1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 13, 2019

സ്വന്തം ലേഖകന്‍: മഴയുടെ ശക്തി കുറയുകയും ജനവാസമേഖലകളില്‍നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങുകയും ചെയ്തതോടെ സംസ്ഥാനം രണ്ടാം പ്രളയത്തില്‍നിന്നു കരകയറിത്തുടങ്ങുന്നു. മഴക്കെടുതി വന്‍ നാശംവിതച്ച മലപ്പുറത്തെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും തിങ്കളാഴ്ചയും തിരച്ചില്‍ തുടര്‍ന്നു. കവളപ്പാറയില്‍നിന്ന് തിങ്കളാഴ്ച ആറു മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു. പുത്തുമലയില്‍നിന്ന് കൂടുതലാരെയും കണ്ടെത്താനായില്ല.

ബുധനാഴ്ച രാവിലെവരെ വീണ്ടും ശക്തമായ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയതോടെ സംസ്ഥാനത്ത് ജാഗ്രത തുടരുന്നു. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ ദുരന്തമേഖലകളില്‍നിന്ന്, പ്രത്യേകിച്ച് മലയോരത്തുനിന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറിയവര്‍ രണ്ടുദിവസത്തേക്കുകൂടി തിരിച്ചുപോകരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. 15 മുതല്‍ മഴ കുറയുമെന്നാണ് ഇപ്പോഴത്തെ പ്രവചനം.

ബംഗാള്‍ ഉള്‍ക്കടലില്‍ പശ്ചിമബംഗാള്‍ തീരത്തിനടുത്ത് ന്യൂനമര്‍ദം രൂപ്പപെട്ടതാണ് വീണ്ടും മഴയ്ക്കു കാരണം. ചൊവ്വാഴ്ചയോടെ ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്പെടും. ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 15 മുതല്‍ മഴ കുറയും. കാറ്റ് ശക്തമാകാന്‍ ഇടയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍പ്പോകരുതെന്നും മുന്നറിയിപ്പുണ്ട്.

ആലപ്പുഴ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ജാഗ്രതയോടെയിരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. മഴക്കെടുതി വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലായിരുന്നു ഇത്. ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കാനായി മുഖ്യമന്ത്രി യാത്ര തിരിച്ചു. തിരുവനന്തപുരം എയര്‍ഫോഴ്!സ് ടെക്‌നിക്കല്‍ ഏരിയയില്‍ നിന്നും യാത്ര തിരിച്ച മുഖ്യമന്ത്രിക്കൊപ്പം റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂസെക്രട്ടറി വി വേണു, ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ എന്നിവരുമുണ്ട്. വ്യോമസേനയുടെ AN32 വിമാനത്തിലാണ് യാത്ര.

രാവിലെ ഒമ്പത് മണിയോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ സംഘം എത്തിച്ചേരും. അവിടെ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം സുല്‍ത്താന്‍ബത്തേരിയിലെത്തുന്ന ഇവര്‍ മേപ്പാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കും. ഉച്ചയ്ക്ക് ശേഷം മലപ്പുറത്തെത്തി റോഡ് മാര്‍ഗം ഉരുള്‍പൊട്ടലുണ്ടായ ഭൂതാനവും മുഖ്യമന്ത്രി സന്ദര്‍ശിക്കും. ദുരിതാശ്വാസ ക്യാംപുകളിലുള്ളവര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല