1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 27, 2017

സ്വന്തം ലേഖകന്‍: ഒരിക്കല്‍ അമ്മയുടെ ഉത്തരവുകള്‍ മുഴങ്ങിയിരുന്ന ചെന്നൈ പോയസ് ഗാര്‍ഡന്‍ ഇന്ന് പ്രേത കഥകളുടെ ഭാരഗവീ നിലയം. മുറുക്കി അടച്ചിട്ട വാതിലുകള്‍, പോര്‍ട്ടിക്കോയില്‍ മുനിഞ്ഞു കത്തുന്ന വിളക്കുകള്‍, കനത്ത നിശബ്ദത. ഒരിക്കല്‍ ശക്തിയുടെയും അധികാരത്തിന്റെ ആജ്ഞയുടേയും കേന്ദ്രമായി മാറിയരിക്കുന്ന ചെന്നൈയിലെ പോയസ് ഗാര്‍ഡന്‍ ഇപ്പോള്‍ ആരും എത്തിനോക്കാന്‍ മടിക്കുന്ന പ്രേതാലയമാണ്. രാത്രിയില്‍ അനേകം കാവല്‍ക്കാര്‍ മാത്രമുള്ള ഇവിടം ജയലളിതയുടെ മെമ്മേറിയലാക്കി മാറ്റാനുള്ള ആലോചനയിലാണ് തമിഴ്‌നാട് സര്‍ക്കാര്‍.

എല്ലാ സൗകര്യങ്ങളോടും കൂടി മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി താമസിച്ചിരുന്ന പടുകൂറ്റന്‍ ബംഗ്‌ളാവ് ജയലളിതയുടെ മരണത്തോടെ ആരും തങ്ങാന്‍ മടിക്കുന്ന ഇടമായി മാറിയത് പെട്ടെന്നാണ്. ഒട്ടേറെ നിഗൂഡതകളും ഭീതിയും കഥകളിലൂടെയും മറ്റും പ്രചരിക്കുന്നത് കാരണം ആരും അധികകാലം തങ്ങാന്‍ ഇഷ്ടപ്പെടാത്ത ഇടമായി ഇവിടം മാറിയെന്നാണ് കാവല്‍ക്കാരുടെയും അഭിപ്രായം. ജയലളിതാ മെമ്മോറിയലാക്കി മാറ്റാന്‍ ആലോചന ശക്തമാകുമ്പോഴും വി കെ ശശികലയുടെയും ജെ ഇളവരശിയുടേയും ജയില്‍ ശിക്ഷയോടെ പോയസ് ഗാര്‍ഡന്‍ ദുശ്ശകുനത്തിന്റെയും പ്രേതബാധയുടെയും കഥകളില്‍ മുങ്ങിപ്പോയി.

ശക്തമായ സുരക്ഷാ സംവിധാനത്തിന് കീഴിലാണെങ്കിലും ജോലി ചെയ്യുന്ന സ്വകാര്യ സുരക്ഷാ ഏജന്‍സിയിലെ ജീവനക്കാരൊന്നും രാത്രി കഴിഞ്ഞാല്‍ ഗാര്‍ഡ് റൂമിന് പുറത്തിറങ്ങാന്‍ കൂട്ടാക്കാറില്ല. അടിസ്ഥാനപരമായ കേടുപാട് ജോലികള്‍ ചെയ്തിട്ടുണ്ടെങ്കിലും വീട്ടില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ശമ്പള വ്യവസ്ഥയുടെ കാര്യത്തില്‍ തര്‍ക്കത്തിലാണ്. ഫെബ്രുവരിയില്‍ ശശികല പാരപ്പാന അഗ്രഹാര ജയിലിലേക്ക് പോയതിന് പിന്നാലെ അനുയായികള്‍ ഇവിടേയ്ക്കുള്ള വരവും അവസാനിപ്പിച്ചു. രാത്രി ഇവിടെ തങ്ങുന്നത് ആര്‍ക്കും സുഖകരമല്ലെന്നാണ് കേട്ടുകേഴ്‌വി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.