1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 25, 2018

സ്വന്തം ലേഖകന്‍: രാഷ്ട്രീയ കക്ഷികളുടെ ഇടപെടല്‍ മൂലം സ്ഥാപനം തുടങ്ങാനായില്ല; പ്രവാസി ജീവനൊടുക്കിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പത്തനാപുരം ഇളന്പലില്‍ പ്രവാസി ജീവനൊടുക്കാനിടയായ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയായാണ് കേസെടുത്തത്.

കൊല്ലം റൂറല്‍ എസ്പിയും ജില്ലാ കളക്ടറും വിശദമായ അന്വേഷണ റിപ്പോര്‍ട്ട് മൂന്നാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവിട്ടു. കേസ് മാര്‍ച്ച് 20ന് കമ്മീഷന്‍ പരിഗണിക്കും. പുനലൂര്‍ ഐക്കരക്കോണം വാഴമണ്‍ ആലിന്‍കീഴില്‍ വീട്ടില്‍ സുഗതനാ(64)ണ് വര്‍ക്ക്‌ഷോപ്പ് നിര്‍മാണ സ്ഥലത്ത് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്.

വര്‍ക്ഷോപ്പ് നിര്‍മിക്കുന്നതിനെതിരെ എഐവൈഎഫ് പ്രവര്‍ത്തകര്‍ കൊടികുത്തിയതില്‍ മനംനൊന്താണ് സുഗതന്‍ ജീവനൊടുക്കിയത്. രാഷ്ട്രീയ ഇടപെടലിനെത്തുടര്‍ന്ന് വര്‍ക്ക്‌ഷോപ്പ് ആരംഭിക്കാനാകാത്ത സാഹചര്യം വന്നതാണ് സുഗതനെ ഈ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. വര്‍ക്ക്‌ഷോപ്പിനു വേണ്ടി വിളക്കുടി ഇളമ്പല്‍ പൈനാപ്പിള്‍ ജംഗ്ഷന് സമീപത്തുള്ള ഷെഡില്‍ വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് മൃതദേഹം കണ്ടത്.

ഒപ്പമുണ്ടായിരുന്ന സഹായിയെ അടുത്തുള്ള കടയിലേക്ക് പറഞ്ഞയച്ചശേഷമാണ് സുഗതന്‍ തൂങ്ങി മരിച്ചത്. ഇയാള്‍ മടങ്ങിയെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഗള്‍ഫിലെ 40 വര്‍ഷത്തെ ജീവിതത്തിന് ശേഷം നാട്ടില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം സ്വസ്ഥമായി ജീവിതം നയിക്കാമെന്ന സ്വപ്നവുമായിട്ടാണ് നാട്ടില്‍ സുഗതന്‍ വര്‍ക് ഷോപ്പ് തുടങ്ങാനൊരുങ്ങിയത്. താന്‍ നടത്തുന്ന വര്‍ക്ക് ഷോപ്പില്‍ നാലഞ്ച് പേര്‍ക്ക് തൊഴില്‍ നല്‍കാനും തീരുമാനിച്ചിരുന്നു.

എന്നാല്‍ രാഷ്ട്രീയ കക്ഷികളുടെ ഇടപെടല്‍ ഈ പ്രവാസിയുടെ സ്വപ്നങ്ങളും തകര്‍ക്കുകയായിരുന്നു. ഭാര്യ സരസമ്മയോടും രണ്ടുമക്കളോടുമൊപ്പം മരിക്കുകയല്ലാതെ മാര്‍ഗ്ഗമില്ലെന്ന് സുഗതന്‍ പലരോടും പറഞ്ഞിരുന്നു. ഭൂമി മുന്‍പ് വയലായതിനാല്‍ നിര്‍മ്മാണം അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാര്‍.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.