1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 18, 2015

സ്വന്തം ലേഖകന്‍: കരിപ്പൂര്‍ വിമാനത്താവളം ജുലൈ, ആഗസ്റ്റ് മാസങ്ങളില്‍ നാല് മണിക്കൂര്‍ നേരത്തേക്ക് ഭാഗികമായി അടച്ചിടാന്‍ തീരുമാനം. ഉച്ചക്ക് ഒന്ന് മുതല്‍ വൈകിട്ട് നാലു വരെയാണ് വിമാനത്താവളം അടച്ചിടുക. വിമാനത്താവളത്തിലെ റണ്‍വേ പുതുക്കല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണിത്.

നേരത്തെ മെയ് ഒന്ന് മുതല്‍ വിമാനത്താവളം ഉച്ചക്ക് 12 മുതല്‍ രാത്രി എട്ട് മണിവരെ എട്ട് മണിക്കൂര്‍ അടച്ചിടുന്നതിനും, കരിപ്പൂരില്‍ നിന്നുള്ള വലിയ വിമാനങ്ങളുടെ സര്‍വീസ് എട്ടു മാസത്തേക്ക് നിര്‍ത്തി വക്കാനും തീരുമാനിച്ചിരുന്നു.

എന്നാല്‍ വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന് റണ്‍വേ കാര്‍പെറ്റിംഗ് പ്രവര്‍ത്തികള്‍ സെപ്തംബറിലേക്ക് മാറ്റി. എങ്കിലും വലിയ വിമാനങ്ങള്‍ക്കുള്ള നിയന്ത്രണം ഈ മാസത്തോടെ നിലവില്‍ വരുമെന്നാണ് സൂചന. 12 മണി മുതല്‍ രാത്രി എട്ട് മണി വരെ വിമാനത്താവളം ഭാഗികമായി അടച്ചിടുന്നത് സെപ്തംബറിലെ ഉണ്ടാകുകയുള്ളു എന്നായിരുന്നു ഇതുവരെ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നിലപാട്.

ഇതില്‍ നിന്നു വ്യത്യസ്തമായി ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ നാല് മണിക്കൂര്‍ നേരത്തേക്ക് വിമാനത്താവളം ഭാഗികമായി അടച്ചിടാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. വലിയ വിമാനങ്ങള്‍ക്കുള്ള നിയന്ത്രണം താത്കാലികമാണെങ്കിലും അത് യാത്രക്കാരുടെ എണ്ണത്തേയും വിമാനത്താവളവുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരെയും കാര്യമായി ബാധിക്കും.

ഒപ്പം കയറ്റുമതി ഇറക്കുമതി മേഖലയുമായി ബന്ധപ്പെട്ടവര്‍ക്കും ഇത് തിരിച്ചടിയാകും. വിമാനത്താവളം അടച്ചിടുന്നതോടെ പഴം, പച്ചക്കറി കയറ്റുമതിയുമായി ബന്ധപ്പെട്ട് കഴിയുന്ന കര്‍ഷകര്‍ക്ക് തങ്ങളുടെ വിളകള്‍ വിറ്റഴിക്കാന്‍ മറ്റു മേഖലകള്‍ കണ്ടെത്തേണ്ടി വരും. വിദേശത്തേക്കും നാട്ടിലേക്കും യാത്ര ചെയ്യുന്ന പ്രവാസികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നേരിടേണ്ടി വരുന്ന കഷ്ടപ്പാടുകള്‍ക്ക് പുറമെയാണിത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.