1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 28, 2015

സ്വന്തം ലേഖകന്‍: ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള നിര്‍ണായക ഉച്ചകോടിക്ക് നാളെ തുടക്കമാകും. ഇരു രാജ്യങ്ങളിലേയും പ്രധാന സ്ഥാനങ്ങള്‍ ഏറ്റെടുത്തതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയും ആദ്യമായി ഒരുമിച്ചു പങ്കെടുക്കുന്ന ചര്‍ച്ചയാണിതെന്ന പ്രത്യേകതയുമുണ്ട്. മേഖലയിലെ സുരക്ഷയും താലിബാനും പ്രധാന ചര്‍ച്ചാ വിഷയമാകുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ സെപ്റ്റംബറില്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ഗനിയുടെ പാകിസ്ഥാന്‍ ചായ്‌വ് അഫ്ഗാനിസ്ഥാനില്‍ വിമര്‍ശിക്കപ്പെടുന്ന സാഹചര്യത്തിലാണ് ചര്‍ച്ചയെന്നതും ശ്രദ്ധേയമാണ്. നേരത്തെ അഫ്ഗാന്‍ സൈനികരെ പാക് സൈന്യത്തിനു കീഴില്‍ പരിശീലനത്തിന് അയച്ചതും പാക്, അഫ്ഗാന്‍ സൈന്യങ്ങള്‍ സംയുക്ത സൈനിക അഭ്യാസം നടത്തിയതും ഇന്ത്യയേയും അഫ്ഗാനിസ്ഥാനിലെ മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി വിഭാഗത്തേയും ചൊടിപ്പിച്ചിരുന്നു.

മോഡി, ഗനി കൂടിക്കാഴ്ച ഈ അസ്വാരസ്യങ്ങല്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷ. മാത്രമല്ല, ഇന്ത്യയുടെ അഫ്ഗാന്‍ സംരഭങ്ങള്‍ക്ക് പുതുജീവന്‍ പകരാനും ചര്‍ച്ചകള്‍ക്ക് കഴിമെന്ന് ഇന്ത്യന്‍ സംഘം കരുതുന്നു. നിലവില്‍ 2 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ഇന്ത്യന്‍ കമ്പനികള്‍ യുദ്ധം പിച്ചിച്ചീന്തിയ അഫ്ഗാനിസ്ഥാനില്‍ നടത്തിയിട്ടുള്ളത്. ഇതില്‍ അധികവും നിര്‍മ്മാണ, സാമൂഹ്യ ക്ഷേമ മേഖലകളിലാണ്.

കൂടിക്കാഴ്ചയിലെ മറ്റൊരു പ്രധാന വിഷയം ഇന്ത്യന്‍ സഹായത്തോടെ നിര്‍മ്മിക്കുന്ന ഇറാനിലെ ചബഹാര്‍ എന്ന തുറമുഖമാകും എന്നാണ് സൂചന. ഇന്ത്യ, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ മൂന്നു രാജ്യങ്ങള്‍ ചേര്‍ന്നുള്ള ഉടമ്പടി പ്രകാരമാണ് തുറമുഖം നിര്‍മ്മിക്കുന്നത്. പണി പൂര്‍ത്തിയായാല്‍ പാകിസ്ഥാന്‍ സ്പര്‍ശിക്കാതെ ഇന്ത്യക്ക് അഫ്ഗാനിസ്ഥാനിലേക്കും അതുവഴി മധ്യേഷ്യയിലേക്കും പ്രവേശനം ലഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.