1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 23, 2015

2022ലെ ഖത്തര്‍ ലോകകപ്പിനായുള്ള മുന്നൊരുക്കങ്ങളില്‍ ആയിരകണക്കിന് ഇന്ത്യക്കാരുടെ ജീവന്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. 2013ല്‍ മാത്രം കെട്ടിടങ്ങളുടെ മുകളില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ആയിരം തൊഴിലാളികളെ തങ്ങളുടെ ട്രോമായൂണിറ്റില്‍ പ്രവേശിപ്പിച്ചതായി ദോഹ ആശുപത്രി വെളിപ്പെടുത്തിയിരുന്നു. അവരില്‍ ഭൂരിഭാഗവും മരിച്ചു. ദിവസം പന്ത്രണ്ട് മണിക്കൂര്‍ 50 ഡിഗ്രി ചൂടില്‍ പണിയെടുക്കുന്നതാണ് പലരെയും തളര്‍ത്തുന്നത്. കുടിയ്ക്കാന്‍ ആവശ്യത്തിന് വെളളം പോലും ഇവര്‍ക്ക് കിട്ടാറില്ലെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

എല്ലാവരുടെയും പാസ്‌പോര്‍ട്ട് തൊഴിലുടമകള്‍ വാങ്ങി വച്ചിരിക്കുകയാണ്. ആഴ്ചയില്‍ മുഴുവനും ജോലി ചെയ്യണം. 2022 എന്ന അന്ത്യശാസനത്തിലേക്ക് ഇടവേളയില്ലാത്ത ഓട്ടത്തിലാണ് ഈ പാവം തൊഴിലാളികള്‍.

ചൂടിനെ പ്രതിരോധിക്കാന്‍ അത്യാവശ്യമായ എസി പോലും ഇല്ലാതെ ഏറെ പേര്‍ തിങ്ങി ഞെരുങ്ങിയാണ് ഇവിടെ കഴിയുന്നത്. പലരും നിറഞ്ഞൊഴുകുന്ന ഓടകള്‍ക്കും സെപ്റ്റിക് ടാങ്കുകള്‍ക്കും മേലെയാണ് കിടക്കുന്നത്. മെച്ചപ്പെട്ട ജീവിത നിലവാരം വാഗ്ദാനം ചെയ്ത കമ്പനികള്‍ ഏതെങ്കിലും വൃത്തിഹീനമായ സാഹചര്യത്തിലേക്ക് തൊഴിലാളികളെ തളളുന്നു. അതോടെ അവരുടെ കാര്യവും കമ്പനികള്‍ വിസ്മരിക്കുന്നു. ഒരു ദിവസം അവധിയെടുത്താല്‍ രണ്ട് ദിവസത്തെ ശമ്പളം കുറയ്ക്കും. രോഗം വന്നാലും ഇത് തന്നെ അവസ്ഥ. തൊഴിലെടുക്കുമ്പോള്‍ പോലും മതിയായ സുരക്ഷ ഒരുക്കിയിരുന്നില്ല.

2012 ല്‍ 237 ഇന്ത്യാക്കാര്‍ ഖത്തറില്‍ മരിച്ചതായി ഇന്ത്യന്‍ എംബസി പറയുന്നു. 2013 ല്‍ ഇത് 191 ആയി. പലരും അസ്വാഭാവികമായ ‘ഹൃദയാഘാതത്തെ’ തുടര്‍ന്നാണ് മരിച്ചത്. ഒരു വര്‍ഷം മുമ്പ് 169 നേപ്പാളികളും ഇവിടെ മരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.