടെയും യുഎഇ വാണിജ്യ മന്ത്രാലയത്തിന്റെയും കണക്കകള്‍ സൂചിപ്പിക്കുന്നതും നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാകുന്നു എന്നാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.