1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 26, 2020

സ്വന്തം ലേഖകൻ: കൊവിഡിനെത്തുടർന്നു രാജ്യം വിട്ട ഇന്ത്യൻ പ്രവാസികൾ തിരിച്ചെത്തുമെന്ന പ്രതീക്ഷയുണ്ടെന്നും അവർക്കായി വാതിലുകൾ തുറന്നിട്ടിരിക്കുന്നുവെന്നും യുഎഇ മനുഷ്യവിഭവശേഷി മന്ത്രി നാസർ ബിൻ താനി അൽഹംലി പറയുന്നു. ആയിരക്കണക്കിനു പ്രവാസികൾക്കു പുതുപ്രതീക്ഷ പകരുന്നതാണ് ഈ വാക്കുകൾ. യുഎഇ സന്ദർശനത്തിനെത്തിയ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറുമായി മന്ത്രി ഇന്നു കൂടിക്കാഴ്ച നടത്തുമ്പോൾ മുഖ്യവിഷയമാകുന്നതും ഇന്ത്യക്കാരുടെ മടങ്ങിവരവു തന്നെ.

“വീണ്ടും ജീവിതം പച്ചപിടിപ്പിക്കാനാഗ്രഹിക്കുന്ന ഇന്ത്യക്കാർക്കു മുന്നിൽ ഒട്ടേറെ അവസരങ്ങുള്ള, അവരെ സൗഹൃദത്തോടെ കാണുന്ന ഇടമായി യുഎഇ തുടരുക തന്നെ ചെയ്യും. യുഎഇയുടെ സമ്പദ്‍വ്യവസ്ഥയും കൊവിഡ് ആഘാതത്തെ മറികടന്നു തിരിച്ചുവരവിന്റെ പാതയിലാണ്,” മന്ത്രി നാസർ ബിൻ താനി അൽഹംലി പറയുന്നു.

മേയ് 25 ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ നടന്ന സംഭാഷണത്തിന്റെ തുടർച്ചയാണു മന്ത്രിതല കൂടിക്കാഴ്ച. കൊവിഡ് മൂലം രാജ്യാന്തര ബന്ധങ്ങളിലുണ്ടായ താൽക്കാലിക തടസ്സം പരിഹരിക്കാനും പുതിയ വെല്ലുവിളികളെ നേരിടാൻ പര്യാപ്തമായ രീതിയിൽ സഹകരണം ശക്തമാക്കാനും ലക്ഷ്യമിട്ടാണു ചർച്ചകൾ.

ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം എല്ലാക്കാലവും സുദൃഢമാണ്. സ്വകാര്യ സംരംഭകർക്കു പങ്കാളിത്തമുള്ളതടക്കം ഒട്ടേറെ സംയുക്തപദ്ധതികളാണ് ഈയടുത്തു നടപ്പായതെന്നതും ശ്രദ്ധേയം. ഉദാഹരണത്തിന്, ദുബായ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഈയിടെ സംഘടിപ്പിച്ച വെർച്വൽ ദുബായ് ടെക് ടൂറിൽ സാങ്കേതിക, ആരോഗ്യ രംഗങ്ങളിലെ 15 ഇന്ത്യൻ കമ്പനികളാണു പങ്കെടുത്തത്. ഈ നൂതന സംരംഭത്തിന്റെ ഫലമായി ഇന്ത്യൻ കമ്പനികൾക്കു ദുബായ് വ്യവസായ ലോകവുമായുള്ള അടുപ്പം വർധിച്ചെന്നു പറയുന്നു ദുബായ് ചേംബേഴ്സ് ഇന്റർനാഷനൽ ഓഫിസിലെ മുഖ്യ പ്രതിനിധി സമീർ നവനി.

യുഎഇ പൊതു,സ്വകാര്യ രംഗത്തുള്ള ഓഹരി ഉടമകളുമായി നടന്ന 160 യോഗങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള 600 വ്യവസായ പ്രമുഖർ ഭാഗമായി. ഈ കൂട്ടായ്മയിലൂടെ 30ൽ അധികം നിക്ഷേപകരുമായി ഇന്ത്യൻ വ്യവസായികൾക്ക് ധാരണയിൽ എത്താൻ കഴിഞ്ഞു. ഭക്ഷ്യസുരക്ഷ, ആരോഗ്യ പരിചരണം എന്നീ മേഖലകളിലും സഹകരണ സാധ്യത തേടുന്നു.

ഇന്ത്യ- യുഎഇ സൗഹൃദത്തെ മുന്നോട്ടുകൊണ്ടുപോകുന്ന ഹൈ ലെവൽ ടാസ്ക് ഫോഴ്സ് ഓൺ ഇൻവെസ്റ്റ്മെന്റും യുഎഇ-ഇന്ത്യാ സംയുക്ത സമിതിയും ഈയിടെ പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന മേഖലകളെക്കുറിച്ചുള്ള ചർച്ചകളാണ് ഇനി തുടങ്ങേണ്ടത്. അതിനുള്ള ചവിട്ടുപടിയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ യുഎഇ സന്ദർശനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.