1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 24, 2019

സ്വന്തം ലേഖകന്‍: കണ്ണൂരില്‍നിന്ന് ഉഡാന്‍ സര്‍വീസുകള്‍ വെള്ളിയാഴ്ച മുതല്‍; മെട്രോ നഗരങ്ങളിലേക്ക് പറക്കാന്‍ ഇന്‍ഡിഗോ; കരിപ്പൂരില്‍ നിന്ന് എയര്‍ ഇന്ത്യയുടെ വലിയ വിമാനങ്ങളുടെ സര്‍വീസ് ഉടന്‍. കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഉഡാന്‍ സര്‍വീസുകള്‍ വെള്ളിയാഴ്ച മുതല്‍ തുടങ്ങും. ഹൈദരാബാദ്, ചെന്നൈ, ഹുബ്ബള്ളി, ബെംഗളൂരു, ഗോവ എന്നിവിടങ്ങളിലേക്ക് ഇന്‍ഡിഗോ പ്രതിദിന സര്‍വീസുകള്‍ നടത്തും. 74 പേര്‍ക്കിരിക്കാവുന്ന എ.ടി.7 വിമാനങ്ങളാണ് ഇന്‍ഡിഗോ സര്‍വീസുകള്‍ക്ക് ഉപയോഗിക്കുക. രാവിലെ 9.15ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് 11 മണിക്ക് ഹൈദരാബാദിലെത്തും. തിരിച്ച് 11.35ന് പുറപ്പെട്ട് 1.25ന് കണ്ണൂരിലെത്തും.

ഉച്ചയ്ക്ക് 1.45ന് ചെന്നൈയിലേക്ക് പുറപ്പെടുന്ന വിമാനം 3.20ന് ചെന്നൈയിലെത്തും. ചെന്നൈയില്‍നിന്ന് വൈകീട്ട് നാലിന് പുറപ്പെട്ട് 5.30ന് കണ്ണൂരിലെത്തും. വൈകീട്ട് 5.50നാണ് ഹുബ്ബള്ളിയിലേക്കുള്ള സര്‍വീസ്. 7.05ന് എത്തും. തിരിച്ച് 7.25ന് ഹുബ്ബള്ളിയില്‍നിന്ന് പുറപ്പെട്ട് 8.45ന് കണ്ണൂരിലെത്തും. ബെംഗളൂരുവില്‍നിന്നുള്ള വിമാനം രാത്രി എട്ടിന് പുറപ്പെട്ട് 9.05ന് കണ്ണൂരിലെത്തും. കണ്ണൂരില്‍നിന്ന് തിരിച്ച് 9.25ന് പുറപ്പെട്ട് 10.30ന്‌ െബംഗളൂരുവില്‍ എത്തുന്ന വിധത്തിലാണ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

ഗോവയിലേക്ക് രാത്രി 10.05ന് പുറപ്പെട്ട് 11.35ന് എത്തിച്ചേരും. തിരിച്ച് 11.55ന് പുറപ്പെട്ട് 1.20ന് കണ്ണൂരിലെത്തും. ഉഡാന്‍ സര്‍വീസിനുള്ള വ്യവസ്ഥകളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവുകള്‍ അനുവദിച്ചതിനെത്തുടര്‍ന്നാണ് കിയാല്‍ സര്‍വീസുകള്‍ക്ക് സന്നദ്ധരായത്. ഉഡാന്‍ റൂട്ടുകളിലേക്ക് മൂന്നുവര്‍ഷത്തേക്ക് മറ്റു സര്‍വീസുകള്‍ അനുവദിക്കില്ലെന്ന നിബന്ധന കണ്ണൂരിനുവേണ്ടി ഇളവു ചെയ്തിരുന്നു. കണ്ണൂരില്‍നിന്ന് ഗോ എയര്‍ ആഭ്യന്തര സര്‍വീസുകള്‍ തുടങ്ങിയത് ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയല്ല.

ഗോ എയര്‍, ഇന്‍ഡിഗോ കമ്പനികളുടെ അന്താരാഷ്ട്ര സര്‍വീസുകളും കണ്ണൂരില്‍നിന്ന് ഉടന്‍ തുടങ്ങൂം. ഇന്‍ഡിഗോ കുവൈത്തിലേക്കും ദോഹയിലേക്കും മാര്‍ച്ച് 15 മുതല്‍ സര്‍വീസ് നടത്തും. ഗോ എയറിന്റെ മസ്‌കറ്റ് സര്‍വീസ് ഫെബ്രുവരി 28ന് തുടങ്ങും. ബഹ്‌റൈന്‍, ദമാം എന്നിവിടങ്ങളിലേക്കും കണ്ണൂരില്‍നിന്ന് സര്‍വീസുകളുണ്ടാകും.

അതേസമയം കരിപ്പൂരില്‍ നിന്ന് എയര്‍ ഇന്ത്യയുടെ വലിയ വിമാനങ്ങള്‍ ഉടന്‍ സര്‍വീസ് പുനരാരംഭിക്കും. വേനല്‍കാല ഷെഡ്യൂളില്‍ കരിപ്പൂരിനെ കൂടി ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്ന് വിമാനത്താവളം ഡയറക്ടര്‍ കെ. ശ്രീനിവാസ റാവു പറഞ്ഞു.കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും എയര്‍ ഇന്ത്യ വലിയ വിമാന സര്‍വീസ് തുടങ്ങുന്നതില്‍ നടപടി ക്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്.

വിശദമായ സാധ്യതാ പഠന റിപ്പോര്‍ട്ട് വിമാനത്താവള അതോറിറ്റി കേന്ദ്രകാര്യാലയത്തിന് കൈമാറി.കോഡ് ഇ വിഭാഗത്തിലെ നാല് തരം വിമാനങ്ങളെയാണ് റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഡി.ജി.സി.എയുടെ അന്തിമ അനുമതി ലഭിച്ചാലുടന്‍ ജിദ്ദ, റിയാദ് സെക്ടറില്‍ സര്‍വീസ് നടത്താനാണ് എയര്‍ ഇന്ത്യ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.