1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 26, 2020

സ്വന്തം ലേഖകൻ: രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ഡിസംബര്‍ 31 വരെ ഡി.ജി.സി.എ നീട്ടി. കൊവിഡ് കാല നിയന്ത്രണങ്ങൾ രാജ്യത്ത് തുടരുന്ന സാഹചര്യത്തിലാണ് നടപടി. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍റെ അനുമതിയുള്ള അന്താരാഷ്ട്ര വിമാനങ്ങൾക്ക് മാത്രമേ സർവീസ് നടത്താനാകൂ. കാർഗോ വിമാനങ്ങൾക്കും വന്ദേഭാരത് മിഷന്‍റെ ഭാഗമായുള്ള വിമാനങ്ങൾക്കും നിയന്ത്രണമുണ്ടാകില്ല. ഡി.ജി.സി.എ അനുമതി നൽകുന്ന മറ്റ് അന്താരാഷ്ട്ര വിമാനങ്ങൾക്കും സർവീസ് നടത്താം.

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കഴിഞ്ഞ മാർച്ചിലാണ് അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് രാജ്യത്ത് വിലക്കേർപ്പെടുത്തിയത്. പല ഘട്ടങ്ങളിലായി നിയന്ത്രണം ലഘൂകരിച്ചിരുന്നു. കൊവിഡ് വ്യാപനം വര്‍ധിച്ചുവരുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നുളള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ആഭ്യന്തരമന്ത്രാലയം. കേന്ദ്രത്തിന്റെ അനുമതിയില്ലാതെ സംസ്ഥാനങ്ങളോ കേന്ദ്രഭരണപ്രദേശങ്ങളോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ പാടില്ലെന്ന്‌ മന്ത്രാലയം പുറത്തിറക്കിയ പുതിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നു.

എന്നാല്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതിന് അനുവാദം നല്‍കിയിട്ടുണ്ട്. ‘സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സ്ഥിതിഗതികള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി രാത്രി കര്‍ഫ്യൂ പോലുളള പ്രാദേശികമായ നിയന്ത്രണങ്ങളേര്‍പ്പെടുത്താം.’ എന്നാല്‍ ഈ നിയന്ത്രണങ്ങള്‍ സംസ്ഥാനത്തിനകത്തോ പുറത്തോ ഉളള ആളുകളുടെയും ചരക്കുകളുടെയും നീക്കത്തെ തടസ്സപ്പെടുത്തുന്നതാകരുത് എന്നും നിര്‍ദേശമുണ്ട്.

ഡിസംബര്‍ ഒന്നുമുതലായിരിക്കും പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ നിലവില്‍ വരുന്നത്. ഡിസംബര്‍ 31 വരെയായിരിക്കും പ്രാബല്യം. ഓണം, ദസ്സറ, ദീപാവലി തുടങ്ങിയ ആഘോഷങ്ങളെ തുടര്‍ന്ന് ഡല്‍ഹി, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, കേരളം എന്നിവിടങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചതിന്റെ പശ്ചാത്തലത്തിലും, ശൈത്യകാലം ആരംഭിച്ചതിന്റെ പശ്ചാത്തലത്തിലുമാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

കൊവിഡ് 19 നെ പൂര്‍ണമായി മറികടക്കാന്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. അതിനാല്‍ ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കണം. ജില്ലാ, പോലീസ്, മുനിസിപ്പല്‍ അധികൃതര്‍ ഇത് കര്‍ശനമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മൈക്രോ തലത്തില്‍ ജില്ലാ ഭരണകൂടം കണ്ടെയ്ന്‍മെന്റ് സോണുകള്‍ വേര്‍തിരിക്കണം. കണ്ടെയ്ന്‍മെന്റ് സോണുകളുടെ പട്ടിക വെബ്‌സൈറ്റുകളില്‍ അതത് ജില്ലാ കളക്ടര്‍മാരും, സംസ്ഥാനങ്ങള്‍/ കേന്ദ്രഭരണപ്രദേശങ്ങള്‍ അറിയിക്കും.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അവശ്യപ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം അനുമതി. കിത്സാ ആവശ്യത്തിനോ, അവശ്യ സാധനങ്ങളുടെയും സേവനങ്ങളുടെയും ലഭ്യത ഉറപ്പാക്കാനോ അല്ലാതെയുളള ആളുകള്‍ യാത്ര ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണം. വീടുകള്‍ തോറും നീരീക്ഷണം, പ്രൊട്ടോക്കോള്‍ പ്രകാരമുളള പരിശോധന, സമ്പര്‍ക്ക പട്ടിക കൃത്യമായി വേഗത്തില്‍ കണ്ടെത്തുക, കൊവിഡ് 19 രോഗികളെ വേഗത്തില്‍ ഐസൊലേഷനിലാക്കുകയും ചികിത്സ ഉറപ്പുവരുത്തുകയും ചെയ്യുക, തുടങ്ങിയവയാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നത്.

അന്താരാഷ്ട്ര വിമാനയാത്രക്കേര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍, ശേഷിയുടെ അമ്പതുശതമാനം മാത്രം അനുവദിച്ചുകൊണ്ട് തിയേറ്ററുകള്‍ പ്രവര്‍ത്തിക്കുക, കായിക താരങ്ങള്‍ക്ക് വേണ്ടിമാത്രം സ്വിമ്മിങ് പൂളുകള്‍ തുറക്കുക, ബിസിനസ് ആവശ്യത്തിന് മാത്രം എക്‌സിബിഷന്‍ ഹാളുകള്‍ തുറന്നുപ്രവര്‍ത്തിക്കുക തുടങ്ങിയ നിയന്ത്രണങ്ങള്‍ നിലനില്‍ക്കും. ഇതല്ലാതെയുളള കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തെ മറ്റെല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്.

സാമൂഹിക/മതപര/ കായിക/ വിനോദ/ വിദ്യാഭ്യാസ/ സാംസ്‌കാരിക ഒത്തുചേരലുകള്‍ക്ക് പങ്കെടുക്കാവുന്ന ആളുകളുടെ പരമാവധി എണ്ണം പരിപാടി നടക്കുന്ന ഹാളിന്റെ ശേഷിയുടെ അമ്പത് ശതമാനം ആയിത്തന്നെ തുടരും. അടച്ചിട്ട സ്ഥലങ്ങളില്‍ 200 പേര്‍ക്കും, തുറന്ന സ്ഥലങ്ങളില്‍ മൈതാനത്തിന്റെ വലിപ്പവും അനുസരിച്ചായിരിക്കും പ്രവേശനം. സ്ഥിതിഗതികള്‍ വിലയിരുത്തി സംസ്ഥാന-കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്ക് അടച്ചിട്ട സ്ഥലങ്ങളില്‍ 200 പേര്‍ക്ക് എന്നുളളത് നൂറായി കുറയ്ക്കാനും അനുമതി നല്‍കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.