1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 12, 2018

സ്വന്തം ലേഖകന്‍: ജമ്മുവിലെ കത്‌വയില്‍ എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവം; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കുതിരയെ മേക്കാന്‍ പോയ എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ആരാധനാലയത്തിലെ പ്രാര്‍ഥന ഹാളില്‍ മൂന്നു തവണയാണ് ബലാത്സംഗത്തിനിരയാക്കിയതെന്ന് പൊലീസിന്റെ കുറ്റപത്രം ഉദ്ധരിച്ച് ‘ഇന്ത്യന്‍ എക്‌സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ജമ്മുവിനടുത്ത കത്‌വയിലെ രസന ഗ്രാമത്തിലെ വീടിന് സമീപത്തുനിന്ന് ജനുവരി 10 നാണ് കുട്ടിയെ കാണാതായത്.

ഏഴു ദിവസത്തിനുശേഷം അടുത്തുള്ള കാട്ടില്‍നിന്ന് മൃതദേഹം കണ്ടെത്തി. കേസില്‍ ഏപ്രില്‍ ഒമ്പതിനാണ് 18 പേജുള്ള കുറ്റപത്രം ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചത്. എട്ടുപേരാണ് പ്രതിസ്ഥാനത്ത്. മൃതദേഹം കണ്ടെത്തിയ ശേഷം പ്രധാന പ്രതി വിവരം പുറത്തറിയാതിരിക്കാന്‍ സ്ഥലത്തെ പൊലീസുകാരന് ഒന്നര ലക്ഷം രൂപ കൈക്കൂലിയായി നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ബക്കര്‍വാല്‍ മുസ്‌ലിം നാടോടി സമുദായാംഗമാണ് കൊല്ലപ്പെട്ട ബാലിക.

കുട്ടിയെ തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും ബക്കര്‍വാല്‍ സമുദായത്തെ രസന ഗ്രാമത്തില്‍നിന്ന് ആട്ടിയോടിക്കാനുള്ള പദ്ധതിയുടെ ഭാഗമായിരുന്നുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. സമുദായത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ‘ഹിന്ദു ഏകത മഞ്ച്’ എന്ന സംഘടനയും ബി.ജെ.പി മന്ത്രിമാരായ ലാല്‍ സിങ്, ചന്ദര്‍ പ്രകാശ് ഗംഗ എന്നിവരും കേസിലെ പ്രതികള്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയതോടെ കത്‌വയില്‍ വര്‍ഗീയ പ്രശ്‌നങ്ങളും രൂക്ഷമായിരിക്കുകയാണ്.

ബലാത്സംഗത്തിന്റെയും കൊലയുടെയും സൂത്രധാരന്‍ റിട്ട. റവന്യൂ ഉദ്യോഗസ്ഥനായ സഞ്ചി റാം ആണെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഇയാളും മകന്‍ വിശാല്‍ ജംഗോത്ര, മരുമകന്‍ എന്നിവരും പിടിയിലായിട്ടുണ്ട്. സ്‌പെഷല്‍ പൊലീസ് ഓഫിസര്‍മാരായ ദീപക് ഖജൂരിയ, സുരീന്ദര്‍ കുമാര്‍, രസനയിലെ താമസക്കാരനായ പര്‍വേശ് കുമാര്‍, അസി.സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദത്ത, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ് എന്നിവരാണ് മറ്റു പ്രതികള്‍. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതാണ് ദത്തക്കും രാജിനുമെതിരായ കുറ്റം. ക്രൂരമായ പീഡനത്തിനാണ് പെണ്‍കുട്ടി ഇരയായതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.