1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 25, 2016

സ്വന്തം ലേഖകന്‍: ഫ്രഞ്ച് കമ്പനിയുടെ സഹായത്തോടെ ഇന്ത്യ നിര്‍മിക്കുന്ന ആറ് അന്തര്‍വാഹിനികളുടെ രഹസ്യങ്ങള്‍ ചോര്‍ന്നു. ഫ്രഞ്ച് കമ്പനി ഡിസൈന്‍ ചെയ്ത് ഇന്ത്യയില്‍ നിര്‍മിക്കുന്ന സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനികളുടെ രഹസ്യ വിവരങ്ങള്‍ അടങ്ങിയ 22,400 പേജുകളാണ് പുറത്തായത്. ദി ഓസ്‌ട്രേലിയന്‍ എന്ന പത്രത്തിന്റെ വെബ്‌സൈറ്റിലാണ് രേഖകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ഫ്രഞ്ച് കമ്പനി ഡിസിഎന്‍എസിന് 23,500 കോടി രൂപ നല്‍കിയാണ് ഇന്ത്യ ആറ് അന്തര്‍വാഹിനികള്‍ക്കുള്ള ഡിസൈനും സാങ്കേതികവിദ്യയും നേടിയത്. ഇതുപ്രകാരമുള്ള ആദ്യ അന്തര്‍വാഹിനി (പേര് കല്‍വറി) മേയ് മാസത്തില്‍ നീറ്റിലിറക്കിയിരുന്നു. അടുത്തമാസം അതിനെ ഐഎന്‍എസ് കല്‍വറി എന്നു പേരിട്ട് ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാക്കാന്‍ ഇരുന്നതാണ്.

രഹസ്യം ചോര്‍ന്നത് ഇന്ത്യയില്‍നിന്നാകാം എന്ന സൂചന ഫ്രഞ്ച് കമ്പനി നല്‍കി. എന്നാല്‍, ഇന്ത്യ ആ സാധ്യത തള്ളിക്കളഞ്ഞു. ഫ്രഞ്ച് കമ്പനിയോടു യാഥാര്‍ഥ്യം അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശ്‌നം ഗൗരവമായി എടുത്തതിനെ തുടര്‍ന്നാണു പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ഫ്രഞ്ചുകാരോടു കടുത്ത നിലപാടിലായത്.

മുങ്ങിക്കപ്പലിന്റെ ഘടന മാത്രമല്ല അതിന്റെ പ്രവര്‍ത്തന മാനുവല്‍ അപ്പാടെ തന്നെ പുറത്തുവന്ന രേഖകളില്‍ ഉണ്ട്. രേഖകള്‍ ചോര്‍ത്തിയതിനു പിന്നില്‍ വ്യാപാര മത്സരമാണെന്നും സംശയമുണ്ട്. ഓസ്‌ട്രേലിയ ഈയിടെ സ്‌കോര്‍പീല്‍ വാങ്ങാന്‍ കരാര്‍ നല്‍കിയിരുന്നു. ജര്‍മനിയിലെ തൈസണ്‍ക്രുപ്പ് ഗ്രൂപ്പ്, ജപ്പാനിലെ മത്‌സുബിഷിയും കവാസാകിയും ചേര്‍ന്നുള്ള ഒരു കമ്പനി എന്നിവയെ മറികടന്നാണു ഫ്രഞ്ച് ഡിസിഎന്‍എസ് ഓസ്‌ട്രേലിയന്‍ നേവിയുടെ ഉടമ്പടി നേടിയത്.

റെസ്ട്രിക്ടഡ് (നിയന്ത്രിതം) എന്നു രേഖപ്പെടുത്തിയ രേഖകളാണു പത്രം പുറത്തുവിട്ടത്. ഇതു കമ്പനി നല്‍കിയ പേരാണ്. ചില കടലാസുകളില്‍ ഇന്ത്യന്‍ നാവികസേനയുടെ പേരും മുദ്രയും ഉണ്ട്. വാങ്ങലുകാരുടെ പേരും മുദ്രയും രേഖകളില്‍ ചേര്‍ക്കുന്നതു പതിവാണ്. അതല്ലാതെ രേഖ ഇന്ത്യയില്‍ വന്നിട്ടാണു പുറത്തായതെന്ന സൂചന അതിലില്ലെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.