1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 18, 2017

സ്വന്തം ലേഖകന്‍: ടിബറ്റില്‍ ചൈനീസ് സേനയുടെ 11 മണിക്കൂര്‍ നീണ്ട സൈനിക അഭ്യാസം, ശക്തി പ്രകടനം ഇന്ത്യയ്ക്കുള്ള ശക്തമായ താക്കീതെന്ന് സൂചന. ഇന്ത്യാ ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കേ ടിബറ്റില്‍ പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ വന്‍ സൈനികാഭ്യാസം വീണ്ടും. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പിഎല്‍എ) ഒരു ബ്രിഗേഡാണ് ടിബറ്റില്‍ 11 മണിക്കൂര്‍ നീണ്ട വെടിവയ്പ് ഉള്‍പ്പെടെയുള്ള സൈനികാഭ്യാസം നടത്തിയത്. ചൈനീസ് ഔദ്യോഗിക വാര്‍ത്താമാധ്യമമായ സിസിടിവി യാണ് സൈനികാഭ്യാസം നടന്നതായി വാര്‍ത്ത പുറത്തു വിട്ടത്.

എന്നാല്‍ എന്നാണിത് നടന്നതെന്ന് വ്യക്തമല്ല. കഴിഞ്ഞ ആഴ്ചയാണ് സൈനികാഭ്യാസം നടന്നതെന്നാണ് വിവരം. വെസ്റ്റേണ്‍ തിയറ്റര്‍ കമാന്‍ഡിന്റെ നേതൃത്വത്തിലായിരുന്നു ആയുധങ്ങളുപയോഗിച്ചുള്ള പരിശീലനം. സേനയെ സജ്ജരാക്കാനുള്ള പരിശീലനമാണ് നടന്നതെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സൈനികാഭ്യാസത്തിന്റെ വിഡിയോ ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ പുറത്തുവിട്ടു. ചൈനയുടെ കൈവശമുള്ള ടൈപ്പ് 96 യുദ്ധടാങ്ക് ഉള്‍പ്പെടെയുള്ള അത്യാധുനിക യുദ്ധോപകരണങ്ങള്‍ പരിശീലനത്തില്‍ പങ്കെടുത്തു. ഈ മാസം ആദ്യ ആഴ്ച ടിബറ്റില്‍ ചൈന സൈനികാഭ്യാസം നടത്തിയിരുന്നു.

ഇന്ത്യയുമായുള്ള അതിര്‍ത്തിയില്‍ സുരക്ഷാ ചുമതലയുള്ള പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ പശ്ചിമ കമാന്‍ഡാണ് സൈനികാഭ്യാസം നടത്തിയത്. ഇന്ത്യയ്ക്കുള്ള ശക്തമായ മുന്നറിയിപ്പാണ് ഇതെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. ടിബറ്റിലെ ബ്രഹ്മപുത്രയുടെ ശാഖയായ നദി തീരത്ത് വച്ചാണ് ചൈന സൈനികാഭ്യാസം നടത്തിയത്. അത്യാധുനിക ടൈപ്പ് 96 യുദ്ധടാങ്കുകളും പീരങ്കികളും സൈനികാഭ്യാസത്തില്‍ സൈന്യം പ്രയോഗിച്ചതായാണ് റിപ്പോര്‍ട്ട്.

ദോക് ലാ മേഖലയില്‍നിന്നു ഇന്ത്യന്‍ സൈന്യം അടിയന്തരമായി പിന്മാറണമെന്നു ആവശ്യപ്പെട്ടതിനു തൊട്ടടുത്തദിവസമാണ് സേനാപ്രകടനത്തിന്റെ വാര്‍ത്തകളും ദൃശ്യങ്ങളും പുറത്തുവന്നത്. ഇന്ത്യ ചൈന അതിര്‍ത്തിയില്‍ ദിവസങ്ങളായി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. തര്‍ക്കപ്രദേശമായ ദോക് ലായില്‍ ചൈന റോഡുപണി നടത്താന്‍ തീരുമാനിച്ചതാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കം. തര്‍ക്കഭൂമിയിലെ റോഡു നിര്‍മ്മാണത്തിനെതിരെ ഭൂട്ടാനാണ് ആദ്യം രംഗത്തെത്തിയത്. തുടര്‍ന്ന് ഭൂട്ടാന്‍ ഇന്ത്യയുടെ സഹായവും അഭ്യര്‍ത്ഥിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.