1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 30, 2019

സ്വന്തം ലേഖകന്‍: ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ആറാം ഭാര്യ രാജകുമാരി ഹയാ ബിന്‍ത് അല്‍ ഹുസൈന്‍ ഒളിച്ചോടിയതായി റിപ്പോര്‍ട്ട്. 31 മില്യണ്‍ പൗണ്ടും (ഏകദേശം 270 കോടിയോളം രൂപ) രണ്ട് കുട്ടികളേയും കൂട്ടിയാണ് രാജകുമാരി ഒളിച്ചോടിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎഇയുടെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ആയ മക്തൂമിന്റെ ഭാര്യ ലണ്ടനിലാണ് ഇപ്പോഴുളളതെന്നാണ് വിവരം.

മക്കളായ ജലീല (11), സയ്യിദ് (7) എന്നിവര്‍ക്കൊപ്പമാണ് രാജകുമാരി ദുബായ് വിട്ടത്. 2004 ലാണ് ജോര്‍ദാനിലെ അബ്ദുള്ള രാജാവിന്റെ അര്‍ദ്ധ സഹോദരി കൂടിയായ ഹയയെ അദ്ദേഹം വിവാഹം കഴിക്കുന്നത്. ഭാര്യയുടെ ചതിയും വഞ്ചനയും വെളിപ്പെടുത്തിക്കൊണ്ട് ഷെയ്ഖ് മുഹമ്മദിന്റെ ഒരു കത്ത് പുറത്തു വന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നാലെ സുരക്ഷാ ഭീഷണി ഭയന്നാണ് ഹയ രാജ്യം വിട്ടതെന്നാണ് പറയപ്പെടുന്നത്.

മക്കള്‍ക്കൊപ്പം യുഎഇ വിട്ട ഹയ, ആദ്യം ജര്‍മ്മനിയിലേക്കാണ് പോയതെന്നാണ് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അവിടെ അവര്‍ രാഷ്ട്രീയ അഭയം തേടിയിരുന്നു. ഒരു ജര്‍മ്മന്‍ നയതന്ത്ര പ്രതിനിധിയുടെ സഹായത്തോടെ ഹയാ രാജകുമാരി നടത്തിയ ഈ’ രക്ഷപ്പെടല്‍’ ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഭാര്യയെ തിരികെ വിട്ടു നല്‍കണമെന്ന അല്‍ മക്തൂമിന്റെ ആവശ്യം ജര്‍മ്മനി നിരസിച്ചതാണ് പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയതെന്നാണ് സൂചന. ഭര്‍ത്താവില്‍ നിന്ന് വിവാഹ മോചനം ആവശ്യപ്പെടുന്ന ഹയ നിലവില്‍ ലണ്ടനില്‍ ഒളിവിലാണെന്നാണ് പറയപ്പെടുന്നത്.

ഓക്‌സ്‌ഫോര്‍ഡില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഹയ മെയ് 20 മുതല്‍ പൊതുവിടത്തിലൊന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല. മുമ്പ് സന്നദ്ദപ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ അറിയിച്ചിരുന്ന രാജകുമാരിയുടെ സോഷ്യല്‍മീഡിയാ അക്കൗണ്ടുകളും ഇപ്പോള്‍ നിര്‍ജീവമാണ്. നിലവില്‍ വിവാഹമോചനത്തിനുളള സാധ്യതയാണ് രാജകുമാരി തേടുന്നതെന്നാണ് വിവരം. മക്തൂമിന്റെ മക്കളില്‍ ഒരാളായ ലതീഫ രാജകുമാരി ഒളിച്ചോടിയെങ്കിലും പിന്നീട് യുഎഇയില്‍ തന്നെ തിരിച്ചെത്തിച്ചിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.