1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 23, 2017

സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ഇന്ന്, കുടിയേറ്റ വിരുദ്ധതയും ഫ്രെക്‌സിറ്റും നാറ്റോ പിന്മാറ്റവും, ഭീകരാക്രമണങ്ങളും തൊഴിലില്ലായ്മയും കത്തുന്ന വിഷയങ്ങള്‍. 11 സ്ഥാനാര്‍ഥികളാണ് ആദ്യവട്ടമത്സരത്തിന് യോഗ്യത നേടിയിരിക്കുന്നത്. അതിവലതുകക്ഷിയായ നാഷണലിസ്റ്റ് പാര്‍ട്ടിയുടെ നേത്രി മാരിന്‍ ലെ പെന്‍, എന്‍ മാര്‍ഷ് എന്ന പുതുപ്രസ്ഥാനത്തിന്റെ സാരഥി എമ്മാനുവേല്‍ മക്രോണ്‍, തീവ്ര ഇടതുനിലപാടുകാരന്‍ ഴാങ് ലൂക് മെലെന്‍ഷോണ്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഫ്രാന്‍സ്വ ഫിലണ്‍ എന്നിവര്‍ തമ്മിലാണ് കടുത്ത മത്സരം.

മാരിനും മക്രോണും ഒന്നാംവട്ടത്തില്‍ ഏറ്റവുമധികം വോട്ടു നേടുമെന്ന് കരുതുന്നു. അടുത്തിടെ പുറത്തുവന്ന തിരഞ്ഞെടുപ്പുപൂര്‍വ സര്‍വേ ഫലങ്ങളില്‍ മിക്കതിലും മുന്‍തൂക്കം മാരിനാണ്. പക്ഷേ, രണ്ടാംവട്ടത്തില്‍ അവര്‍ തോല്‍ക്കുമെന്നാണ് ഫ്രാന്‍സിന്റെ മുന്‍കാലചരിത്രം മുന്‍നിര്‍ത്തി രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തുന്ന ഫ്രാന്‍സിന്റെ പ്രത്യേക രീതിയാണ് അതിനു കാരണം. ആകെ പോള്‍ ചെയ്തതിന്റെ 50 ശതമാനത്തിലധികം വോട്ടുകള്‍ ആര്‍ക്കും ലഭിച്ചില്ലെങ്കില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ച രണ്ട് പേര്‍ വിജയികളാവും.

രണ്ടാം ഘട്ട തെരഞ്ഞെടുപ്പിലാണ് ഇവരില്‍ നിന്ന് ഒരാള്‍ തെരഞ്ഞെടുക്കപ്പെടുന്നത്. ട്രംപിന്റെ നിലപാടുകള്‍ക്ക് സദൃശമായ നിലപാടുകളുള്ള വ്യക്തിയാണ് നാല്‍പ്പത്തിയെട്ടുകാരിയായ മാരിന്‍. കുടിയേറ്റം അവസാനിപ്പിക്കണം. മുസ്‌ലിങ്ങളെ രാജ്യത്തുനിന്ന് പുറത്താക്കണം. യൂറോ ഉപേക്ഷിച്ച് ഫ്രാങ്കിനെ നാണയമാക്കണം. ആഗോളീകരണത്തില്‍നിന്ന് ഫ്രാന്‍സിനെ രക്ഷിക്കണം എന്നീ കാര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് മാരിന്റെ പ്രചാരണം. നാറ്റോ സഖ്യത്തില്‍നിന്നുള്ള പിന്മാറ്റം, റഷ്യയുമായി സൗഹൃദം, ഫ്രെക്‌സിറ്റ്, മിനിമം കൂലി കൂട്ടല്‍, സമ്പന്നരില്‍ നിന്ന് 90 ശതമാനം നികുതി ഈടാക്കല്‍, വിരമിക്കല്‍ പ്രായം കുറയ്ക്കല്‍ തുടങ്ങിയവയാണ് മെലെന്‍ഷോണിന്റെ തുറുപ്പുചീട്ടുകള്‍.

ധനകാര്യവിദഗ്ധനായ മക്രോണ്‍ മത്സരാധിഷ്ഠിത വിപണിയെയും വാണിജ്യത്തെയും കുടിയേറ്റത്തെയും യൂറോപ്യന്‍ യൂണിയനെയും പിന്തുണയ്ക്കുന്ന ആളാണ്. എന്നാല്‍ മക്രോണിന്റെ പാര്‍ട്ടിക്ക് ഒരു വര്‍ഷമേ പ്രായമുള്ളു. മാത്രമല്ല ഒരു പ്രമുഖ രാഷ്ട്രീയ കക്ഷിയും മക്രോണിനെ പിന്തുണക്കുന്നില്ല. അഴമതി ആരോപണങ്ങളില്‍ മുങ്ങിക്കുളിച്ചു നില്ക്കുന്ന ഫിലണാവട്ടെ തികഞ്ഞ യാഥാസ്ഥിതകനായാണ് വിലയിരുത്തപ്പെടുന്നത്.

സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും ഭീകരാക്രമണങ്ങളുമാണ് ഫ്രാന്‍സിന്റെ ഇപ്പോഴത്തെ പ്രധാന തലവേദനകള്‍. കുടിയേറ്റക്കാരും സമൂഹത്തില്‍ ശക്തമായി വളരുന്ന മുസ്ലീം വിരുദ്ധതയും നിലനില്‍ക്കുന്നു. ഫ്രാന്‍സില്‍ ഇന്ന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മാഹിയില്‍ നിന്നുള്ള 32 ഫ്രഞ്ച് പൗരന്മാരും വോട്ട് രേഖപ്പെടുത്തും. ഇവര്‍ക്ക് പുതുച്ചേരിയിലെയും ചെന്നൈയിലെയും ഫ്രഞ്ച് കോണ്‍സുലേറ്റുകളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്താം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.