1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 24, 2018

സ്വന്തം ലേഖകന്‍: പാക് അതിര്‍ത്തി കടന്ന് ഇന്ത്യന്‍ എഫ്എം പ്രക്ഷേപണം; നടപടി പാക് റേഡിയോ പരിപാടികള്‍ക്കുള്ള മറുപടി. ഇതിനായി അട്ടാരിയിലെ ഇന്ത്യ പാക്ക് അതിര്‍ത്തിയില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ഗരിന്‍ഡ ഗ്രാമത്തില്‍ ഇന്ത്യ 20 കിലോവാട്ട് ഫ്രീക്വന്‍സി മോഡുലേഷന്‍ (എഫ്എം) ട്രാന്‍സ്മിറ്റര്‍ സ്ഥാപിച്ചു. തിങ്കളാഴ്ച തുടങ്ങുന്ന എഫ്എം റേഡിയോ സര്‍വീസ് അമൃത്‌സറില്‍നിന്നുള്ള ആദ്യ എഫ്എം പ്രക്ഷേപണമാണ്.

നേരത്തെ പാക് റേഡിയോയില്‍ നിന്നുള്ളവ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ വരെ കേള്‍ക്കാനാകുമ്പോള്‍ പഴയ സാങ്കേതികവിദ്യയായ ആംപ്ലിറ്റിയൂഡ് മൊഡ്യുലേറ്റഡ് (എഎം) റേഡിയോ സര്‍വീസ് ആയിരുന്നു ഇന്ത്യ ഉപയോഗിച്ചിരുന്നത്. 90 കിലോമീറ്റര്‍ ചുറ്റളവില്‍ ലഭ്യമാകുന്ന എഫ്എമ്മിലെ പരിപാടികള്‍ ഇന്ത്യയില്‍ മാത്രമല്ല, പാകിസ്താനിലും ലഭ്യമാകും. പാക്കിസ്ഥാനിലെ ഷെയ്ഖ്പുര, മുരിദ്‌കെ, കസൂര്‍ തുടങ്ങിയ ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ പരിപാടികള്‍ ലഭ്യമാകുക.

പാകിസ്താന്‍ സര്‍ക്കാരിന്റെ റേഡിയോ പരിപാടിയായ പഞ്ചാബി ദര്‍ബാറിനു മറുപടിയായാണ് ഇന്ത്യയുടെ നീക്കത്തെ വിലയിരുത്തുന്നത്. ഇന്ത്യയ്‌ക്കെതിരായി ഖലിസ്ഥാന്‍ വിഷയം ഉള്‍പ്പെടെ പ്രമേയമാക്കിയാണു കഴിഞ്ഞ 30 വര്‍ഷമായി പഞ്ചാബി ദര്‍ബാര്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് എഐആര്‍ (ഓള്‍ ഇന്ത്യ റേഡിയോ) അധികൃതര്‍ വ്യക്തമാക്കി.

1984ലെ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറില്‍ വധിച്ച ജര്‍ണയില്‍ സിങ് ബിന്ദ്രന്‍വാലയുടെ പ്രസംഗങ്ങള്‍ ഇപ്പോഴും പാക് റേഡിയോയില്‍ പ്രക്ഷേപണം ചെയ്യാറുണ്ട്. ഏഴുമണി മുതല്‍ 7.30 വരെ പ്രക്ഷേപണം ചെയ്യുന്ന പരിപാടി ആരംഭിക്കുക സിഖ് മതപ്രാര്‍ഥനയോടെയാണ്. പഞ്ചാബി ദര്‍ബാര്‍ എന്ന പരിപാടി ഇന്ത്യയിലെ മാജ്ഹ മേഖല വരെ കേള്‍ക്കാന്‍ സാധിക്കുമായിരുന്നു.

സാങ്കേതിക പ്രശ്‌നങ്ങളുണ്ടെങ്കിലും ഇപ്പോഴും അതിര്‍ത്തിയിലെ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ പാക്ക് റേഡിയോയില്‍നിന്നുള്ള ഈ പരിപാടി കേള്‍ക്കാം. ഇതിനെ മറികടക്കാനാണ് എഎം റേഡിയോ സര്‍വീസ് മാറ്റി എഫ്എം സ്ഥാപിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. പുതിയ സാങ്കേതിക വിദ്യയോടെ ഇന്ത്യയുടെ ദേശ് പഞ്ചാബ് പരിപാടി അതിര്‍ത്തിക്കപ്പുറവും തടസ്സങ്ങളില്ലാതെ കേള്‍ക്കാനാകും.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.