1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 14, 2017

സ്വന്തം ലേഖകന്‍: കുവൈത്ത് യുദ്ധകാലത്ത് ആയുധ കച്ചവടത്തിലൂടെ ബ്രിട്ടന്‍ വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയതായി വെളിപ്പെടുത്തുന്ന രഹസ്യ രേഖകള്‍ പുറത്ത്. യുദ്ധം കൊടുമ്പിരി കൊണ്ടിരുന്ന 1990 ആഗസ്റ്റ് 19 ന് ബ്രിട്ടന്റെ ആയുധ സമാഹരണ മന്ത്രിയായിരുന്ന അലന്‍ ക്ലാര്‍ക്ക്, മാര്‍ഗരറ്റ് താച്ചറിന് അതീവ രഹസ്യസ്വഭാവമുള്ളതെന്ന് മുദ്രവെച്ച് നല്‍കിയ മെമ്മോ അടക്കമുള്ള രേഖകളാണ് പുറത്തുവന്നിട്ടുള്ളത്. സര്‍ക്കാര്‍ രേഖകള്‍ സൂക്ഷിക്കുന്ന ബ്രിട്ടന്റെ നാഷനല്‍ ആര്‍കൈവ്‌സാണ് ഈ രേഖകള്‍ പുറത്തുവിട്ടത്.

അധിനിവേശ കാലത്ത് ഗള്‍ഫ് രാജ്യങ്ങളില്‍ ക്ലാര്‍ക്ക് നിരന്തരം നടത്തിയ സന്ദര്‍ശനങ്ങളില്‍ ഇറാഖിനെതിരെ അടിയന്തരമായി കടുത്ത നടപടി സ്വീകരിക്കാന്‍ താന്‍ പ്രേരിപ്പിച്ചുവെന്ന് ക്ലാര്‍ക്ക് താച്ചറിനെ അറിയിക്കുന്നുണ്ട്. ആയുധ വിപണിയില്‍ യു.എസിനുപിന്നില്‍ കഴിഞ്ഞ പത്തു വര്‍ഷമായി രണ്ടാം സ്ഥാനത്ത് തുടരാന്‍ യു.കെയെ സഹായിച്ചത് കുവൈത്ത് അധിനിവേശകാലത്ത് ഗള്‍ഫ് രാഷ്ട്രങ്ങളുമായി നടത്തിയ ആയുധക്കച്ചവടമാണെന്ന് രേഖകള്‍ ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാറിന്റെ ഡിഫന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓര്‍ഗനൈസേഷന്റെ 2016 ലെ കണക്ക് പ്രകാരം ഉദ്ദേശം 50,000 കോടി രൂപയുടെ ആയുധക്കരാറാണ് യു.കെ നടത്തിയത്. ഉപഭോക്താക്കളില്‍ പാതിയും ഗള്‍ഫ് രാജ്യങ്ങളാണ്. ഗള്‍ഫ് രാജ്യങ്ങളിലെ പ്രതിരോധ തലവന്മാരുമായി നിരന്തരബന്ധം പുലര്‍ത്താന്‍ ക്ലാര്‍ക്ക് തന്റെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് തെളിയിക്കുന്ന രേഖകളും പുറത്തുവിട്ടിട്ടുണ്ട്. ഗള്‍ഫ് യുദ്ധം കഴിഞ്ഞ് ദശാബ്ദങ്ങള്‍ പിന്നിട്ടെങ്കിലും സയുധ സംഘര്‍ഷങ്ങളോടുള്ള ബ്രിട്ടന്റെ മനോഭാവം ഇന്നും മാറ്റമില്ലാതെ തുടരുകയാണെന്ന് രാഷ്ട്രീയ വിമര്‍ശകര്‍ കുറ്റപ്പെടുന്നു.

പ്രതിരോധ വിവരങ്ങള്‍ പങ്കുവെക്കുന്നത് സംബന്ധിച്ച് യു.എസുമായി നിലനില്‍ക്കുന്ന കരാര്‍ ലംഘിക്കപ്പെടാതെതന്നെ ഗള്‍ഫ് രാജ്യങ്ങള്‍ നിരന്തരം സന്ദര്‍ശിച്ച് അവര്‍ക്ക് ‘ബ്രീഫിങ്’ നല്‍കണമെന്നും അത്തരം സന്ദര്‍ശനങ്ങള്‍ ആയുധക്കയറ്റുമതി വിഭാഗത്തിന് (ഡി.എസ്.ഒ) വലിയ സഹായകമാവുമെന്നും ക്ലാര്‍ക്ക് ഒരു മുതിര്‍ന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥന് നല്‍കിയ കത്തില്‍ പറയുന്നു. നിങ്ങളെ സഹായിക്കുന്നതില്‍ ഫ്രാന്‍സിനേക്കാള്‍ മുന്‍പന്തിയിലുണ്ടായിരുന്നത് ബ്രിട്ടനാണെന്ന് ഗള്‍ഫ് ഭരണാധികാരികളെ ബോധ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് താച്ചറുടെ പ്രൈവറ്റ് സെക്രട്ടറി ചാള്‍സ് പവല്‍ ക്ലാര്‍ക്കിന് നല്‍കിയ മെമ്മോയും പുറത്തുവന്ന രേഖകളില്‍പ്പെടും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.