1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 15, 2015

സ്വന്തം ലേഖകന്‍: ഇന്ത്യന്‍ കോടീശ്വരനായ വിജയ് മല്യയുടെ കിംഗ് ഫിഷര്‍ വിമാന കമ്പനി പറക്കല്‍ നിര്‍ത്തിയെങ്കിലും പേരിനെങ്കിലും ഒരു സ്വകാര്യ വിമാനം അദ്ദേഹത്തിന് ഉണ്ടായിരുന്നു. എന്നാല്‍ ആ സ്വകാര്യ വിമാനവും ഇരുമ്പു വിലക്ക് വാങ്ങി തൂക്കി വില്‍ക്കുകയാണ് മുംബൈ കുര്‍ളയിലുള്ള സൈലന്റ് എന്റര്‍പ്രൈസസ് എന്ന കമ്പനി.

മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡാണ് 22 ലക്ഷം രൂപക്ക് വിമാനം ലേലത്തില്‍ വിറ്റത്. പതിനൊന്നു പേര്‍ക്കിരിക്കാവുന്ന എച്ച്എസ് 125 700 ബി ഇനത്തില്‍പ്പെട്ട വിമാനമാണിത്.

വിലക്കു വാങ്ങിയ വിമാനം പൊളിച്ച് ഇരുമ്പു വിലക്ക് തൂക്കി വില്‍ക്കാനാണ് പദ്ധതിയെന്ന് സൈലന്റ് എന്റര്‍പ്രൈസസ് വ്യക്തമാക്കി. കമ്പനി പൊളിക്കല്‍ നടപടികള്‍ തുടങ്ങുകയും ചെയ്തു.

എകദേശം 6.5 ടണ്‍ ഇരുമ്പു പൊളിച്ചു കഴിയുമ്പോള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് വിമാനത്താവള സൂപ്പര്‍വൈസര്‍ വ്യക്തമാക്കി. മുപ്പതു വര്‍ഷം പഴക്കമുള്ള വിമാനം മുമ്പ് ഒബ്‌റോയി ഗ്രൂപ്പിന്റെ കൈവശമായിരുന്നു. 2005 ലാണ് വിജയ് മല്യ വിമാനം സ്വന്തമാക്കിയത്.

വിമാനത്താവളങ്ങള്‍ ഉപയോഗിക്കുന്നതിന് നല്‍കേണ്ട വാടക നല്‍കാന്‍ കഴിയാതായതോടെയാണ് വിമാനം നിലത്തിറക്കാന്‍ കിംഗ് ഫിഷര്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഉപയോഗ്യശൂന്യമായ വിമാനം ലേലം വിളിച്ച് ഒഴിവാക്കാന്‍ മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് ഡിസംബര്‍ 2014 ന് അപേക്ഷ ക്ഷണിക്കുകയായിരുന്നു.

മുംബൈ വിമാനത്താവളത്തിന്റെ 19,000 ചതുരശ്ര അടി സ്ഥലം ഉപയോഗിച്ചിരുന്ന കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് ആ ഇനത്തില്‍ വിമാനത്താവള അധികൃതര്‍ക്ക് നല്‍കാനുള്ളത് 53 കോടി രൂപയാണ്. നേരത്തെ നല്‍കിയ രണ്ടു നോട്ടീസുകള്‍ക്കും വിമാനക്കമ്പനി മറുപടി നല്‍കാത്തതിനെ തുടര്‍ന്ന് അധികൃതര്‍ കമ്പനിയുടെ ഏഴു വിമാനങ്ങള്‍ പിടിച്ചുവച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.