1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 8, 2015

ഐപിഎല്‍ എട്ടാം പതിപ്പിലെ ആദ്യമത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഏഴു വിക്കറ്റിന്റെ ജയം. ശക്തരായ മുംബൈ ഇന്ത്യന്‍സിനെയാണ് നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത തകര്‍ത്തത്. ആദ്യം ബാറ്റു ചെയ്ത മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 168 എന്ന സ്‌കോറിനെ 18.3 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത മറികടന്നു.

മുംബൈ നിശ്ചിത ഇരുപത് ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തു. 65 പന്തില്‍ 98 റണ്‍സെടുത്ത നായകന്‍ രോഹിത് ശര്‍മ്മയുടെയും 41 പന്തില്‍ 55 റണ്‍സെടുത്ത കോറി ആന്‍ഡേഴ്‌സന്റെയും ബാറ്റിംഗ് മികവിലായിരുന്നു മുംബൈ ഭേദപ്പെട്ട സ്‌കോറിലേക്ക് കുതിച്ചെത്തിയത്. രണ്ട് റണ്‍സ് അകലത്തിലാണ് രോഹിത്തിന് സെഞ്ച്വറി നഷ്ടമായത്. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടപ്പെട്ട് പരുങ്ങലിലായ മുംബൈയെ രോഹിത്തും ആന്‍ഡേഴ്‌സണും ചേര്‍ന്നാണ് കരയ്ക്ക് അടുപ്പിച്ചത്.

എന്നാല്‍ തുടക്കം മുതലെ ബാറ്റ് വീശി കളിച്ച കൊല്‍ക്കത്തയ്ക്ക് അധികം സമ്മര്‍ദ്ദമില്ലാതെ ലക്ഷ്യത്തിലെത്താന്‍ സാധിച്ചു. നായകന്‍ ഗൗതം ഗംഭീറിന്റെ (57) അര്‍ദ്ധ സെഞ്ച്വറിയും മനീഷ് പാണ്ഡെയുടെ തകര്‍പ്പന്‍ ബാറ്റിംഗുമാണ് കൊല്‍ക്കത്തയുടെ വിജയത്തിനുള്ള അടിത്തറ പാകിയത്. പിന്നാലെയെത്തിയ സൂര്യ കുമാര്‍ യാദവ് (46) റണ്‍സ് നേടിയതോടെ എട്ടാം സീസണിലെ ആദ്യ വിജയം കൊല്‍ക്കത്തയ്ക്ക് ലഭിച്ചു.

ടോസ് നഷ്ടപ്പെട്ട മുംബൈയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. രണ്ടാം ഓവറില്‍ ഓവറില്‍ തന്നെ അഞ്ചു റണ്‍സുമായി ആരോണ്‍ ഫിഞ്ച് പുറത്തായി. പിന്നാലെ ഏഴു റണ്‍സെടുത്ത ആദിത്യ ടെയ്‌റും ഔട്ടായി. അമ്പാട്ടി റെയ്ഡു ഒരു റണ്‍സുമെടുക്കാതെ പവലിയനിലേക്ക് മടങ്ങി. പിന്നീട് നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന രോഹിത്തും ആന്‍ഡേഴ്‌സണുമാണ് മുംബൈയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. കൊല്‍ക്കത്തയ്ക്കായി മോര്‍ക്കല്‍ രണ്ടു വിക്കറ്റും ഷാഹിബ് അല്‍ ഹസന്‍ ഒരു വിക്കറ്റും വീഴ്ത്തി. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം നടന്നത്.

കൊല്‍ക്കത്തയ്ക്ക് വേണ്ടി രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയ മോര്‍ണി മോര്‍ക്കലാണ് മാന്‍ ഓഫ് ദ് മാച്ച്. ഒരു ലക്ഷം രൂപയുടെ ചെക്കാണ് മോര്‍ക്കലിന് ലഭിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.