1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 27, 2015

സ്വന്തം ലേഖകന്‍: ഫോര്‍ട്ട് കൊച്ചി ബോട്ടപകടം, മരണം ഏഴായി, മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം. ഫോര്‍ട്ട് കൊച്ചി ജെട്ടിയില്‍ മീന്‍പിടിത്ത ബോട്ടിടിച്ച് തകര്‍ന്ന യാത്രാബോട്ടിലുണ്ടായിരുന്ന ഒരാളുടെ മൃതദേഹം ഇന്ന് രാവിലെ ചെല്ലാനത്ത് നിന്ന് കണ്ടെടുത്തു. കണ്ണമാലി കണ്ടക്കടവ് പുത്തന്തോട് ആപത്തുശേരി വീട്ടില്‍ കുഞ്ഞുമോന്റെ മകള്‍ സുജിഷ (17)യുടെ മൃതദേഹമാണ് ഇന്ന് കിട്ടിയത്. മഹാരാജാസ് കോളേജിലെ ഒന്നാം വര്‍ഷ ബി.കോം വിദ്യാര്‍ഥിനിയാണ്.

സുജിഷയുടെ അമ്മ സിന്ധുവും അപകടത്തില്‍ മരിച്ചു. സിന്ധുവിന്റെ മൃതദേഹം ഇന്നലെ കിട്ടിയിരുന്നു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി രണ്ട് പേരെ കാണാതായിട്ടുണ്ട്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് കുട്ടികളടക്കം നാല് പേര്‍ ആസ്പത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. 30ലേറെപ്പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.

വൈപ്പിനില്‍ നിന്ന് ഫോര്‍ട്ട്‌കൊച്ചിയിലേക്ക് വരികയായിരുന്ന ‘എം.ബി. ഭാരത്’ എന്ന ബോട്ടാണ് ബുധനാഴ്ച ഉച്ചയ്ക്ക് 1.40ന് അപകടത്തില്‍പ്പെട്ടത്. ജെട്ടിയില്‍ നിന്ന് ഡീസല്‍ നിറച്ച് പോകുകയായിരുന്ന മീന്‍പിടിത്ത ബോട്ട് അമിത വേഗത്തില്‍ യാത്രാബോട്ടില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നെടുകെ പിളര്‍ന്ന ബോട്ട് പൂര്‍ണമായും മുങ്ങി.

ഫോര്‍ട്ട് കൊച്ചി ബോട്ട് ദുരന്തത്തിനിരയായവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും വീതമാണ് സര്‍ക്കാര്‍ നല്‍കുകയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
ബോട്ടപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരുടെ ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.

അതേസമയം കൊച്ചിയില്‍ സര്‍വീസ് നടത്തുന്ന എല്ലാ യാത്രാ ബോട്ടുകളുടെയും യോഗ്യത പരിശോധിക്കുമെന്ന് ഫിഷറീസ് മന്ത്രി കെ. ബാബു പറഞ്ഞു. മതിയായ യോഗ്യതയില്ലാത്തവയുടെ ലൈസന്‍സ് റദ്ദാക്കുമെന്നും മന്ത്രി സൂചന നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.