1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 18, 2015

സ്വന്തം ലേഖകന്‍: ഈജിപ്തില്‍ പട്ടാള ഭരണകൂടം ആറ് പ്രക്ഷോഭകാരികളെ തൂക്കിലേറ്റി. മുഹമ്മദ് മുര്‍സി സര്‍ക്കാരിനെ പുറത്താക്കി അധികാരം പിടിച്ചെടുത്ത പട്ടാള ഭരണകൂടത്തിനെതിരെ പ്രക്ഷോഭം നടത്തിയതിന്റെ പേരില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ആറു പേരെയാണ് തൂക്കിലേറ്റിയത്.

ഇതിനിടെ, കഴിഞ്ഞ ദിവസം മുഹമ്മദ് മുര്‍സി, ബ്രദര്‍ഹുഡ് ആത്മീയനേതാവ് മുഹമ്മദ് ബദീ, ലോകപ്രശസ്ത ഇസ്‌ലാമിക പണ്ഡിതന്‍ യൂസുഫുല്‍ ഖറദാവി തുടങ്ങിയവരുള്‍പ്പെടെ നൂറിലേറെ പേരെ വധശിക്ഷയ്ക്കു വിധിച്ചതിനെതിരെ പ്രതിഷേധം ശക്തമാണ്. ഇവരെല്ലാം ഈജിപ്തിലെ ആദ്ധ്യാത്മിക കേന്ദ്രത്തിന്റെ അന്തിമ വിധി കാത്തു കഴിയുകയാണ്.

ഈജിപ്തില്‍ 2012 ല്‍ ജനാധിപത്യ മാര്‍ഗത്തിലൂടെ അധികാരത്തില്‍ എത്തിയതായിരുന്നു മുര്‍സി സര്‍ക്കാര്‍. ഈ സര്‍ക്കാരിനെ 2013 ല്‍ സൈന്യം അട്ടിമറിച്ചു. ഇതിനു ശേഷം നടന്ന പ്രക്ഷോഭങ്ങള്‍ക്കിടെ സൈനികരെ വധിച്ചുവെന്ന കുറ്റം ചുമത്തിയാണ് ആറുപേരെ സൈനികക്കോടതി വധശിക്ഷയ്ക്കു വിധിച്ചത്.

സിറിയയിലെ സിനായ് ആസ്ഥാനമായ അന്‍സാര്‍ ബയ്ത്തുല്‍ മുഖദ്ദസ് അംഗങ്ങളാണിവര്‍ എന്നാണു പ്രോസിക്യൂഷന്‍ ആരോപണം. കയ്‌റോ ജയിലിലാണ് ആറുപേരെയും തൂക്കിലേറ്റിയത്. വധശിക്ഷയെ മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷനല്‍ അപലപിച്ചു.

മുന്‍ ഏകാധിപതി ഹുസ്‌നി മുബാറക്കിനെതിരെ 2011 ല്‍ നടന്ന ജനകീയ പ്രക്ഷോഭങ്ങള്‍ക്കിടയിലെ കൂട്ട ജയില്‍ച്ചാട്ടങ്ങളുമായി ബന്ധപ്പെട്ടുളള കേസിലാണ്‍ മുഹമ്മദ് മുര്‍സി, ബ്രദര്‍ഹുഡ് ആത്മീയനേതാവ് മുഹമ്മദ് ബദീ, ലോകപ്രശസ്ത ഇസ്‌ലാമിക പണ്ഡിതന്‍ യൂസുഫുല്‍ ഖറദാവി എന്നിവരെ വധശിക്ഷക്ക് വിധിച്ചിരിക്കുന്നത്. ജൂണ്‍ രണ്ടിനാണ് അന്തിമവിധി പ്രഖ്യാപിക്കുക. ഈജിപ്ത് കോടതിയുടെ നടപടി അസംബന്ധവും ഇസ്‌ലാമിക നീതിവ്യവസ്ഥയുടെ ലംഘനവുമാണെന്നു ഖറദാവി പറഞ്ഞു.

ഖത്തറില്‍ താമസമാക്കിയ ഖദറാവി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണു പ്രതികരണമറിയിച്ചത്. ഇതു ദൈവത്തിന്റെയും മനുഷ്യന്റെയും നിയമങ്ങള്‍ക്കെതിരാണെന്നു വിഡിയോയില്‍ അദ്ദേഹം വ്യക്തമാക്കി. ഖദറാവിയുടെ വിഡിയോ അല്‍ ജസീറ ടിവി സംപ്രേഷണം ചെയ്തു. 2011 ലെ അറബ് വസന്തകാലത്തെ പ്രക്ഷോഭങ്ങള്‍ക്കിടെ കയ്‌റോയിലെ ജയില്‍ തകര്‍ത്തു മുസ്‌ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ രക്ഷപ്പെട്ട സംഭവത്തില്‍ തന്റെ പങ്കു നിഷേധിച്ച ഖദറാവി, ആ സമയം താന്‍ ഖത്തറിലായിരുന്നുവെന്നും വീഡിയോയില്‍ അവകാശപ്പെടുന്നു.

അതിനിടെ കഴിഞ്ഞ ദിവസം കയ്‌റോയിലെ കോടതി വിധി പ്രഖ്യാപനത്തിനു ശേഷം സിനായ് മേഖലയില്‍ മൂന്നു ജഡ്ജിമാര്‍ വെടിയേറ്റു മരിച്ചു. ജഡ്ജിമാര്‍ സഞ്ചരിച്ച ബസിനുനേരെ തീവ്രവാദികള്‍ വെടി ഉതിര്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.