1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 30, 2017

സ്വന്തം ലേഖകന്‍: കൊച്ചി മെട്രോ ഉദ്ഘാടനം ജൂണ്‍ 17 ന് ആലുവയില്‍, ചടങ്ങ് നിര്‍വഹിക്കാന്‍ നരേന്ദ്ര മോദിയെത്തും. ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്ന് പ്രധാന മന്ത്രിയുടെ ഓഫീസ് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. ജൂണ്‍ 17 ന് ആലുവയിലാവും ഉ്ദഘാടന ചടങ്ങുകള്‍ നടക്കുക. മെട്രോയ്ക്ക് ഉദ്ഘാടനകനായി പ്രധാനമന്ത്രിയെ ലഭിക്കുമോ എന്നറിയില്ലെന്നും ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള കത്തിനാണ് ഇപ്പോള്‍ പ്രധാന മന്ത്രിയുടെ ഓഫീസില്‍ നിന്നും മറുപടി ലഭിച്ചിരിക്കുന്നത്. മെട്രോ ഉദ്ഘാടനത്തിന് വരണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ക്ഷണം ഏപ്രില്‍ 11 ന് അദ്ദേഹത്തിന്റെ ഓഫീസിലേക്ക് അയച്ചു. മെയ് രണ്ടാംവാരം ഉദ്ഘാടനത്തിന് തീയതി നല്‍കണമെന്നാണ് അതില്‍ അവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ജൂണ്‍ 17നാണ് തീയതി ലഭിച്ചിരിക്കുന്നത്. കന്നിയാത്രയില്‍ മുഖ്യമന്ത്രിക്കൊപ്പം പ്രധാന മന്ത്രിയുമുണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിവരം.

സുരക്ഷാ പ്രശ്‌നങ്ങള്‍ ഇല്ലെങ്കിലാകും യാത്ര നടക്കുക. കേന്ദ്രമന്ത്രി വെങ്കയ്യനായിഡുവിനെയും പരിപാടിക്കായി മുഖ്യമന്ത്രി ക്ഷണിച്ചിട്ടുണ്ട്. രണ്ട് മാസത്തെ കാത്തിരിപ്പിന് ശേഷമാണ് പ്രധാനമന്ത്രിയുടെ സമയം പരിപാടിക്കായി ലഭിച്ചിരിക്കുന്നത്. മെട്രോയുടെ ഉദ്ഘാടനം മെയ് 30 നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും ഉദ്ഘാടനത്തിനായി പ്രധാന മന്ത്രിക്ക് വേണ്ടി അനന്തമായി കാത്തിരിക്കാന്‍ കഴിയില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ പറഞ്ഞത് വിവാദമായിരുന്നു.

പ്രധാന മന്ത്രിയെ സംസ്ഥാന സര്‍ക്കാര്‍ മനപൂര്‍വം ഒഴിവാക്കിയെന്നും പ്രധാന മന്ത്രിയുടെ അസൗകര്യം നോക്കിയാണ് ഉദ്ഘാടന തീയതി നിശ്ചയിച്ചതെന്നും ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും കുമ്മനം ആരോപിച്ചിരുന്നു. തുടര്‍ന്ന് കടകംപള്ളിയെ തള്ളി മുഖ്യമന്ത്രി രംഗത്തെത്തി.

മെട്രോ ഉദ്ഘാടനം മെയ് 30 ന് നടത്തണമെന്ന് സര്‍ക്കാര്‍ തലത്തില്‍ ഒരു തീരുമാനവുമില്ലെന്നും പ്രധാന മന്ത്രിയില്ലെങ്കില്‍ മറ്റാരെങ്കിലും ഉദ്ഘാടനം ചെയ്യണമെന്ന ആലോചനയും നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് അദ്ദേഹം ഇല്ലെന്ന് പറയുകയാണെങ്കില്‍ മാത്രമേ, മറ്റൊരാളുടെ കാര്യം ആലോചിക്കൂവെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. പ്രധാന മന്ത്രിയുടെ തിയതി ലഭിച്ചതോടെ ലോകോത്തര സൗകര്യങ്ങളുമായി യാത്രക്കാരെ കാത്തിരിക്കുകയാണ് കൊച്ചി മെട്രോ.

ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററിലാണ് ആദ്യ ഘട്ടടത്തില്‍ മെട്രോയുടെ സേവനം ലഭിക്കുക. 11 സറ്റേഷനുകളാണ് ഇതിനിടയിലുള്ളത്. ഇതുവരെ നടത്തിയ പരീക്ഷണ ഓട്ടങ്ങളെല്ലാം പൂര്‍ണമായും വിജയമായിരുന്നു. ആറു ട്രെയിനുകളാണ് പരീക്ഷണ ഓട്ടങ്ങള്‍ നടത്തിയത്. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള ദൂരം 25 മിനിട്ടുകൊണ്ട് എത്തും. മെട്രോയില്‍ ഒരു സമയം 975 പേര്‍ക്ക് യാത്ര ചെയ്യുവാന്‍ സാധിക്കും. സ്മാര്‍ട്ട് കാര്‍ഡുകള്‍ വഴിയായിരിക്കും ടിക്കറ്റ് സംവിധാനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.