1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 18, 2016

സ്വന്തം ലേഖകന്‍: കശ്മീരില്‍ കര്‍ഫ്യൂ തുടരുന്നു, സംഘര്‍ഷങ്ങളില്‍ 39 പേര്‍ കൊല്ലപ്പെട്ടു, 3000 ത്തോളം പേര്‍ക്ക് പരുക്ക്. ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കശ്മീര്‍ താഴ്വരയിലെ പത്ത് ജില്ലകളിലും പ്രഖ്യാപിച്ച കര്‍ഫ്യൂ തുടരുകയാണ്. മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് കര്‍ഫ്യൂ നിലനിര്‍ത്തുന്നതെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു. താഴ്‌വരയിലെ പല സ്ഥലങ്ങളിലും സേനയും നാട്ടുകാരും തമ്മില്‍ കല്ലേറും വെടിവപ്പും തുടരുകയാണ്.

സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ പൊലീസിനെയും അര്‍ധസൈനിക വിഭാഗങ്ങളെയും വന്‍തോതില്‍ വിന്യസിച്ചിട്ടുണ്ട്. ഇതിനായി നൂറു സൈനികര്‍ വീതമുള്ള 20 കമ്പനി സി.ആര്‍.പി.എഫ് ഭടന്മാരെ കൂടി കേന്ദ്രം ശ്രീനഗറിലേക്കയച്ചു. വടക്കന്‍ കശ്മീരിലെ മൂന്നു ജില്ലകളില്‍ എല്ലാ ടെലിഫോണ്‍ സംവിധാനങ്ങളും റദ്ദാക്കിയിരിക്കുകയാണ്. താഴ്വരയിലെ മറ്റ് ഏഴു ജില്ലകളില്‍ ബി.എസ്.എന്‍.എല്ലിന് മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തനാനുമതിയുള്ളത്.

മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ കഴിഞ്ഞ ഏഴു ദിവസമായി തടയപ്പെട്ടിരിക്കുകയാണ്. റെയില്‍ ഗതാഗതവും പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. സ്‌കൂളുകളും കോളജുകളുമടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി ഈ മാസം 24വരെ നീട്ടി. വേനലവധി കഴിഞ്ഞ് തിങ്കളാഴ്ച ക്‌ളാസുകള്‍ ആരംഭിക്കേണ്ടതായിരുന്നു.

കഴിഞ്ഞ ദിവസവും കശ്മീരിലെ പ്രദേശിക ദിനപത്രങ്ങള്‍ പ്രസിദ്ധീകരിച്ചില്ല. മാധ്യമ സ്ഥാപനങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തിയതിനെ തുടര്‍ന്നാണ് ഇംഗ്‌ളീഷ്, ഉര്‍ദു, കശ്മീരി ഭാഷകളിലുള്ള എല്ലാ പത്രങ്ങളും പ്രസിദ്ധീകരണം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. ഇത് രണ്ടാം ദിവസമാണ് പത്രങ്ങള്‍ പുറത്തിറങ്ങാതിരിക്കുന്നത്. ശ്രീനഗറിലെ പത്ര ഓഫിസുകളില്‍ വെള്ളിയാഴ്ച അര്‍ധരാത്രിയാണ് റെയ്ഡ് നടത്തിയത്.

പത്രപ്രവര്‍ത്തകരും ഉടമകളുമടക്കമുള്ളവര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിന് ശ്രീനഗറിലെ പ്രസ് കോളനിയില്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നു. റെയ്ഡിനെ ശക്തമായി അപലപിച്ച യോഗം, ഇത് അഭിപ്രായസ്വാതന്ത്ര്യത്തിന് നേരെയുള്ള കൈയേറ്റമാണെന്ന് പ്രസ്താവിച്ചു. യോഗത്തിനിടെ സര്‍ക്കാര്‍ വൃത്തങ്ങളെ ബന്ധപ്പെട്ടപ്പോള്‍ അടുത്ത മൂന്നു ദിവസം കടുത്ത കര്‍ഫ്യൂ നിയന്ത്രണമുള്ളതിനാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് യാത്രചെയ്യാനും പത്രവിതരണം നടത്താനും കഴിയില്‌ളെന്ന് അറിയിച്ചതിനാലാണ് പ്രസിദ്ധീകരണം നിര്‍ത്തിയതെന്നും പ്രസ്താവനയില്‍ പറഞ്ഞു.

കേബ്ള്‍ ടി.വി ചാനലുകള്‍ കഴിഞ്ഞ ദിവസം പ്രക്ഷേപണം പുനരാരംഭിച്ചിട്ടുണ്ട്. മാധ്യമങ്ങള്‍ക്കുനേരെ നടന്ന കൈയേറ്റത്തിനെതിരെ ഇന്ത്യ ജേണലിസ്റ്റ് യൂനിയനും രംഗത്തുവന്നിട്ടുണ്ട്. ഈ മാസം നാലിനാണ് ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി ജമ്മു കശ്മീര്‍ പൊലീസും സൈന്യവും നടത്തിയ സംയുക്ത ഓപറേഷനില്‍ കൊല്ലപ്പെട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.